ഒറ്റപ്പെടല്‍ അസുഖകരമായി തോന്നിത്തുടങ്ങിയതിനാല്‍ തലച്ചോറിന്റെ എല്ലാഭാഗത്തും അതിന്റെ (ഒറ്റപ്പെടലിന്റെ) ദോഷം തെളിയിച്ചു കാട്ടാനുള്ള വ്യഗ്രതയിലേര്പ്പെട്ടു. അറിവുള്ള ഒരു ഭൃത്യനെപ്പോലെയാണല്ലോ തലച്ചോറ്. അന്തഃകരണത്തിലെ അംഗീകൃത ധാരണയ്ക്കനുസൃതമായി ചിന്തയുടെയും, തര്‍ക്കശാസ്ത്രത്തിന്റെയും, തെളിവുകളുടെയും, കാരണങ്ങളുടെയും, ഉദാഹരണങ്ങളുടെയും കൂമ്പാരങ്ങള്‍ അത് ശേഖരിക്കുന്നു. കാര്യം ശരിയോ തെറ്റോ എന്ന് നിര്‍ണ്ണയിക്കുക വിവേകബുദ്ധിയുടെ ജോലിയാണ്. അഭിരുചിക്കനുകൂലമായിനിന്ന് അതിന്റെ ഔചിത്യം തെളിക്കാനാവശ്യമായ വിചാരസാമഗ്രികള് എത്തിച്ചുകൊടുക്കുക മാത്രമാണ് മസ്തിഷ്ക്കത്തിന്റെ ഉത്തരവാദിത്വം. നമ്മുടെ മനസ്സും ഈ സമയത്ത് ഇതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.
തലച്ചോറിപ്പോള്‍ തത്വചിന്തകനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വാര്‍ത്ഥമതികള്‍, തങ്ങള്‍ തനിച്ചാണെന്നു കരുതുന്നു. തനിയെ ലാഭനഷ്ടങ്ങളുടെ കണക്കു കൂട്ടുന്നു. അവര്‍ ആരെയും സ്വന്തമായി കാണുന്നില്ല. തന്നിമിത്തം സാമൂഹികമായ ആനന്ദം അനുഭവിക്കാതെ കഴിയുന്നു. അവരുടെ അന്തഃകരണം വിജനമായ ശ്മശാനം കണക്കെ ചൂളമടിച്ചുകൊണ്ടിരിക്കും. അന്യൂനമായ ധനവും വൈഭവവും സമൃദ്ധിയും ഉണ്ടായിരുന്നിട്ടും സ്വാര്‍ത്ഥത മൂലം എല്ലാവരെയും അന്യരായി കാണുകയും എല്ലാവരെയും പറ്റി പരാതിപ്പെട്ട് കഴിയുകയും ചെയ്യുന്നു. അനേകം സുപരിചിതരായ വ്യക്തികളുടെ ചിത്രം കണ്മുമ്പില് വന്നുനിന്നു.
ചിന്താപ്രവാഹം അതിന്റെ ദിക്കിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഏകാകിത്വം പ്രയോജനരഹിതം മാത്രമല്ല, ഹാനികരവുമാണെന്ന് അത് തെളിയിച്ചേ അടങ്ങൂ എന്ന് തോന്നി. അപ്പോള്‍ തന്റെ സ്വാധീനം പ്രകടമാക്കാന്‍ അഭിരുചിക്കു സാധിക്കുമല്ലോഈ വിഡ്ഢിത്തത്തില്‍ കഴിയുന്നതു കൊണ്ട് എന്താണ് പ്രയോജനം? തനിയെ കഴിയുന്നതിനുപകരം ജനസമൂഹത്തില്‍ കഴിഞ്ഞുകൊണ്ട് അതിന്റെ പ്രയോജനം എന്തുകൊണ്ട് നേടിക്കൂടാ.
മനസ്സിന്റെ ഈ തെറ്റായ പോക്കു കണ്ടു വിവേകബുദ്ധി പറഞ്ഞു: ‘ഏകാകിത്വം ഇത്ര പ്രയോജനരഹിതമായ കാര്യമാണെങ്കില്‍ ഋഷിമാരും, സാധകന്മാരും, സിദ്ധന്മാരും, ചിന്തകന്മാരും എന്തിനാണ് ഇത് തേടി നടക്കുന്നത്? എന്തിനാണ് ആ അന്തരീക്ഷത്തില്‍ കഴിയുന്നത്? ഏകാന്തത്തിന് മഹത്വമില്ലായിരുന്നെങ്കില് സമാധിയുടെ സുഖത്തിനും ആത്മദര്‍ശനത്തിനും വേണ്ടി എന്തിനാണതിനെ തിരയുന്നത്? സ്വാദ്ധ്യായ ചിന്തനത്തിനും തപസ്സിനും ധ്യാനത്തിനുംവേണ്ടി ഏകാന്തത അന്വേഷിക്കുന്നതെന്തിനാണ്? കടിഞ്ഞാണ്‍ വലിക്കുമ്പോള്‍ കുതിര നില്ക്കുന്നതുപോലെ, ഏകാന്തത ദുരിതമാണെന്നു സ്ഥിരീകരിക്കാന്‍് തുടങ്ങിയ ചിന്താപ്രവാഹം നിന്നുപോയി. നിഷ്ഠ പറഞ്ഞു: ഏകാന്തസാധനയുടെ ആത്മപ്രചോദനം ദോഷകരമാകാന്‍ സാദ്ധ്യതയില്ല. വിശ്വാസം പറഞ്ഞു: ഈ മാര്‍ഗ്ഗത്തിലേക്ക് നയിച്ച ശക്തി തെറ്റായ മാര്‍്ഗ്ഗം കാണിച്ചുതരികയില്ല. ഭാവന പറഞ്ഞു: ജീവി തനിയെ വരുന്നു, തനിയെ പോകുന്നു: സ്വന്തം ശരീരമാകുന്ന മുറിക്കുള്ളിലിരുന്ന് തനിയേ കരയുന്നു. ഇങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട ഏകാന്തതയില്‍ അസുഖകരമായിട്ടെന്തെങ്കിലും തോന്നുന്നുണ്ടോ? സൂര്യന് തനിയെ ഗമിക്കുന്നു, ചന്ദ്രന്് തനിയെ ഉദിക്കുന്നു, വായു തനിയെ പ്രവഹിക്കുന്നു. ഇതില്‍ അവയ്ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
‘ചിന്തകള്‍ ചിന്തകളെ ഭേദിക്കുന്നു’ എന്ന മനശ്ശാസ്ത്ര സിദ്ധാന്തം തന്റെ കൃത്യം നിര്‍വഹിച്ചു. അരമണിക്കൂറിന് മുമ്പ് ശരിയാണെന്നു ഭാവിച്ചിരുന്ന ചിന്തകള്‍, മുറിഞ്ഞ മരം കണക്കെ താഴെവീണു. എതിര് ചിന്തകള്‍ അവയെ പരാജയപ്പെടുത്തി. അതുകൊണ്ടാണ് ആത്മജ്ഞാനികള്‍ അശുഭവിചാരങ്ങളെ ശുഭവിചാരങ്ങള്‍ കൊണ്ടു ഭേദിക്കുന്നതിന്റെ മാഹാത്മ്യം ഉപദേശിക്കുന്നത്. ദുരവിചാരങ്ങള് എത്രതന്നെ പ്രബലമാണെങ്കിലും ഉത്തമമായ പ്രതിപക്ഷവിചാരങ്ങളാല് ഭേദിക്കാന്‍ കഴിയും. അശുഭധാരണകളെ എങ്ങനെ ശുഭധാരണകള്ക്കനുരൂപമായി മാറ്റിയെടുക്കാമെന്ന് ആ ഏകാന്തരാത്രിയിലെ തിരിഞ്ഞു മറിഞ്ഞുള്ള കിടപ്പിനിടയില്‍ ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ ഏകാന്തതയുടെ പ്രയോജനത്തെയും ആവശ്യത്തെയും പറ്റി തലച്ചോറു ചിന്തിക്കാന്‍ തുടങ്ങി.
രാത്രി പതുക്കെ നീങ്ങിത്തുടങ്ങി. ഉറക്കം വരാത്തതിനാല്‍ കുടിലിനു വെളിയില്‍ വന്നു നോക്കിയപ്പോള്‍, പ്രിയതമനായ സാഗരവുമായി സമാഗമിക്കുവാന്‍ വ്യാകുലയായ പ്രിയതമയെപ്പോലെ ഗംഗാപ്രവാഹം പാഞ്ഞുകൊണ്ടിരുന്നു. മാര്‍ഗ്ഗമദ്ധ്യേ തടസ്സമുണ്ടാക്കാന്‍ കല്ലുകള്‍ ശ്രമിച്ചിരുന്നുവെങ്കിലും അതുകൊണ്ടൊന്നും ഗംഗയെ തടഞ്ഞു നിര്‍ത്താനായില്ല. കല്ലുകള്‍ കൊണ്ടുള്ള ആഘാതമേറ്റ് ശരീരത്തെല്ലാം മുറിവ് പറ്റിയിരുന്നെങ്കിലും ആരോടും പരാതിപ്പെടുകയോ, നിരാശയാവുകയോ ചെയ്തില്ല. ഈ പ്രതിബന്ധങ്ങളെപ്പറ്റി ഒട്ടും ശ്രദ്ധിച്ചതേയില്ല. ഇരുട്ടിനെപ്പറ്റിയോ വിജനതയെപ്പറ്റിയോ ഭയമില്ലായിരുന്നു. തന്റെ ഹൃദയേശ്വരനെ കാണാനുള്ള അഭിനിവേശം ഈ വക കാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കാന്‍ അവസരം കൊടുത്തിരുന്നില്ല. പ്രിയന്റെ ധ്യാനത്തില്‍ മുഴുകി, ഉറക്കവും വിശ്രമവും ഉപേക്ഷിച്ച് പ്രേമത്തിന്റെ ‘കളകള’ ഗാനം പാടി പായുന്നതില്‍ മാത്രം ഗംഗ ബദ്ധശ്രദ്ധയായി.
ചന്ദ്രന് തലയ്ക്കുമീതെ എത്തിയിരുന്നു. ഗംഗയുടെ അലകളില്‍ അതിന്റെ അനേകം പ്രതിബിംബങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. ഇതുകണ്ടപ്പോള്‍ ഒരേ ഒരു ബ്രഹ്മം അനേകം ശരീരങ്ങളില്‍ പ്രവേശിച്ച് ഒന്നിനെ പലതാക്കി കാട്ടുന്ന മായ ദൃശ്യരൂപത്തില്‍ ബോദ്ധ്യപ്പെടുത്തുകയാണെന്ന് തോന്നി. ദൃശ്യം വളരെ ആനന്ദദായകമായിരുന്നു. കുടിലില്‍ നിന്നിറങ്ങി ഗംഗയുടെ തീരത്തുവന്ന് ഒരു വലിയ കല്ലിന്റെ പുറത്തിരുന്ന് ഇമവെട്ടാതെ ആ സുന്ദരമായ കാഴ്ച കണ്ടുകൊണ്ടിരുന്നു. കുറേക്കഴിഞ്ഞുമയക്കം വന്നപ്പോള്‍ കല്ലിന്റെ പുറത്ത് കിടന്നുറങ്ങി.
എവിടെയാണ് ഏകാകിത്വം? എല്ലാംതന്നെ നിന്റെ സഹചരന്മാരാണ്, കൂട്ടാളികളാണ്. എല്ലാം ബന്ധുമിത്രാദികളാണ്.’
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: