തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി മാതൃകയില്‍ കേരള സാഹിത്യ അക്കാദമിയും പുന:സംഘടിപ്പിക്കണമെന്ന് ഗോവാ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കവി മധുസൂദനന്‍ നായരുടെ കാവ്യ ജീവിതം 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിച്ച ‘സുദിനം മധുസൂദനം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസാഹിത്യ അക്കാദമിയില്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് ഭരിക്കുന്നത്. കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ നോമിനേറ്റ് ചെയ്യുകയാണ്. നോമിനേറ്റുചെയ്യുന്ന ആളുകള്‍ ആ കുടുക്കില്‍പ്പെട്ട് നില്‍ക്കുന്നതിനാല്‍ എത്രമാത്രം സ്വതന്ത്രമാകാന്‍ സാധിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇവിടെയും കേന്ദ്രസാഹിത്യ അക്കാദമി പോലെ ജനാധിപത്യപരമായ സംവിധാനം ഉണ്ടാകണം. അത് പുതുതലമുറയ്‌ക്ക് പ്രചോദനമാകും.
കക്ഷിരാഷ്‌ട്രീയത്തിന്റെയും വ്യക്തിതാല്പര്യങ്ങളുടെയും കീഴില്‍ പോകേണ്ടതല്ല സാഹിത്യം. കവി പ്രൊഫ. വി. മധുസൂദനന്‍നായരുടെ കവിതകള്‍ ധര്‍മത്തിന്റെ വിളംബരമാണെന്ന് ഗോവ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. തന്റെ കവിതകള്‍ സ്വയം ശുദ്ധീകരണത്തിനു വേണ്ടിയുള്ളവയാണെന്ന് കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.
അക്ഷരത്തിന്റെ പ്രയോഗത്തില്‍ പിഴവു സംഭവിച്ചാല്‍ അത് തലമുറകളെ ബാധിക്കും. അറിവുനേടി യുവാക്കള്‍ ഭദ്രമാനസരായാല്‍ ലോകവും ജീവജാലങ്ങളും ഭദ്രമായിരിക്കും. യുവാക്കള്‍ ശിഥിലമാനസരായാല്‍ ലോകം ശിഥിലമാകും. അതിനാല്‍ അക്ഷരപ്രയോഗത്തില്‍ തെറ്റുവരരുതേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മധുസൂദനന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
കവി ഗിരീഷ് പുലിയൂര്‍ മധുസൂദനന്‍ നായരുടെ കവിതകള്‍ ആലപിച്ചു. പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിലെ 2022-23 റഗുലര്‍, ഈവനിങ് ബാച്ചുകളുടെ ബിരുദ ദാനവും റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരം നല്കലും ഗോവ ഗവര്‍ണറും വി. മധുസൂദനന്‍ നായരും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, പ്രസ്‌ക്ലബ്ബ് സെക്രട്ടറി കെ.എന്‍. സാനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: