ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇലക്ട്രിക് ടെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഞങ്ങള്‍ക്കിത് ആവശ്യമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്കും വിനോദ സഞ്ചാര മേഖലയ്‌ക്കും വളരെ പ്രധാനപ്പെട്ട ഒന്നാണിത്. വളരെ വലിയൊരു ചുവടുവയ്‌പ്പാണ്. ഇലക്ട്രിക് ട്രെയിന്‍ സാധ്യമാക്കിയതിന് പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രാലയത്തെയും അഭിനന്ദിക്കുന്നു, അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗതത്തിലുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളാണ് ഇതിലൂടെ പരിഹരിക്കുന്നത്. ഇതിലൂടെ ജനജീവിതത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിന്‍ ഇന്നലെ പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. സംഗല്‍ദാനും ബാരാമുള്ളയ്‌ക്കും ഇടയിലാണ് ഇത് സര്‍വീസ് നടത്തുക.
കശ്മീരില്‍ 32,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഐഐടി ജമ്മു അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. 52 ലാബുകള്‍, 104 ഫാക്കല്‍ട്ടി ഓഫീസുകള്‍, 27 ലക്ചര്‍ ഹാളുകള്‍, 1450 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന ഹോസ്റ്റല്‍ സൗകര്യം എന്നിവയടങ്ങിയതാണ് ക്യാമ്പസ് സമുച്ചയം. ഇതുവരെ 1400 വിദ്യാര്‍ത്ഥികള്‍ ഇവിടേക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ക്യാമ്പസും ജമ്മുവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ തസ്തികകളില്‍ 1500 പേര്‍ക്ക് നിയമന പത്രിക കൈമാറി. കൂടാതെ വികസിത് ഭാരത് വികസിത് ജമ്മു പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: