ഏകാഗ്രമായ ധ്യാനത്തോടെ അനുഷ്ഠിക്കേണ്ട സത്ക്കര്‍മ്മമാണ് പൊരുത്തശോധന. പൊരുത്തശോധനയില്‍ പ്രധാനം ജാതകപ്പൊരുത്തശോധന. ജാതകപ്പൊരുത്തത്തില്‍ പ്രഥമ സ്ഥാനം ആയുര്‍യോഗത്തിന്. അങ്ങനെ നീളുന്നു ജാതകപരിശോധന പരിഗണനാക്രമം.
ജാതകപരിശോധന ഏറെ ശ്രമകരമായ കാര്യമാണ്. പാപസാമ്യവും ദോഷസാമ്യവും അവധാനതയോടെ നിര്‍വഹിക്കേണ്ടത് ദൈവജ്ഞന്റെ കര്‍ത്തവ്യമാണ്. സ്ത്രീപുരുഷ ജാതകങ്ങളിലെ പാപഭാവങ്ങളില്‍ നില്ക്കുന്ന പാപന്മാര്‍ക്ക് സമാനസ്വഭാവവും മൂല്യവും ഉണ്ടായിരിക്കുക എന്നതാണ് ഉത്തമ പാപസാമ്യം. ഇങ്ങനെ വരുന്നത് അപൂര്‍വം. അതുകൊണ്ട് കടുംപിടുത്തം ഉപേക്ഷിച്ച് ചില ലഘൂകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരാളുടെ ജാതകത്തിലെ പാപ ഭാവങ്ങളില്‍ (1,2,4,7,8,12)എവിടെയെങ്കിലും പാപന്മാര് നിലകൊണ്ടാല്‍ മറുജാതകത്തിലെ പാപ ഭാവങ്ങളില്‍ പാപന്മാര് എവിടെയെങ്കിലും നിന്നാല്‍ മതിയെന്നായി. അതിനു വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നുള്ളത് ശ്രദ്ധേയം. പാപന്മാര് കളങ്ങളില്‍ അറുത്തുമുറിച്ച് ഒരേ പോലെ നില്ക്കുന്ന ജാതകക്കാര് തമ്മിലുള്ള വിവാഹവും തമ്മില്‍ പിരിഞ്ഞു പോകുന്നതിന്റെ ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. കൂടുതല്‍ ചര്‍ച്ചയ്ക്കും സൂക്ഷ്മ നീരിക്ഷണത്തിനും വിധേയമാക്കേണ്ട വിഷയം.
പാപന്മാര് ആരൊക്കെ? പാപത്വം കുറയുന്ന സന്ദര്‍ഭങ്ങള്‍ ഏതെല്ലാം? പാപത്വം നിശ്ശേഷം ഇല്ലാതാകുന്നുണ്ടോ? ഇല്ലാതാകുന്നെങ്കില്‍ അത് ഏതൊക്കെ സാഹചര്യങ്ങളില്‍ ഇവ ഗൗരവത്തോടെ സമഗ്രമായി ചിന്തിക്കേണ്ട കാര്യങ്ങളാണ്. ഇതിനെല്ലാമുള്ള ഉത്തരം ആധികാരിക ജ്യോതിഷ ഗ്രന്ഥങ്ങളിലെല്ലാം അസന്നിഗ്ദ്ധമായി എഴുതിവച്ചിട്ടുണ്ടെങ്കിലും പ്രായോഗികതലത്തില്‍ പ്രാവര്‍ത്തിക്കമാക്കുമ്പോഴുണ്ടാകുന്ന വൈകല്യങ്ങള്‍ പാപന്മാര് കുടിയിരിക്കുന്ന ജാതകക്കാരുടെ വിവാഹ ജീവിതം നരകതുല്യമാക്കുന്നു.
രാഹു, രവി, ശനി, ചൊവ്വ ഇവരാണ് നൈസര്‍ഗ്ഗിക പാപന്മാര്. ഭാവങ്ങളില്‍ ഏഴും എട്ടും പരമപ്രധാനം. ക്ഷീണചന്ദ്രന്, കേതു എന്നിവര്‍ക്ക് ഇവിടെ വലിയ പരിഗണനയില്ല. എന്നാല്‍ ചില ജ്യോത്സ്യന്മാര് ഇവരെയും ഒന്നു സ്പര്‍ശിച്ചു പോകുന്നതുകാണാം. ക്ഷീണചന്ദ്രനെ അങ്ങനെയങ്ങു ഗൗനിക്കാറില്ലെങ്കിലും കേതുവിനെ പട്ടികയില്‍ തിരുകിക്കയറ്റി നിരപരാധികളുടെ തലയില്‍ പാപച്ചുമടു കയറ്റുന്നു. അതുകാരണം സ്വാഭാവികമായി നടക്കേണ്ട വിവാഹങ്ങള്‍ പാപത്തിന്റെയും സംശയത്തിന്റെയും നിഴല്‍പ്പാടില്‍ അലങ്കോലമാകുന്നു. ഇത് ശാസ്ത്രവിരുദ്ധം. പ്രാഡ്വിവാകന്റെ വിശ്വാസ്യതയെ ഇത് ചോദ്യം ചെയ്യുന്നു.
ഇന്ന് വിവാഹപ്പൊരുത്തം നോക്കാന്‍ ഒരാളെയല്ല സമീപിക്കുന്നത്. വധൂവരന്മാര്, രക്ഷിതാക്കള്‍ എന്നിവര്‍ പ്രത്യേകമായി ജ്യോത്സ്യനെ സമീപിക്കുന്നു. രണ്ടുപേരും ചേര്‍ന്ന് മൂന്നാമതൊരാളെക്കൊണ്ട് വേറെ നോക്കിപ്പിക്കുന്നു. ഫലത്തില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി എവിടെയെങ്കിലും കണ്ടാല്‍ എല്ലാവരും ഒരു പോലെ അസ്വസ്ഥരാകുന്നു. ശാസ്ത്രങ്ങളുടെ എല്ലാം ചക്ഷുസ്സായ ജ്യോതിഷത്തെ പഴിക്കുന്നു. പാരമ്പര്യക്കാര്‍ അക്കാദമീഷ്യന്മാരെയും അക്കാദമീഷ്യന്മാര് പാരമ്പര്യക്കാരെയും കുറ്റപ്പെടുത്തുന്നു. ആകെ ഒരു ഇരിക്കപ്പൊറുതിയില്ലായ്മ. പ്രായം തികഞ്ഞ് കവിഞ്ഞു നില്ക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ഉള്ളില്‍ തീ കത്തിപ്പടരുന്നു. ശാസ്ത്രം സത്യമാണ്. അതിനു ഒരിക്കലും വിരുദ്ധ സ്വഭാവം ഉണ്ടാകാന്‍ പാടില്ല.
പൊരുത്തം നോക്കാന്‍ പരിശോധനയ്കായെത്തുന്ന കുറിമാനങ്ങളില്‍ ഗ്രഹസ്ഫുടം, ഭാവസ്ഫുടം, ഗര്‍ഭശിഷ്ടദശ, എന്നിവ രേഖപ്പെടുത്തിയിട്ടുള്ളവ ചുരുക്കം. ജനനസമയം പോലും കൃത്യമല്ലാത്തവയും കാണാം. രാത്രിയോ പകലോ എന്നതും വ്യക്തമല്ല. ഒരുമയോടെയുള്ള ജീവിതാരംഭത്തിനു വിധിയെഴുതുന്ന മംഗളമുഹൂര്‍ത്തം ദുര്‍ലക്ഷണങ്ങളുടേതാകുന്നു.
ഏതെല്ലാം പരിശോധനാ ഘട്ടങ്ങള്‍ തരണം ചെയ്താണ് വിവാഹത്തിന് പൂര്‍ണ്ണാനുമതി നല്‍കുന്നതെന്ന് ദൈവജ്ഞര്‍ക്ക് അറിയാം. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ജ്യോതിഷികള്‍ക്ക് വ്യതസ്ത നിലപാടുകളുണ്ടാകാം അതുസ്വാഭാവികം. ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ വെളിച്ചത്തില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ പൊരുത്ത പത്രികയില്‍ രേഖപ്പെടുത്തണം. അതുസംബന്ധിച്ച് മറ്റൊരു ദൈവജ്ഞന് എന്തെങ്കിലും സംശയമുണ്ടാകുന്ന പക്ഷം അതിനുത്തരവാദിയായ ജ്യോതിഷിയുമായി ആശയവിനിമയം നടത്തണം. ശാസ്ത്രസത്യം സംശയരഹിതമായി വ്യക്തമാക്കിക്കൊടുക്കാന്‍ അതെഴുതുന്ന ആളിന് ബാധ്യതയുണ്ട്.
പാപത്വം കുറയുന്നതോ പൂര്‍ണ്ണമായും ഇല്ലാതാകുന്നതോ ആയ സാഹചര്യങ്ങള്‍ അധികം പേരും നിഷ്കൃഷ്ടമായി ചിന്തിച്ച് വിലയിരുത്തിക്കാണുന്നില്ല. ആധികാരികമായ ഗ്രന്ഥങ്ങളില്‍ത്തന്നെ വ്യത്യസ്തമായ നിലപാടുകളും പരാമര്‍ശങ്ങളും കാണുന്നതും വിരളമല്ല. വിഷയത്തിന്റെ ആഴവും പരപ്പും അറിഞ്ഞു ഗ്രഹിക്കുന്നതില്‍ ഉണ്ടാകുന്ന അപാകങ്ങള്‍ വിലയിരുത്തലുകളില്‍ പ്രകടമാകുന്നു.
ലഗ്നം, ചന്ദ്രന് ,ശുക്രന് എന്നിവ വച്ച് പാപം അളക്കുമ്പോള്‍ ലഗ്നത്തിനു ചിലര്‍ പ്രഥമസ്ഥാനം നല്കുന്നു. ചിലര്‍ ശുക്രന് മുഖ്യസ്ഥാനം കല്പിക്കുന്നു ചന്ദ്രനു മദ്ധ്യസ്ഥാനം. അതനുസരിച്ചുള്ള പാപമൂല്യവും നല്കുന്നു. ബലവാനായ ഗുരു പാപനെ ദൃഷ്ടി ചെയ്താല്‍ പാപത്വം കുറയുമെന്ന് ചിലര്‍ പറയുമ്പോള്‍ പാപത്വം അപകടകരമാംവിധം വര്‍ദ്ധിക്കുമെന്ന് മറ്റു ചിലര്‍.
ഗുരുശുക്രന്മാര്‍ ജാതകത്തില്‍ ബലവാന്മാരായാല്‍ എല്ലാ പാപവും സംഹരിക്കപ്പെടുമെന്ന് വേറെ ചിലര്‍. ലഗ്നവും ചന്ദ്രനും ശുക്രനും ഒരു രാശിയില്‍ (ഭാവത്തില്‍ ) വന്നാല്‍ ശുക്രാല്‍ പാപം കണക്കാക്കേണ്ടതില്ലെന്നും ലഗ്നവും ചന്ദ്രനും ഒരിടത്തു വന്നാല്‍ ചന്ദ്രാല്‍ പാപം പരിഗണിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. പാപന്മാര് ചന്ദ്രശുക്രലഗ്നാധിപന്മാരായി ശുഭയോഗദൃഷ്ടികളോടെ നിന്നാല്‍ പാപത്വം ഇല്ലാതാകുമെന്നും പറയുന്നു. പാപന്മാര് നില്‍ക്കുന്നയിടം സ്വഉച്ചനീചമൂലത്രികോണാദി ക്ഷേത്രമായാല്‍ പാപത്വം ഇല്ലാതാകുമെന്നും പ്രമുഖ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നു. യോഗകാരകന്മാരായ പാപന്മാര്‍ക്കു പാപത്വമേ ഇല്ലെന്ന അറുത്തു മുറിച്ചുള്ള എഴുത്തുകള്‍ വേറെ. വൈരുദ്ധ്യങ്ങള്‍ ഇനിയുമുണ്ട് ഒരുപാട്.
മേല്‍ നിഗമനങ്ങള്‍ ഒന്നും പൊരുത്തം നോക്കുമ്പോള്‍ ഐകരൂപ്യത്തോടെ ഭൂരിഭാഗം പേരും ദീക്ഷിച്ചു കാണുന്നില്ല. ശാസ്ത്രസത്യങ്ങള്‍ യുക്തി ഭദ്രമാകണം എങ്കിലേ വിശ്വാസ്യത വര്‍ദ്ധിക്കൂ. അതിനു മറ്റൊരിടത്തേക്കും പോകേണ്ട കാര്യമില്ല. നിലവിലുള്ള ജ്യോതിഷഗ്രന്ഥങ്ങള്‍ തന്നെ ധാരാളം. ജ്യോതിഷം യുക്ത്യധിഷ്ഠിതശാസ്ത്രമാണ്. മറ്റു ശാസ്ത്രങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളെ അതു അതിശയിച്ചു നില്കുന്നുവെന്നുമാത്രം.
മാരക ബാധകാധിപര്‍ ദുഃസ്ഥാനസ്ഥിതഗ്രഹങ്ങള്‍, ഗുളിക ഭവനാധിപന്, കേന്ദ്രാധിപത്യ ദോഷമുള്ള ശുഭന്മാര് (വ്യാഴനാണ് ദോഷമുള്ള ശുഭന്മാരില്‍ മുഖ്യന്) ഇവരൊക്കെ മറ്റേതെങ്കിലും തരത്തില്‍ ശുഭഫലം നല്കുന്ന സൂചനകള്‍ ജാതകത്തില്‍ ഇല്ലെങ്കില്‍ വരുത്തിവയ്ക്കുന്ന വിനകള്‍ പൊരുത്തശോധനയില്‍ പരിഗണിക്കുന്നതു നന്നായിരിക്കും. ഇവരുടെയൊക്കെ ദശകളില്‍ വധൂവരന്മാര്ക്ക് ഏറെക്ലേശങ്ങള്‍ സഹിക്കേണ്ടി വരുമെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: