തിരുവനന്തപുരം: ആര്‍എസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സംഭവത്തിന് തലേന്ന് സിപിഎം മണ്ണന്തല ലോക്കല്‍ കമ്മിറ്റി ഓഫീസിനു സമീപം പാര്‍ട്ടി ഓഫീസില്‍ നിന്നും ഇറങ്ങി വന്നയാളും കേസിലെ മൂന്നാം പ്രതിയും സിപിഎം നേതാവുമായ ഹരിപ്രസാദുമായി കൂടിയാലോചന നടത്തുന്നത് കണ്ടതായി കേസിലെ സാക്ഷി മൊഴി നല്കി. കേസിലെ വിചാരണ നടക്കുന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആജ് സുദര്ശന് മുമ്പാകെയാണ് മൊഴി നല്‍കിയത്.
കേസിലെ പതിമൂന്നാം സാക്ഷിയായ സജിത്തിന്റെ സാക്ഷി വിസ്താരവേളയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് സാക്ഷി ഇപ്രകാരം മൊഴി നല്‍കിയത്. രഞ്ജിത്തിന് മുമ്പ് പല ദിവസങ്ങളിലും രാഷ്ട്രീയ ശത്രുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി വ്യക്തമാക്കിയ സാക്ഷി, കോടതിയില്‍ ഉണ്ടായിരുന്ന മൂന്നാം പ്രതി ഹരിപ്രസാദിനെയാണ് തലേ ദിവസം കണ്ടതെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇതിനിടെ കേസിലെ ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണ കുമാറിനെ കേസിന്റെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയ സമയം പോലിസ് വാഹനത്തിന് ഉള്ളില്‍ വെച്ച് പ്രതി, മറ്റൊരു കേസിലെ പ്രതിയെ ആക്രമിച്ച് മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് കനത്ത പോലിസ് സുരക്ഷയിലാണ് കോടതയില്‍ എത്തിച്ചത്. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് എട്ട് പ്രതികളെ ദൃക്സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍, കെ. വി. ഹേമരാജ്, വി.ജി. ഗിരികുമാര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: