(പാപസാമ്യത്തിലെ തമോഗര്‍ത്തങ്ങള്‍ അവസാന ഭാഗം)
പാപഭാവങ്ങളില്‍ വ്യക്തമായി നില്ക്കുന്ന പാപന്മാര് ജാതകരുടെ സ്വഭാവസവിശേഷത, ജീവിതക്ലേശം എന്നിവയുടെ സമഗ്രസൂചകങ്ങളാണ്. ഒരു ഉദാഹരണം:
വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ജാതകവുമായി ഒരു സ്ത്രീ വന്നു. കുറച്ചു കാര്യങ്ങള്‍ അറിയണം. രണ്ടുപേരും ഒരുമിച്ചു വിദേശത്തു താമസിക്കുന്നു. സ്ത്രീ വിശേഷാവസരങ്ങളില്‍ മാത്രം നാട്ടില്‍ വന്നു തിരിച്ചു പോകും. ഭര്‍ത്താവിന്റെ സ്വഭാവസവിശേഷതയും അനുഭവങ്ങളും (കുട്ടിക്കാലം മുതലുളളത്) ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്കു അനുഭവപ്പെട്ട സങ്കടവും ആകാംക്ഷയും എന്നില്‍നിന്നും മറച്ചുവയ്ക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ചിരകാലമായി ചികില്‍സിച്ചു പോരുന്ന അവരുടെ രോഗം (ഭര്‍ത്താവിന്റെ ജാതകത്തില്‍ നിന്നും മനസിലാക്കിയത്, രോഗത്തിന്റെ പേര് പറഞ്ഞു) ഏതാണെന്നുകൂടി പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് അസാമാന്യമായ ആദരവ് തെളിഞ്ഞു. അവരെ കണ്ടാല്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. ഒന്നും പുറമേ വെളിവാക്കാതെ, പറഞ്ഞറിയിക്കാന്‍ കഴിയാത്ത കുടുംബദുഃഖത്തോടൊപ്പം രോഗത്തെയും ഉളളില്‍ ഒതുക്കി കഴിയുന്നു. രണ്ടുപേര്‍ക്കും ദീര്‍ഘായുസ്. ദാമ്പത്യ ജീവിതം ഒരുപാട് ഇനിയും ബാക്കി.
ജാതക ദോഷത്തിനു പരിഹാരമുണ്ടോ? ശ്രദ്ധിക്കുക:
അടുത്ത സൗഹൃദമുള്ളൊരു കുടുംബത്തെക്കുറിച്ചാണ് പറയുന്നത്. കുടുംബനാഥന് പ്രസിദ്ധമായ ഒരു ധനകാര്യസ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥന്. സല്‍സ്വഭാവി. സമശീര്‍ഷയായ ഭാര്യ. വിദേശത്ത് ജോലി. ഭാര്യ പെട്ടെന്ന് മരിച്ചു (മാരക രോഗം കണ്ടുപിടിക്കാന്‍ വൈകി). മരണാന്തര ചടങ്ങിനു ശേഷം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അടുത്ത് വന്നിരുന്നു. കുറേ നേരത്തെ മൗനത്തിനു ശേഷം ഒരു ചോദ്യം ‘ജ്യോതിഷത്തില്‍ കുറച്ചൊക്കെ കാര്യമുണ്ട് അല്ലേ?’. വിവാഹത്തിന് മുന്‍പ് ജാതകം സൂക്ഷ്മമായി പരിശോധിച്ചില്ല. പരിശോധിച്ചെങ്കില്‍ പരിശോധനാഫലം അവഗണിച്ചു. സാന്ദ്രമായ മൗനത്തിനും ചോദ്യത്തിനും ഒരുപാട് വാചാലതയുണ്ട്. പെണ്‍കുട്ടി, ക്ഷേത്ര ആചാരങ്ങളിലും ജ്യോതിഷത്തിലും ഉത്തമ വിശ്വാസമുള്ള കുടുംബാംഗം. മരിക്കുമ്പോള്‍ ലോക പ്രസിദ്ധമായക്ഷേത്രത്തിലെ ട്രസ്റ്റ് മെമ്പറായിരുന്നു.
അഭിജ്ഞാന ശാകുന്തളത്തിലെ ഒരു രംഗം ഓര്‍മ്മവരുന്നു. ശകുന്തളയുടെ ജാതക ദോഷമകറ്റാന്‍ കണ്വമഹര്‍ഷി തീര്‍ത്ഥാടനത്തിന് പോയിരുന്നപ്പോളാണ് ശകുന്തളാ ദുഷ്യന്തന്മാരുടെ ഗാന്ധര്‍വവിവാഹം ആശ്രമവനത്തില്‍ അരങ്ങേറിയത്. ശേഷമുണ്ടായ പുക്കാറുകള്‍ ചിന്തിച്ചാല്‍, ജീവിതമേല്‍പ്പിക്കുന്ന യാതനകള്‍ക്ക് ശാശ്വതമായ മരുന്നില്ല എന്നുള്ള വ്യാസവചനം പ്രസക്തം.
കാളിദാസന് നല്ലൊരു ജ്യോതിഷപണ്ഡിതന് കൂടിയായിരുന്നുവെന്നാണ് കേള്‍വി.
വൈധവ്യയോഗമുള്ള സ്ത്രീക്ക് ദീര്ഘമംഗല്യയോഗമുള്ള പുരുഷന് ‘ഭാര്യാമരണ യോഗമുള്ള പുരുഷന് ദീര്‍ഘ മംഗല്യയോഗമുള്ള സ്ത്രീ’. ‘ഭാര്യാമരണയോഗമുള്ള പുരുഷനെ ഭര്‍തൃമരണ യോഗമുള്ള സ്ത്രീജാതകത്തോടു കൂടി മാത്രമേ യോജിപ്പിക്കാവൂ’ എന്നൊക്കെ ആധികാരിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ കാണുന്ന വൈരുദ്ധ്യങ്ങള്‍ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കണം. ഇവയെല്ലാം വൈവാഹിക ജീവിതത്തിനു ഗുണകരവും അനുകൂലവുമാകുന്ന തരത്തില്‍ ശാസ്ത്രാധിഷ്ഠിതമായി എങ്ങനെ സമന്വയിപ്പിക്കാമെന്നു ചിന്തിച്ചു ചര്‍ച്ച ചെയ്തു സത്യസന്ധമായ തീരുമാനത്തില്‍ എത്തണം. സിദ്ധിയും പഠിപ്പും സാധനയും നിരന്തരം നിരീക്ഷണവും നടത്തുന്ന ഒരു ജ്യോതിഷിക്കു മാത്രമേ ഇതു സാധ്യമാകൂ.
ജ്യോതിഷം ഒരു മഹാശാസ്ത്രമാണ്. ആദരവോടെയാണ് അതു പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. മറ്റൊരിടത്തും കിട്ടാത്ത ശാന്തിയും സമാധാനവും ശാശ്വതമായി നല്കാന് ദൈവജ്ഞനു കഴിയുമെങ്കില്‍ അതു മഹത്തായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: