ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലാണ് ബിഎസ്പി മത്സരിച്ചത്.
എന്നാൽ തങ്ങളുടെ പാർട്ടി ഇത്തവണ ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. സഖ്യം പോലുള്ള കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മായാവതി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും, സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓരോ ദിവസവും പ്രചരിക്കുന്നു. ബിഎസ്പി ഇല്ലെങ്കിൽ ചില പാർട്ടികൾ വിജയിക്കില്ലെന്ന് ഇത് തെളിയിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ജനങ്ങളുടെ ശക്തി ഉപയോഗിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം, മായാവതി പറഞ്ഞു. സഖ്യമായിരുന്നപ്പോൾ ബിഎസ്പിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
1990 മുതൽ 2000 വരെ ഉത്തർപ്രദേശിലെ പ്രധാന രാഷ്‌ട്രീയ ശക്തിയായിരുന്നു ബിഎസ്പി. പിന്നീട് ശക്തി ക്ഷയിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12.8 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവുമാണ് മായാവതിക്ക് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: