ബെംഗളൂരു: പുതിയ പുള്ളിപ്പുലി സഫാരി പാര്‍ക്ക് ആരംഭിക്കാനൊരുങ്ങി ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് (ബിബിപി). നിലവിലുള്ള സിംഹ-കടുവ സഫാരി പാര്‍ക്കുകളുമായി യോജിപ്പിച്ച് പുതിയ സഫാരി ആരംഭിക്കാന്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ഖന്ധ്രെ അടുത്തിടെ മൃഗശാല മാനേജ്മെന്റിന് അനുമതി നല്‍കിയിരുന്നു.
സഫാരിയുടെ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വനം വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത ഒന്നര മാസത്തിനുള്ളില്‍ സഫാരി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. എന്നാല്‍, തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണെങ്കില്‍, മെയ് മാസത്തിലോ പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് ശേഷമോ സഫാരി തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സഫാരിക്കായി ബിബിപി 20 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 12 ഓളം പുള്ളിപ്പുലികളെ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് 20 പുള്ളിപ്പുലികളെ കൂടി അധികമായി കൊണ്ടുവരും. സഫാരിയില്‍ പ്രദര്‍ശനത്തിനായി നിശ്ചയിച്ചിട്ടുള്ള എല്ലാ പുള്ളിപ്പുലികളും ഒരു വയസ്സില്‍ താഴെയുള്ളവയാണ്. മൃഗശാലയില്‍ ആകെ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ടെന്ന് ബിബിപി മാനേജ്മെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: