മിലാന്: സ്വന്തം തട്ടകമായ സാന്‍ സിറോയില്‍ സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ച് ഇന്റര്‍ മിലാന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം വിജയിച്ചത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്ട്ട്മുന്ഡും ഡച്ച് ക്ലബ്ബ് പിഎസ്വി ഐന്തോവനും സമനിലയില്‍ പിരിഞ്ഞു.
അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മികച്ച കളികാഴ്ച്ചവച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഇന്ററിന് വിനയായി. ടീമിന്റെ അര്‍ജന്റൈന്‍ നായകന് ലാത്തരോ മാര്‍ട്ടിനസ് മൂന്ന് അവസരങ്ങളാണ് പാഴാക്കിയത്. മാര്‍ട്ടിനെസിന്റെ ഗോള്‍ ശ്രമം റീബൗണ്ട് ചെയ്തതില്‍ നിന്നാണ് കളിയിലെ ഏക ഗോള്‍ ഇന്റര്‍ നേടിയെടുത്തത്. തുടക്കം മുതലേ മികച്ച പോരാട്ടം പുറത്തെടുത്തുകൊണ്ടിരുന്ന ഇറ്റാലിയന്‍ ക്ലബ്ബ് രണ്ടാം പകുതിയില്‍ 79-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. മാര്‍ട്ടിനെസിന്റെ ഷോട്ട് തടഞ്ഞിട്ട അത്ലറ്റിക്കോ ഗോളി യാന്‍ ഒബ്ലാക്കില് നിന്ന് തട്ടിയകന്ന റീബൗണ്ടിനെ ഇടത് വശത്തു കൂടി ഓടിയെത്തിയ ഓസ്ട്രിയന്‍ സ്ട്രൈക്കര്‍ മാര്‍കോ അര്‍ണോടോവിച് ഇടംകാലന്‍ ഷോട്ടില്‍ ഗോളാക്കിമാറ്റി.
രണ്ട് പകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇന്ററിന് കിട്ടിയത്. അത് ഫലവത്താക്കാതെ നോക്കിയതിന്റെ ക്രെഡിറ്റ് അത്ലറ്റിക്കോയുടെ സ്ലൊവേനിയക്കാരന്‍ ഗോളി ഒബ്ലാക്കിനും അവകാശപ്പെട്ടതാണ്. അത്ലറ്റിക്കോ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ അടുത്ത മാസം 14നാണ്.
ഡോര്ട്ട്മുന്ഡും ഐന്തോവനും തമ്മിലുള്ള ആദ്യപാദ പ്രീക്വാര്‍ട്ടര്‍ തീര്‍ത്തും വിരസമായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സമനിലയില്‍ പിരിഞ്ഞു. ഐന്തോവനിലായിരുന്നു ഇന്നലത്തെ മത്സരം. കളിയുടെ ആദ്യ പകുതിയില്‍ ഡോനിയെല് മാലെനിലൂടെ വിരുന്നുകാര് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി ഐന്തോവന് സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: