തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ ചട്ടം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചതില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംഭവത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 16 ന് ചേര്‍ന്ന സെനറ്റ് യോഗം റദ്ദ് ചെയ്‌തേക്കും. ഇത് സംബന്ധിച്ച് രാജ്ഭവന്‍ നിയമോപദേശം തേടി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറുടെ നോമിനികളും രാജ്ഭവനിലെത്തി പരാതി നല്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് കേരള വിസി ഡോ. മോഹന്‍കുന്നുമ്മലിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു. വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിസി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിസിക്ക് പിന്നാലെ രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറെയും വിളിച്ചുവരുത്തി. പ്രോ ചാന്‍സലറായ മന്ത്രി സെനറ്റ് യോഗം നിയന്ത്രിച്ചതിലെ ചട്ടലംഘനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. കൂടാതെ യോഗം റദ്ദ് ചെയ്യുന്നതിലെ സാങ്കേതികതയും ആരാഞ്ഞു. മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും യോഗം റദ്ദ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. വിസിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും നടപടിയിലേക്ക് നീങ്ങുക.
അതേസമയം ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമാവകാശം ഉണ്ടെന്ന് മന്ത്രി ബിന്ദു ആവര്‍ത്തിച്ചു. എല്ലാം നിയമം അനുസരിച്ചാണെന്നും ഗവര്‍ണര്‍ കോടതിയില്‍ പോകട്ടെയെന്നും ബിന്ദു പറഞ്ഞു.
ക്രിമിനലുകളോട് മറുപടി പറയാന്‍ ഇല്ലെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്നും ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ നിയമ വിരുദ്ധ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ താളം തെറ്റിക്കുകയാണ്. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാതിരിക്കുന്നതോടെ കേരള സര്‍വകലാശാലയിലടക്കം ഒമ്പതിടങ്ങളില്‍ സ്ഥിരം വിസിമാരില്ല. കേരളയിലടക്കം പ്രതിനിധികളെ നല്കിയില്ലെങ്കില്‍ ആ സ്ഥാനം ഒഴിച്ചിട്ട് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാം. അത്തരം നടപടികളിലേക്ക് ഗവര്‍ണര്‍ നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: