ന്യൂദല്‍ഹി: ഇന്നലെ അന്തരിച്ച പ്രമുഖനിയമജ്ഞനും മുതിര്‍ന്ന അഭിഭാഷകനുമായ ഫാലി സാം നരിമാന്‍ കേരളവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതിയില്‍ വാദിച്ചത്. നിര്‍ണായക കേസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമോപദേശത്തിന് സമീപിച്ചിരുന്നതും ഫാലി നരിമാനെ.
ക്രീമിലയര്‍ കേസില്‍ എ.കെ. ആന്റണി സര്‍ക്കാരിനെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് രക്ഷിച്ചതും ലാവ്ലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പിണറായി വിജയനുവേണ്ടി ഹാജരായതും നരിമാന്‍ ആയിരുന്നു. ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസില്‍ ഓര്‍ത്തഡോക്സ് സഭയ്‌ക്കുവേണ്ടി അദ്ദേഹമാണ് ഹാജരായത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പരിശോധിക്കരുത് എന്നാവശ്യപ്പെട്ടും ഫാലി എസ്. നരിമാന്‍ ഹാജരായിരുന്നു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് കേരളം ഫാലി എസ്. നരിമാനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. വായ്പാപരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് കേരളം നരിമാനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.
1929ല്‍ ബര്‍മയിലെ റങ്കൂണില്‍ ആയിരുന്നു നരിമാന്റെ ജനനം. 1950ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961ല്‍ സീനിയര്‍ അഭിഭാഷകനായി. 1971ല്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനായി.
1972 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1975 ജൂണ്‍ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. 1999 മുതല്‍ 2005 വരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു.
ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇന്റേര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1999ല്‍ യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഉപദേശക ബോര്‍ഡില്‍ നിയമിതനായി.
ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യാന്തര തര്‍ക്ക പരിഹാര കേസുകളിലും വിദഗ്ധനായിരുന്നു. ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങള്‍ പാര്‍ലമെന്റിനുറദ്ദുചെയ്യാന്‍ കഴിയില്ലെന്ന് വിധിച്ച ഗോലക്നാഥ് കേസ്, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട എസ്.പി.ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട ടി.എം.എ. പൈ കേസ് തുടങ്ങി പ്രധാനമായ ഒട്ടേറെ കേസുകളില്‍ നരിമാന്റെ ഇടപെടലുകളുണ്ടായി. ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡിന് അനുകൂലമായി അദ്ദേഹം കോടതിയില്‍ ഹാജരായി. അതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം നടപടിയെ അനുകൂലിച്ച സുപ്രീം കോടതി വിധിയില്‍ ഭരണാഘടനാപരമായി പിഴവുണ്ടെന്നും വിമര്‍ശിച്ചിരുന്നു.
1995 മുതല്‍ 1997 വരെ ഇന്റന്‍നാഷണല്‍ മ്മീഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്(ആത്മകഥ), ദി സ്റ്റേറ്റ് ഓഫ് നേഷന്‍, ഗോഡ് സേവ് ദി ഓണറബിള്‍ സുപ്രീംകോര്‍ട്ട് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: