തെരഞ്ഞെടുപ്പില്‍ ഒഴിച്ചുകൂടാനാകത്ത ഘടകങ്ങളിലൊന്ന്… ഒരു കാലത്ത് വ്യാജവോട്ടര്‍മാര്‍ക്ക് പാരയായിരുന്ന നിറക്കൂട്ട്… രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ അതിനുവേണ്ടിയുള്ള മഷിയും ഇവിടെ തയാര്‍.
വോട്ടു രേഖപ്പെടുത്തിയതിന്റെ തെളിവായി വിരലുകളില്‍ പുരട്ടുന്ന പര്‍പ്പിള്‍ നിറത്തിന്റെ കാര്യമാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തും മുമ്പ് തന്നെ സംസ്ഥാനങ്ങളിലേക്ക് മഷിക്കുപ്പികള് എത്തിക്കഴിഞ്ഞു. കര്‍ണാടകയിലെ മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡിനാണ് മഷി നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള ചുമതല.
26.5 ലക്ഷം മഷിക്കുപ്പികള്ക്കുള്ള ഓര്‍ഡറാണുള്ളത്. ഇതിന്റെ 60 ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചതായി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെ. മുഹമ്മദ് ഇര്ഫാന് പറഞ്ഞു. 24 സംസ്ഥാനങ്ങളില്‍, അവിടേക്കാവശ്യമായ മുഴുവന്‍ മഷിയുമെത്തിച്ചു. മാര്‍ച്ച് 20നകം ബാക്കിയുള്ളവും എത്തിച്ചുനല്‍കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് മില്ലി ലിറ്ററുള്ള ഒരു കുപ്പി മഷി എഴുനൂറ് പേരുടെ വിരലുകളില്‍ പുരട്ടാനുള്ളതുണ്ട്. ഒരു വോട്ടിങ് സ്റ്റേഷനില്‍ പരമാവധി 1,200 വോട്ടര്‍മാരാണുണ്ടാവുക. വിരലില്‍ പുരട്ടിയാല്‍ മൂന്ന് ദിവസമെങ്കിലും തൊലിപ്പുറത്ത് നിന്ന് മഷി മായാതെയിരിക്കും. നഖത്തില്‍ ആഴ്ചകളോളവും. നഖം വളര്‍ന്ന് മാറുന്നതോടെയാകും മഷിയും വിരലില്‍ നിന്ന് മറയുക.
1962 മുതലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ മഷിയുണ്ടാക്കി തുടങ്ങിയത്. ദല്‍ഹി ആസ്ഥാനമായ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയാണ് മഷി വികസിപ്പിച്ചത്. തെരഞ്ഞെടുപ്പിനല്ലാതെ ഈ പ്രത്യേക നിറക്കൂട്ട് ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുവാദം നല്‍കിയത് കൊവിഡ് കാലത്ത് മാത്രമാണ്. ക്വാറന്റൈനിലാണെന്നതിന്റെ അടയാളത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: