ഒറ്റപ്പാലം: കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിനു മുന്നില്‍ മനോഹരമായ രണ്ടു ദീപ സ്തംഭങ്ങള്‍ ഉയര്‍ന്നു. മഹാശിവനും ഭഗവതിക്കുമായി ഏഴു തട്ടുള്ള ഓടില്‍ നിര്‍മ്മിച്ച ദീപസ്തംഭങ്ങളാണ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരനായ പ്രവാസിയുടെ സമര്‍പ്പണമായിട്ടാണ് ദീപസ്തഭം സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു മുന്‍വശത്തെ വിളക്കുമാടം പുതുക്കി പണിയുകയും ചെയ്തു. നാലു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന കുളപ്പുളളി കുണ്ടുതൊടി തറവാട്ടിലെ രാധാകൃഷ്ണന് നായരാണ് ദീപസ്തംഭ സമര്‍പ്പണം നടത്തിയത്.
കളംപാട്ട്- താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് എം.ആര്. മുരളിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതത്തോടയാണ് ചടങ്ങ് തുടങ്ങിയത്. വാദ്യ വിശാരത് മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, വാദ്യ കലാനിധി ചിറക്കല്‍ നിധീഷ്മാരാര് എന്നിവരുടെ ഇരട്ടത്തായമ്പകയും അറങ്ങേറി.
ജീവിതത്തിലെ അഭിമാന നിമിഷമാണ് ദീപസ്തംഭ സമര്‍പ്പണമെന്ന് രാധാകൃഷ്ണന് നായര്‍ പറഞ്ഞു. പ്രവാസ ജീവിതം നയിക്കുമ്പോഴും ആദ്ധ്യാത്മിക ചിന്ത കൈമോശം വരാതിരിക്കുന്നതില്‍ തൃപ്പുറ്റ ഭഗവതി ക്ഷേത്രത്തിന് വലിയ പങ്കുണ്ട്. ഫേസ് ബുക്കില്‍ പ്രൊഫൈയില്‍ ആയി നല്കിയിരിക്കുന്നതുപോലും തൃപ്പുറ്റ ക്ഷേത്രത്തിലെ കളമെഴുത്തിന്റെ ചിത്രമാണ്. നാട്ടില്‍ എത്തുമ്പോഴെല്ലാം ക്ഷേത്രദര്‍ശനം മുടക്കാറില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ചിക്കാഗോയില്‍ താമസിക്കുന്ന രാധാകൃഷ്ണന് നായര്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്നു. സി രാധാകൃഷ്ണന് ഉള്‍പ്പെടെ പ്രമുഖ സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം അമേരിക്കയിലെ വിവിധ സാഹിത്യ സമ്മേളനങ്ങളുടെ സംഘാടകനുമാണ്. എഴുത്തുകാരിയായ ലക്ഷ്മി നായരാണ് ഭാര്യ. ജയ് നായര്‍, സന്ധ്യ എന്നിവര്‍ മക്കളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: