ലഖ്നൗ: ഭാരതം ഇന്ന് കൈവരിക്കുന്ന നേട്ടങ്ങളെല്ലാം ഒരിക്കല്‍ അസാധ്യമെന്ന് കരുതിയിരുന്നവയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിജയകരമായ നേതൃത്വമാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേലുള്ള മതിപ്പിനെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശ്വാസത്തെ മാനിക്കുന്നതിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നതിലും മുന്‍സര്‍ക്കാരുകള്‍ പരാജയപ്പെട്ടപ്പോള്‍ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഇതുരണ്ടും ഉറപ്പാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ യശസ്സുയരുകയാണ്. അയോദ്ധ്യയില്‍ അന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. അതിന് ശേഷം ചരിത്രത്തിലാദ്യമായി യുഎഇയില്‍ പ്രൗഢഗംഭീരമായ ക്ഷേത്രം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇപ്പോള്‍ സംഭാലിലും. ശ്രീകല്ക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തെ ചൂണ്ടിക്കാട്ടി യോഗി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദശാബ്ദത്തില്‍ പുതിയ ഭാരതത്തിന്റെ ഉദയത്തിനാണ് നാം സാക്ഷിയായത്. ഈ പുതിയ യുഗത്തില്‍ ഒരോ ഭാരതീയന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും നയിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വത്തിനുണ്ട്. ഇവിടെ എല്ലാ യുവാക്കള്‍ക്കും ഉപജീവനമാര്‍ഗവും അവരുടെ വിശ്വാസത്തെ മാനിക്കുന്നതിലും ഉറപ്പ് നല്കുന്നു. ഇത് മോദിയുടെ ഗ്യാരന്റിയാണ്. അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു. ഇന്ന് 200ലധികം രാജ്യങ്ങള്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു. രാജ്യം വികസനക്കുതിപ്പിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: