തിരുവനന്തപുരം: അക്യുപങ്ചര്‍ ചികിത്സ നല്കി പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ മണക്കാട് സ്വദേശി നയാസിനെ നേമം പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.
യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗുരുതര കുറ്റകൃതമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് സ്വദേശി നയാസിന്റെ രണ്ടാം ഭാര്യ നേമം പഴയകാരയ്ക്കാ മണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നില്‍ എസ്ആര്‍ 39 എയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീറ ബീവി(36)യാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. നവജാത ശിശുവും മരിച്ചു. ബീമാപള്ളിയില്‍ അക്യുപഞ്ചര്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണ് യുവതിയെ ചികിത്സിച്ചിരുന്നത്. മൂന്ന് മക്കളുടെ അമ്മയാണ് ഷമീറ ബീവി. മൂന്ന് പ്രസവവും സിസേറിയന് മുഖാന്തിരമായിരുന്നു.
എന്നാല്‍ നാലാമത്തേത് സുഖപ്രവസം നടത്താനെന്ന പേരിലാണ് അക്യുപങ്ചര്‍ ചികിത്സ നല്കി വീട്ടില്‍ വച്ച് പ്രസവിപ്പിച്ചത്. നയാസിന്റെ ആദ്യഭാര്യയും അക്യുപങ്ചര്‍ പഠിക്കുന്ന ഇവരുടെ മകളും ചേര്‍ന്നാണ് പ്രസവ ശുശ്രൂഷ നടത്തിയത്. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി ബോധരഹിതയായ ഷമീറയെ നാട്ടുകാര്‍ ഇടപെട്ട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാലക്കാട് പട്ടാമ്പയിലെ ഷമീറയുടെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
അതിനിടെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. അന്വേഷണത്തില്‍ പോലീസിനും വീഴ്ച സംഭവിച്ചു. ഗര്‍ഭാവസ്ഥയിലായിട്ടും ആശുപത്രിയില്‍ ചികിത്സ നടത്താന്‍ ഭര്‍ത്താവ് നയാസ് അനുവദിക്കുന്നില്ലെന്ന് ഷമീറ ബീവി സമീപവാസികളോട് പറഞ്ഞിരുന്നു. സമീപ വാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൗണ്‍സിലറും വീട്ടില്‍ എത്തിയെങ്കിലും ഇവരോട് സംസാരിക്കാന്‍ ഷമീറാ ബീവിയെ നയാസ് അനുവദിച്ചില്ല. വിവരങ്ങള്‍ നല്‍കാനും തയാറായില്ല.
ആരോഗ്യപ്രവര്‍ത്തകരെയും കൗണ്‍സിലറെയും നയാസ് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതിനുശേഷം ഷമീറാ ബീവിയെ പുറത്തിറങ്ങാന്‍ പോലും നയാസ് അനുവദിച്ചിരുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ നേമം പോലീസിനെയും റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരെയും പള്ളികമ്മിറ്റിയെയും വിവരം അറിയിച്ചെങ്കിലും തന്റെ ഭാര്യയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും യു ട്യൂബ് വഴി പ്രസവം നടത്തുമെന്നും പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല.
കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിന് വിവരം നല്‍കിയെങ്കിലും അന്വേഷണം നടത്തി തിരികെ പോയതല്ലാതെ ഗൗരവകരമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷമീറ പാലക്കാട്ടെ വസതിയില്‍ പോയപ്പോള്‍ ഭര്‍ത്താവ് അറിയാതെ ആശുത്രിയില്‍ പോയി ഗൈനക്കോളജിസ്റ്റിനെ കണ്ടു. ഫെബ്രുവരി 15 നോ 16 നോ സിസേറിയന് നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: