ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ രാമക്ഷേത്രം: ചരിത്രപരവും മഹത്തായതുമായ നേട്ടം, എന്ന പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാതന പുണ്യനഗരമായ അയോദ്ധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മിച്ചത് രാജ്യത്തിന് ചരിത്രപരവും മഹത്തായതുമായ നേട്ടമാണ്. അടുത്ത ആയിരം വര്‍ഷത്തേക്ക് ഭാരതം രാമരാജ്യമാണെന്ന തുടക്കത്തിന്റെ പ്രഖ്യാപനമാണതെന്നും പ്രമേയം പറയുന്നു. 2019 നവംബര്‍ ഒന്‍പതിലെ സുപ്രീംകോടതിയുടെ വിധിക്കുശേഷം, മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ യാതൊരു കാലതാമസവുമില്ലാതെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് രൂപീകരിച്ചു. അതിന്റെ ഫലമായി ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു. നാല് വര്‍ഷത്തിനുള്ളില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്ന ലക്ഷ്യം ഭാരതം നിറവേറ്റുകയാണ്. ശ്രീരാമന് തന്റെ വാക്കുകളിലും ചിന്തകളിലും സന്നിവേശിപ്പിച്ച മൂല്യങ്ങളാണ് സബ്കാ സാത്ത്, സബ്കാ വികാസ് എന്നതിന്റെ പ്രചോദനവും സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയുടെ അടിസ്ഥാനവുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രം ദേശീയ ബോധത്തിന്റെ ക്ഷേത്രമായി മാറിയെന്നും വികസിതഭാരതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പ്രമേയം പറയുന്നു.
നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും തുല്ല്യനീതിക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന നമ്മുടെ ഭരണഘടന, രാമരാജ്യത്തിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പില്‍ പോലും, മൗലികാവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമുണ്ട്. മൗലികാവകാശങ്ങള്‍ക്കുള്ള പ്രചോദനം ഭഗവാന് ശ്രീരാമനാണ് എന്നതിന്റെ തെളിവാണത്. രാമക്ഷേത്രം ഭാരതത്തിന്റെ ദര്‍ശനത്തിന്റെയും തത്ത്വചിന്തയുടെയും പാതയുടെ പ്രതീകമാണ്. കോടിക്കണക്കിന് രാമഭക്തരുടെ അഭിലാഷത്തിന്റെയും നേട്ടത്തിന്റെയും ദിനമായിരുന്നു ജനുവരി 22. ഭാരതത്തിന്റെ ആത്മീയ ബോധത്തിന്റെ നവോത്ഥാനവും മഹത്തായ ഭാരതത്തിലേക്കുള്ള യാത്രയുടെ തുടക്കവുമായിരുന്നു അത്.
ക്ഷേത്രസമര്പ്പണത്തോടെ, രാഷ്ട്രം, അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് സ്വയം മോചിതരായി, ഭൂതകാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ ഭാരതം രചിക്കുന്നു, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനും പൊതുജന പങ്കാളിത്തത്തിന്റെ ശക്തി ലഭിച്ചു. നയങ്ങളിലൂടെയും നേതൃത്വത്തിലൂടെയും അദ്ദേഹം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ത്തി.
ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവും ചരിത്രപരവുമായ അഭിമാനം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പുനഃസ്ഥാപിക്കപ്പെട്ടു. അമൃതകാലത്തിന്റെ ഈ യുഗത്തില്‍ മോദി രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഭഗവാന് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടര്ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നല്ല ഭരണം സ്ഥാപിച്ചുകൊണ്ട് രാമരാജ്യത്തിന്റെ ആത്മാവ് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ശ്രീരാമക്ഷേത്രം നിര്‍ണായക പങ്കുവഹിക്കുമെന്നും പ്രമേയം പറയുന്നു.
നിറഞ്ഞ കൈയടികളോടെയും ജയ് ശ്രീരാം വിളികളോടെയുമാണ് പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: