ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ കരുത്തരായ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തു. യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടന്ന് കളിയില്‍ കേരളത്തിനായി 19-ാം മിനിറ്റില്‍ അബ്ദുള്‍ റഹീം, 66-ാം മിനിറ്റില്‍ ഇ. സജീഷ്, പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ നായകന് നിജോ ഗില്‍ബര്‍ട്ട് എന്നിവരാണ് ഗോളടിച്ചത്. 78-ാം മിനിറ്റില്‍ ദീപു മിര്‍ധ ആസാമിനായി ആശ്വാസ ഗോള്‍ കണ്ടെത്തി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം കളിയില്‍ ആധിപത്യം പുലര്‍ത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 19-ാം മിനിറ്റില്‍ ലീഡ് നേടി. ആസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഇടതുവിങ്ങില്‍ക്കൂടി പന്തുമായി മുന്നേറി മുഹമ്മദ് ആഷിഖ് നല്കിയ പാസ് ബോക്സിനുള്ളില്‍ നിന്ന് നല്ലൊരു ഷോട്ടിലൂടെ അബ്ദുള്‍ റഹീം വലയിലെത്തിച്ചു. തുടര്‍ന്നും മികച്ച നീക്കങ്ങള്‍ കേരള താരങ്ങള്‍ നടത്തിയെങ്കിലും ആദ്യപകതിയില്‍ പിന്നെ ഗോള്‍ ഉണ്ടായില്ല. ഇതിനിടെ രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ത്തട്ടി മടങ്ങുകയും ചെയ്തു.
പിന്നീട് 66-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. മുഹമ്മദ് ആഷിഖ് ഒരുക്കിയ അവസരത്തില്‍ നിന്ന് സജീഷാണ് ഗോളടിച്ചത്. 78-ാം മിനിറ്റില്‍ ആസാം ഒരു ഗോള്‍ മടക്കി. അവരുടെ സ്ട്രൈക്കര്‍ ദിപു മിര്ഥയാണ് ലക്ഷ്യം കണ്ടത്. പിന്നീട് കളി പരിക്ക് സമയത്തിലേക്ക് നീണ്ടു. 90+5-ാം മിനിറ്റില്‍ കേരളം പട്ടിക പൂര്‍ത്തിയാക്കി. മധ്യനിര താരം മുഹമ്മദ് സഫ്നീദ് ബോക്സിനുള്ളില്‍ നിജോ ഗില്‍ബര്‍ട്ടിന് പാസ് നല്കി. ഗില്‍ബര്‍ട്ട് രണ്ട് ആസാം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായില്ല.
23ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളം ഗോവയെ നേരിടും.
ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും വിജയത്തോടെ തുടങ്ങി. കരുത്തരായ മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇഞ്ചുറി സമയത്ത് പി.പി. ഷഫീലാണ് സര്‍വീസസിന്റെ വിജയഗോള്‍ നേടിയത്.
ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ കരുത്തരായ ഗോവ ആതിഥേയരായ അരുണാചലിനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം. കളിയുടെ 20-ാം മിനിറ്റില്‍ ഗോവയ്ക്കായി ഫെര്‍ണാണ്ടസ് ആദ്യ ഗോള്‍ നേടി. ഇതിനെതിരെ സിങ്ഫോ ആദ്യ പകുതിയിലും അഗങ് രണ്ടാം പകുതിയിലും ഗോളുകള്‍ നേടിക്കൊണ്ട് ആതിഥേയരെ മുന്നിലെത്തിച്ചു. പിന്നില്‍ നിന്ന ഗോവയ്ക്കായി മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ഫഹീസ് വിജയിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: