ജമ്മു : സഞ്ചാരികളുടെ കണ്ണിന് കുളിർമയായി കശ്മീരിൽ മഞ്ഞ് വീഴ്ച. ഗുൽമാർഗ് സ്കീയിംഗ് റിസോർട്ട് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്.
ബുധനാഴ്ച മുതൽ നാലാമത് ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് സ്കീയിംഗ് റിസോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.5 അടിയോളം മഞ്ഞുവീഴ്ച ഉണ്ടായതായിട്ടാണ് അധികൃതർ അറിയിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ താഴ്‌വരയിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ, സമതലങ്ങളിലെ ഇനിയും മഞ്ഞ് പെയ്യാൻ സാധ്യത ഏറെയാണെന്ന്കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
താഴ്‌വരയിലെ കുപ്‌വാര, ഹന്ദ്വാര, സോനാമാർഗ് മേഖലകളിലും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതൽ ശ്രീനഗർ നഗരം ഉൾപ്പെടെ താഴ്‌വരയുടെ ബാക്കി ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശ്രീനഗറിൽ 12.4 മില്ലീമീറ്ററും ഖാസിഗുണ്ടിൽ 12.8 മില്ലീമീറ്ററും മഴ ലഭിച്ചു. പഹൽഗാം (18.6 മില്ലിമീറ്റർ), കുപ്‌വാര (42.7 മില്ലിമീറ്റർ), കോക്കർനാഗ് (8.0 മില്ലിമീറ്റർ) എന്നിവിടങ്ങളിലും ഇതേ കാലയളവിൽ കാര്യമായ മഴ ലഭിച്ചു.
ജമ്മു മേഖലയിലും മഴ പെയ്തിട്ടുണ്ട്. റംബാൻ ജില്ലയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലിൽ ഉണ്ടായതിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: