Categories: India

യുപിയില്‍ സീറ്റ് ധാരണ: കോണ്‍ഗ്രസിന് 17 സീറ്റുകള്‍, എസ്പിക്ക് ഉള്‍പ്പെടെ 63

Published by

ന്യൂദല്‍ഹി: അനിശ്ചിതത്വത്തിനും തര്‍ക്കങ്ങള്‍ക്കുംശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായി. ഇന്‍ഡി സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ ആദ്യമായി സീറ്റ് ധാരണയില്‍ എത്തുന്നതും യുപിയിലാണ്. ധാരണപ്രകാരം സമാജ്വാദി പാര്‍ട്ടിയും (എസ്പി) മറ്റുകക്ഷികളും 63 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് യുപി ഇന്‍ചാര്‍ജ് അവിനാഷ് പാണ്ഡെ, എസ്പി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തംപട്ടേല്‍ എന്നിവര്‍ അറിയിച്ചു.

കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്‍ എത്തിയശേഷമേ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കൂ എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതിനെതുടര്‍ന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക എസ്പി പുറത്തിറക്കിയിരുന്നു. എസ്പി ആദ്യം കോണ്‍ഗ്രസിന് 11 സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു, പിന്നീട് അത് പതിനഞ്ചും പതിനേഴും ആയി വര്‍ധിപ്പിക്കുകയായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചപ്പോള്‍ ഒറ്റ സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയിലായിരുന്നു ആ ആശ്വാസജയം. രാഹുലിന്റെ സിറ്റിങ് സീറ്റായ അമേഠിയും ബിജെപി തരംഗത്തില്‍ നഷ്ടമായി. ബിജെപി 62 സീറ്റുകളിലും ബിഎസ്പി പത്തു സീറ്റുകളിലും എസ്പി അഞ്ചു സീറ്റുകളിലും അപ്‌നാദള്‍ രണ്ടു സീറ്റിലുമാണ് വിജയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക