Categories: Kerala

അടിയന്തരാവസ്ഥ അരുതാത്തതെന്ന് പറയാന്‍ മാര്‍ത്തോമ്മാ സഭ ആര്‍ജ്ജവം കാട്ടി: പി.എസ്. ശ്രീധരന്‍ പിള്ള

Published by

തിരുവല്ല: ഭയരഹിതമായി സമൂഹിക ഇടപെടലുകള്‍ നടത്തിയ ചരിത്രമുള്ള സഭയാണ് മാര്‍ത്തോമ്മാ സഭയെന്നും സമൂഹത്തിന് സര്‍ഗാത്മകത പകര്‍ന്ന് നല്കുന്നതില്‍ മാര്‍ത്തോമ്മാ സഭ എക്കാലവും മുന്‍പന്തിയിലായിരുന്നുവെന്നും ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ 75-ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ അരുതാത്തതെന്ന് പ്രഖ്യാപിച്ച ഏക സഭ മാര്‍ത്തോമ്മ സഭയാണ്. സഭയ്‌ക്കും സമൂഹത്തിനും വേണ്ടി സമര്‍പ്പിതനായ ആചാര്യശ്രേഷ്ഠനാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെന്നും ഗവര്‍ണര്‍ പറഞ്ഞു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടു പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നീങ്ങാന്‍ കഴിഞ്ഞ സഭയാണ് മാര്‍ത്തോമ്മാ സഭ എന്നും സംവാദങ്ങള്‍ക്ക് പ്രാമുഖ്യം നല്കി ആശയതലങ്ങളിലും പ്രായോഗിക തലങ്ങളിലും മികച്ച സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന മെത്രാപ്പോലിത്തയാണ് തിയഡോഷ്യസ് മാര്‍ത്തോമ്മാ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ മറുപടി പ്രസംഗം നടത്തി. ആന്റോ ആന്റണി എംപി, അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മുന്‍ മന്ത്രി തോമസ് ഐസക്, ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക