ഇന്ന് എന്നോടൊപ്പം ഈ വേദി പങ്കിടുന്ന ശ്രീമതി ടെസ്സി തോമസ്, നാം പഞ്ചഭൂതങ്ങളെന്ന് വിളിക്കുന്ന, ആകാശപരപ്പിനെ കീറിമുറിക്കാനുള്ള സൂത്രവിദ്യയുടെ സ്രഷ്ടാക്കളില്‍ ഒരാളാണ്. അതുകൊണ്ടു തന്നെ ആ ധീരവനിതയ്‌ക്ക് ഈ എളിയവളുടെ പ്രണാമം. മറ്റൊരാള്‍ നമ്മുടെ അമൂല്യഗ്രന്ഥങ്ങളായ ഭാഗവതം, നാരായണീയം തുടങ്ങിയ ഭഗവത് കൃതികളുടെ മഹാസാഗരത്തില്‍ ആറാടി അറിവിന്റെ നിറകുടമായി വിളങ്ങി നില്‍ക്കുന്ന അതുല്യ പ്രതിഭ ബ്രഹ്മചാരിണി ദേവകി ചൈതന്യ അമ്മക്ക് ഈയുള്ളവളുടെ സാദര പ്രണാമം. ഈ വേദി പങ്കിട്ടും എന്റെമുന്നിലിരിക്കുന്ന നൂറുകണക്കിന് സ്ത്രീരത്‌നങ്ങള്‍ക്കും എന്റെ വിനീത പ്രണാമം.
സ്ത്രീശക്തിയുടെ ഈ സമന്വയ വേദിയില്‍ നിങ്ങളുടെ മുമ്പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ഞാനും എന്റെ ബാല്യകാലം ഓര്‍ത്തു പോകുകയാണ്. മണ്ണെണ്ണ വിളക്കിന്റെപ്രകാശത്തില്‍ അന്നത്തെ പാഠങ്ങള്‍ പഠിച്ചിരുന്നു, ആട്ടുകല്ലും, അമ്മിയും, മുറവും, ചിരട്ടക്കയ്യിലും, പ്ലാവില കൊണ്ട് കുത്തിയ കയ്യിലുപയോഗിച്ച് ഓട്ടുപാത്രത്തിലെ ചൂടാര്‍ന്ന കഞ്ഞിയും ചമ്മന്തിയും, കണ്മഷിയും, കുപ്പിവളയും, ചുവന്ന റിബണും, പുള്ളിക്കുടയും, കയ്യിലെ പുസ്തകങ്ങളും, പൂഴിമണ്ണും, ഓട്ടവും ചാട്ടവും, തലവേദനയും, പനിയും, ചുമയും, ചന്ദ്രന്‍ ഡോക്ടറുടെ ചുവന്ന, വെള്ള മരുന്നും, ചെന്നിനായകം പുരട്ടലും, ചൊറിയും- ചിരങ്ങും, മരം കയറാനും, വൈക്കോല്‍ കുണ്ടക്ക് ചുറ്റുമുള്ള ഓട്ടവും, റൗക്ക ധരിച്ച അമ്മയും, മാറുമറയ്‌ക്കാത്ത അമ്മൂമ്മയും, കാതില്‍ കടുക്കനിട്ട അമ്മയുടെ അച്ഛനും, തൂവെള്ളഖദറില്‍ തിളങ്ങിയിരുന്ന അച്ഛനും, മൂക്കൊലിപ്പിച്ചു നടന്നിരുന്ന സഹോദരിമാരും എല്ലാം എന്റെ ഓര്‍മ്മയില്‍ നല്ല നെഞ്ചിടിപ്പോടെ ഇന്നും നിറയുന്നു.
പിന്നീട് കണ്ണൂരിലേക്ക് പറിച്ചുനട്ട ബാല്യവും, കൗമാരവും താണ്ടി പാലക്കാട് എത്തിയപ്പോഴേക്കും ഞാനും യൗവനയുക്തയായി മാറിയിരുന്നു. തൃക്കോട്ടൂരിലെ മൈതാനത്തുനിന്ന് ഓട്ടവും ചാട്ടവും, നമ്മുടെ ഭൂമി മലയാളവും ഭാരതഖണ്ഡവും, ജമ്പുക ദ്വീപും കടന്ന് മറ്റെല്ലാദ്വീപുകളില്‍ ഉള്ള സ്ഥലങ്ങളിലും ഓടിയോടി ഒരു ഭാരത സ്ത്രീക്ക് എത്താന്‍ കഴിഞ്ഞെങ്കില്‍, അത് ഇന്നും ഞാന്‍ കരുതുന്നു. ഞാന്‍ പിറന്നു വീണ എന്റെമണ്ണിന്റെ മഹത്വവും മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹവും മാത്രമാണ്.
ഒരു അത്‌ലറ്റായി മാത്രം 91 രാജ്യങ്ങളില്‍ എത്താനും, മത്സരങ്ങളില്‍ പങ്കെടുത്ത് 103 മെഡലുകള്‍ ഭാരതാംബയ്‌ക്കുവേണ്ടി കരസ്ഥമാക്കാനും കഴിഞ്ഞത് ഈയുള്ളവളുടെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ഇതെല്ലാം നേടിയത് ഞാന്‍-ഞാനായതുകൊണ്ടു മാത്രമല്ല, ഞങ്ങള്‍ ആയിരുന്നതു കൊണ്ടാണ്. പ്രകൃതി എനിക്ക് നല്‍കിയ കഴിവ് ചെറുപ്പത്തില്‍ തന്നെ കണ്ടെത്താനും, അക്ഷീണമായ പരിശ്രമത്തിലൂടെ സത്യസന്ധമായും ആത്മാര്‍ത്ഥമായും എന്റെ കഴിവ് പരിപോഷിപ്പിച്ചതുകൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
എന്റെ മുന്‍പില്‍ ഇരിക്കുന്ന നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഇത്തരത്തിലുള്ള ഓരോ കഴിവ് സര്‍വ്വേശ്വരന്‍ നല്‍കിയിട്ടുണ്ട്. ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും, ചിലര്‍ക്ക് അല്ലാതെയും ഇരിക്കാം. പക്ഷേ നാമും ശക്തിയുള്ളവരാണ്. ശക്തി സ്വരൂപിണികളാണ്. നമുക്ക് ഒരു കുടുംബത്തെ സംരക്ഷിക്കാനും പരിചരിക്കാനും പുതുതലമുറകളെ സൃഷ്ടിക്കുവാനുമുള്ള കഴിവുണ്ടെങ്കില്‍ നമുക്ക് ചുറ്റിനും ഉള്ള സമൂഹത്തെയും അതുവഴി രാഷ്‌ട്രത്തെയും പുനര്‍ സൃഷ്ടിക്കുവാന്‍ കഴിയും. അത്രമാത്രം കഴിവ് തന്നിരുന്നു നമ്മുടെ സ്രഷ്ടാവ്. അതിന് നാം ആരാണെന്ന് നാം അറിയണം. ആരാണ് സ്ത്രീ? ബ്രഹ്മപുരാണം അനുസരിച്ച് എല്ലാം ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണല്ലോ?. ശതരൂപ ആദ്യ സ്ത്രീയും, മനു ആദ്യ പുരുഷനും അവരാല്‍ സൃഷ്ടിക്കപ്പെട്ടവരെ മനുഷ്യരെന്നും. ഭാഗവത പുരാണമനുസരിച്ച്, ”അദ്ദേഹം ധ്യാനത്തില്‍ മുഴുകി അമാനുഷികതയെ നിരീക്ഷിക്കുമ്പോള്‍ അവന്റെ ശരീരത്തില്‍ നിന്ന് മറ്റു രണ്ടു രൂപങ്ങള്‍ ഉദ്ഭവിച്ചു. അവ ഇപ്പോഴും ബ്രഹ്മ ശരീരം ആയി ആഘോഷിക്കപ്പെടുന്നു”.
പുതുതായി വേര്‍പിരിഞ്ഞ രണ്ട് ശരീരങ്ങളും ലൈംഗികബന്ധത്തില്‍ ഒന്നിച്ചു. അവരില്‍ പുരുഷരൂപം ഉള്ളവന്‍ സ്വയംഭൂവ് എന്ന മനു എന്നും, സ്ത്രീ മഹാത്മാവായ മനുവിനെ രാജ്ഞിയായ ശതരൂപ എന്നും അറിയപ്പെട്ടു. ശതരൂപയ്‌ക്കും മനുവിനും അഞ്ച് മക്കള്‍ പിറന്നു. പ്രിയവ്രതന്‍, ഉത്താന പാദന്‍ എന്നിവര്‍ ആണ്‍മക്കള്‍. പെണ്‍മക്കളായ ആകൃതിയെ ശുചിമുനിയും, ദേവഭൂതിയെ പ്രജാപതിയും, പ്രസൂതിയെ ദക്ഷനും വിവാഹം കഴിച്ചു. അങ്ങിനെ, അങ്ങനെ…
ബ്രഹ്മപുരാണം പറയുന്നത് ഇപ്രകാരമാണ് സ്ത്രീ ശക്തി ഉടലെടുത്തത് എന്നാണ്. വേദങ്ങള്‍ പറയുന്നു സ്ത്രീശക്തി ഒരു അവസരത്തില്‍ ധര്‍മ്മപത്‌നിയായി മാറുമെന്ന്. ആരാണ് ധര്‍മ്മപത്‌നി? One who promote and preserve rightful conduct of life called ‘ധര്‍മ്മ പത്‌നി, സ്ത്രീശക്തി’. ഇന്നത്തെ കാലത്തെ സ്ത്രീശക്തി- തുടര്‍ന്ന് സ്ത്രീ ശാക്തീകരണം തുടങ്ങിയവയൊക്കെയും വേദകാലം മുതലേ നമുക്ക് പരിചിതമായിട്ടുള്ള പദങ്ങളാണ്. ക്ഷമ, അടക്കം, ഒതുക്കം, സഹനശക്തി, മാതൃത്വം, ആശ്രിതത്വം, എന്നീ അമൂല്യ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം സ്വന്തമാണെന്ന് ഓര്‍ക്കുക നാം. വേദകാലങ്ങളില്‍ വിദ്യാഭ്യാസപരമായി ഔന്നത്യം നേടിയ സ്ത്രീ രത്‌നങ്ങളെ ബ്രഹ്മ വാദിനി എന്നും, പാണിനി എന്നുമാണ് വിളിച്ചിരുന്നത്. അശോകരാജാവിന്റെ പുത്രി സംഘമിത്ര, കൗസാംബിയിലെ ജയന്തി തുടങ്ങിയ സ്ത്രീ രത്‌നങ്ങള്‍ ചില പേരുമാത്രം…
ശാലിവാഹനന്മാരുടെയും, ഗുപ്തന്മാരുടെയും, മൗര്യന്‍ന്മാരുടെയും, കാലത്തെല്ലാം ഭരണനിര്‍വഹണ രംഗത്ത് പോലും രാജാവിനോളം തുല്യ പ്രാധാന്യം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷി. ചന്ദ്രഗുപ്തന്റെ രണ്ടാമത്തെ പുത്രി പ്രഭാവതി. കൂടാതെ അന്നത്തെ കശ്മീര്‍, ഒറീസ, ആന്ധ്ര, തുടങ്ങിയ പ്രദേശങ്ങളുടെയും ഭരണം നിര്‍വഹിച്ചിരുന്നതും സ്ത്രീ രത്‌നങ്ങള്‍ ആയിരുന്നു. സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ തുല്യനീതിലഭിക്കുന്നുണ്ടെങ്കില്‍, അതും അന്നത്തെ കാലത്ത് തന്നെ ഈ ഭാരത ഖണ്ഡത്തില്‍ സ്ത്രീ ശാക്തീകരണം തുടര്‍ന്നു വന്നിരുന്നു എന്നല്ലേ കാണിക്കുന്നത്.? ഇതെല്ലാം സാധ്യമാകണമെന്നുണ്ടെങ്കില്‍, സ്ത്രീ ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ നേടിയെടുത്ത് തുല്യമായ അവകാശങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കണം. അതിനായി നാം സ്വയം ഒരുങ്ങണം.
ചെറുപ്പം മുതലേയുള്ള അറിവ് സ്ത്രീയെ സംബന്ധിച്ച് പരമപ്രധാനമാണ്. നമുക്കുചുറ്റും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. കാണാചരടുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ നാം നമുക്കു മാത്രം സ്വന്തമായ പെരുമാറ്റത്തിലൂടെ, വാക്കിലൂടെ,
ഒരു നോക്കിലൂടെ, നമുക്ക് മറ്റുള്ളവരെ മാറ്റാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ നാം തന്നെയല്ലേ കല്യാണത്തിന് മുമ്പ്- കല്യാണത്തിന് ശേഷം എന്നീ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത്.? ആധുനിക ശാസ്ത്രം പറയുന്ന ഏറ്റവും ഉയര്‍ന്ന, മനുഷ്യ സാധ്യമായ സംവേദശക്തിയായ 42 ഡെസിബല്‍ നാം ഓരോ പ്രസവ സമയത്തും സഹിക്കുന്നു. സഹനശക്തിയും, കരുതലും കൈമുതലായ നമുക്ക് ലക്ഷ്യബോധവും വേണ്ടത്ര അളവില്‍ ഉണ്ടെന്ന് ഓര്‍ക്കുക. ഒരു സാധാരണക്കാരിയില്‍ സാധാരണക്കാരിയായ ഞാന്‍ ചെറിയ കാര്യങ്ങളില്‍ വളരെ സന്തോഷിക്കുകയും, അത്രയും തന്നെ ചെറിയ കാര്യങ്ങളില്‍ പ്രകോപിതയാകുകയും ചെയ്യാറുണ്ട്. എന്റെ മുന്നിലിരിക്കുന്നവരും ഈ കാര്യത്തില്‍ വ്യത്യസ്തരാകില്ല എന്നറിയാം. കൃത യുഗവും, ത്രേതാ യുഗവും, ദ്വാപരയുഗവും കടന്ന് കലിയുഗത്തില്‍ എത്തിനില്‍ക്കുന്ന നാം ധാരാളം കഥകളും വായ്‌മൊഴികളും നാടന്‍ ശീലുകളും കേട്ടിട്ടുണ്ടായിരിക്കാം. അതില്‍ ഒന്നായിരുന്നില്ലേ അവതാരങ്ങള്‍?. ധര്‍മ്മ സംരക്ഷണത്തിനായി ഉയിര്‍ക്കൊണ്ടവ. നാമോരോ ഉദ്ദേശശുദ്ധിയോടെ ഓരോ അവതാരങ്ങളായി പിറവികൊണ്ടവരാണ്. ചിലര്‍ക്ക് കുടുംബത്തെ, ചിലര്‍ക്ക് സമൂഹത്തെ, രാഷ്‌ട്രത്തെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ആയിരിക്കാം. വിദ്യയുടെ വിളനിലമായ സരസ്വതി ദേവിയും, ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിയും, എല്ലാ ഗുണഗണങ്ങളും ഒന്നുചേര്‍ന്ന പാര്‍വതി ദേവിയും നാം തന്നെയാണ്. നാം തന്നെയാണ് നമ്മുടെ ശക്തി എന്നറിയുക.
ഇന്നോളം ഞാന്‍ കേട്ടിട്ടുള്ള സ്ത്രീ രത്‌നങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം പഞ്ചകന്യകമാരില്‍ ഒരാളായ ദ്രൗപദിയെയാണ്. ദ്രൗപദി അഥവാ പാഞ്ചാലി എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കുന്നവരായി കാണുന്നു. ചിലര്‍ക്ക് അതിശയവും, ചിലര്‍ക്ക് നിരാശയും, മറ്റു ചിലര്‍ക്ക് ചില്ലറ പരിഭവവും. ചിലര്‍ ചിന്തിക്കുന്നു, മറ്റാരുമില്ലല്ലോ ഈ പ്രപഞ്ചത്തില്‍ ദ്രൗപദിയെ കൂടാതെ…ഇല്ല എന്ന് തന്നെ ഞാന്‍ പറയും, പ്രത്യേകിച്ച് ഇന്നത്തെ സ്ത്രീ ശാക്തീകരണ മഹാപ്രക്രിയയില്‍.
പഞ്ചാഗ്‌നി മധ്യേ പിറവികൊണ്ട കൃഷ്ണ, ദ്രൗപദിയായി മാറുന്നത് തന്നെ അവതാര ഉദ്ദേശം നിറവേറ്റാനാണ്. അഞ്ചു മഹാപുരുഷന്മാരെ വിവാഹം കഴിച്ചതും ആ ക്രിയ നിര്‍വഹണത്തിന് വേണ്ടി. 36കലകള്‍ക്കും കുലപതിയായ ദ്രൗപദി, ദ്രുപദന്റെ മകളായി, ധൃഷ്ടദ്യുമ്‌നന്റെ സഹോദരിയായി, കൃഷ്ണന്റെ സഖിയായി, പാണ്ഡവരുടെ പത്‌നിയായി, ഹസ്തിനപുരത്തിന്റെയും, ഇന്ദ്രപ്രസ്ഥത്തിന്റെയും രാജ്ഞിയായ കഥ നമുക്കെല്ലാം അറിയാം. വ്യാസ മഹര്‍ഷിയാല്‍ വിരചിതമായ മഹാഭാരതത്തില്‍ ‘ദ്രൗപദി’ എന്നും സ്ത്രീകള്‍ക്കു വേണ്ട ഗുണഗണങ്ങള്‍ ഉള്ളവളായായി നിലകൊള്ളുന്നു.
ധൈര്യവും ആത്മവിശ്വാസവും ഒരിക്കലും ചോര്‍ന്നു പോകാത്തവള്‍ ആയിരുന്നു ദ്രൗപദി. അനിതരസാധാരണമായ ബുദ്ധി സാമര്‍ത്ഥ്യവും, വിജയ തൃഷ്ണയും ഉള്ളവളായിരുന്നു ദ്രൗപദി. അമൂര്‍ത്തമായ നീതിബോധവും, ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുവാനും, വളര്‍ത്തിയെടുക്കാനും കഴിവുള്ളവളായിരുന്നു ദ്രൗപദി. തന്റെയും ഒപ്പം നില്‍ക്കുന്നവരോടും എന്നും അനുകമ്പയും, അലിവും, ആദരവും ഉള്ളവള്‍ ആയിരുന്നു ദ്രൗപദി. അതിരറ്റ, കറകളഞ്ഞ ഭക്തിയുടെയും, തന്‍ സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു ദ്രൗപദി. തിരിച്ചടികളെ നേരിടാനും, കഷ്ടകാലത്തെ അതിജീവിക്കുവാനും പ്രതിബന്ധങ്ങളെ തട്ടിയകറ്റാനുമുള്ള മനക്കരുത്തും പ്രതിഭയുമുള്ളവള്‍ ആയിരുന്നു ദ്രൗപദി. തനിക്ക് നീതിയും തുല്യതയും നിഷേധിക്കപ്പെടുമ്പോള്‍, അവ ഏത് രാജ്യ സദസ്സിലും ഏത് പ്രഗത്ഭന്റെയും പണ്ഡിതന്റെയും മുന്‍പില്‍ തെറ്റ്, തെറ്റാണെന്ന് വിളിച്ചു പറയുവാനും അങ്ങനെ പുതിയ സ്ത്രീശക്തിക്കാവശ്യമായ നൈപുണ്യം സ്വയവും ധൈഷണികമായ കഴിവ്, വളര്‍ത്തിയെടുത്തവളും, അത് സമൂഹ താല്പര്യം മുന്‍നിര്‍ത്തി വളര്‍ത്തിയെടുക്കാനും പരിശ്രമിച്ചവളായിരുന്നു ദ്രൗപദി.
ബഹുമുഖ പ്രതിഭയും അഷ്ടസൗന്ദര്യത്തിന്റെ പ്രതിരൂപവുമായിരുന്നു ദ്രൗപദി. സ്വയം ആര്‍ജിച്ചെടുത്ത ക്ഷമയിലൂടെ ഇച്ഛാശക്തിയിലൂടെ ബഹുമുഖങ്ങളായ പ്രതിഭകളെ ഒരു കുടക്കീഴില്‍ എന്ന വണ്ണം രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി, ശ്രേയസ്സിനായി എങ്ങനെ നിലനിര്‍ത്താം എന്ന മാനേജ്‌മെന്റ് വൈഭവമുള്ളവളായിരുന്നു ദ്രൗപദി. തന്റെ നോക്കിലൂടെ, വാക്കിലൂടെ, ആംഗ്യത്തിലൂടെ ഒരു രാഷ്‌ട്രത്തിലെ ജനതയെ തന്നെ ഒരുമിപ്പിച്ചു നിര്‍ത്തിയവളായിരുന്നു ദ്രൗപദി. അതുകൊണ്ടുതന്നെ നമുക്ക് ഓരോരുത്തര്‍ക്കും ഈ ആധുനികകാലത്തെ അഭിനവദ്രൗപദിമാരാവാം. കര്‍മ്മഫലത്തെ കുറിച്ചു മറക്കാം. ധര്‍മ്മത്തെ പറ്റി മാത്രം ഓര്‍ക്കാം. കഴിവുകളില്‍ നമുക്കും ആകാം ‘അഭിനവ ദ്രൗപദിമാര്‍.’ അധ്വാനിക്കുവാന്‍ ഞാന്‍ പറയുന്നില്ല, കാരണം അത് നമ്മുടെ കൂടപ്പിറപ്പാണ്. സംഘ ശക്തിയിലൂടെ, അറിവിലൂടെ നമുക്കും ഒരു പുതിയ ഭാരത ഖണ്ഡം രചിക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: