തിരുവനന്തപുരം: ആറ്റുകാലമ്മയുടെ ദര്‍ശനത്തിനായി ദേവീമന്ത്രങ്ങളുരുവിട്ട് ഭക്തജനപ്രവാഹം. പൊങ്കാല മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ അവധി ദിവസമായതിനാല്‍ ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും തിരക്കിന് ഒട്ടും കുറവില്ല. തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള കഥയാണ് തോറ്റം പാട്ടുകാര്‍ ഞായറാഴ്ച അവതരിപ്പിച്ചത്. കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണ്ണനകളാണ് ഇന്ന് പാടുന്നത്. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും ധാരാളം പേരെത്തുന്നുണ്ട്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് തെളിയിക്കാനും തിരക്കേറുകയാണ്.
ചൊവ്വ,വെള്ളി ദിവസങ്ങളിലാണ് നാരങ്ങാവിളക്ക് നേര്‍ച്ചയ്ക്ക് ഉത്തമമെങ്കിലും ഉത്സവ ദിവസങ്ങളിലും നല്ലതെന്ന വിശ്വാസത്തിലാണ് ഭക്തര്‍ നാരങ്ങാവിളക്ക് തെളിയിക്കുന്നത്. രാഹുര്ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ഭക്തന് നേരിട്ട് സമര്‍പ്പിക്കുന്ന ഒരു ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് തെളിക്കുന്നതിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം. പൊതുവെ അഞ്ച്, ഏഴ്, ഒമ്പത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത്.
കുത്തിയോട്ടത്തിനുള്ള വ്രതം ഇന്ന് മുതല്‍ ആരംഭിക്കും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം നാളാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നത്. 12 വയസ്സിന് താഴയുള്ള ബാലന്മാരെയാണ് കുത്തിയോട്ട വ്രതം നോക്കുന്നത്. 606 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ടത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കിഴക്കേകോട്ടയില്‍ നിന്നും തമ്പാനൂരില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ഇരുപത് ഇലക്ട്രിക് ബസുകളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളിലെ അതേ ടിക്കറ്റ് നിരക്കാണ് ആറ്റുകാല്‍ ക്ഷേത്രം സ്പെഷ്യല്‍ സര്‍വീസിലും ഈടാക്കുന്നത്. പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: