ഭാരതത്തിന്റെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവയ്ക്കപ്പെടുന്ന പേരായിരിക്കും അന്മോല് ഖര്‍ബ്. ഇക്കഴിഞ്ഞ കാലമത്രയും കോര്‍ട്ടില്‍ ഇറങ്ങാന്‍ താരങ്ങള്‍ ധാരാളമുണ്ടായിട്ടും, നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദ്ദത്തിനടിപ്പെടാതെ അര്‍ഹിച്ച വിജയത്തെ കൈപ്പിടിയിലാക്കാനുള്ള ശേഷി ആതാണ് അന്മോല് ഖര്‍ബ് എന്ന 17വയസ്സുള്ള കൗമാരക്കാരിയില്‍ കണ്ട വലിയ മേന്മ.
ഇന്നലെ കൊടിയിറങ്ങിയ ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഫൈനലില്‍ താരത്തിന്റെ തകര്‍പ്പന്‍ സ്ട്രോക്ക് പ്ലേ ആണ് ഹൈലൈറ്റായി മാറിയത്. നിര്‍ണായക ഘട്ടത്തില്‍ ഭാരതത്തിന് കടുപ്പമേറിയ വിജയം അനായാസം സമ്മാനിച്ചുകൊണ്ടാണ് അന്മോല് തന്റെ പേര് ലോകത്തിന് മുന്നില്‍ കൂടുതല്‍ മികവുറ്റതാക്കിയത്. തന്നിലൂടെ ഭാരത ബാഡ്മിന്റണിനായി വമ്പന്‍ നേട്ടം കൂടിയാണ് താരം നേടിത്തന്നത്.
സധൈര്യം കളിക്കാനുള്ള ഈ കൗമാരക്കാരിയുടെ കളിവൈഭവത്തെ മത്സര ശേഷം ഭാരതത്തിലെ പ്രമുഖ ബാഡ്മിന്റണ്‍ പരിശീലകനും മുന്‍ താരവുമായ ഗോപീചന്ദ് പ്രശംസിച്ചു. അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ ഏറെ ആത്മവിശ്വാസത്തിലായിരുന്നു. സമ്മര്‍ദ്ദം ഒട്ടും അലട്ടിയില്ല. രാജ്യത്തിനായി ആദ്യ സുവര്‍ണനേട്ടം എന്നത് മാത്രമായിരുന്നു ചിന്ത- മത്സരശേഷം അന്മോല് ഖര്‍ബ് പ്രതികരിച്ചു.
ടൂര്‍ണമെന്റില്‍ മൂന്ന് മത്സരം മാത്രമാണ് അന്മോല് കളിച്ചത്. ബിഡബ്ലിയുഎഫ് റാങ്കിങ്ങില്‍ 472-ാം സ്ഥാനത്താണ് താരം. ടൂര്‍ണമെന്റില്‍ താരം തോല്‍പ്പിച്ച മൂന്ന് പേരും റാങ്കിങ്ങില്‍ ബഹുദൂരം മുന്നിലുള്ളവര്‍. പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചത് ചൈനയുടെ വൂ ലൂ യുവിനെ ആണ്. ലോക റാങ്കങ്ങില്‍ 149-ാം സ്ഥാനത്തുള്ള താരമാണ് ഈ ചൈനക്കാരി. അല്‍പ്പം കട്ടിയേറിയ പോരാട്ടത്തില്‍ സ്കോര്‍: 22-20, 14-21, 21-18നായിരുന്നു അന്‍മോലിന്റെ വിജയം.
പിന്നെ താരത്തെ കാണുന്നത് ചരിത്രം കുറിച്ചെത്തിയ സെമി പോരാട്ടത്തിലാണ്. കരുത്തരായ ജപ്പാനെതിരെ. ശനിയാഴ്ച്ച നടന്ന ആ പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ 29-ാം സ്ഥാനത്തുള്ള നാറ്റ്സുകി നിദായ്റ ആയിരുന്നു അന്‍മോലിന്റെ എതിരാളി. അവിടെയും നിര്‍ണായകമായ അഞ്ചാം മത്സരത്തിലാണ് ഭാരത വനിതാ ടീമിനായി അന്മോല് ഇറങ്ങിയത്. ജപ്പാന്റെ കരുത്തുറ്റതാരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഭാരത കൗമാരതാരം തറപറ്റിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ഇതിന്റെ തനിയാവര്‍ത്തനമായിരുന്നു. സെമിയല്‍ പരാജയപ്പെട്ട സിന്ധു ഇന്നലെ ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു എന്നത് മാത്രമായിരുന്നു വ്യത്യാസം. ഒടുവില്‍ മത്സരം തായ്ലന്‍ഡുമായി 2-2ല്‍നില്‍ക്കെ മത്സരം നിര്‍ണായകമായ അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഭാരതത്തിനായി ഇറങ്ങിയത് അന്മോല് ഖര്‍ബ്. നേരിട്ടത് പൊണ്പിച ചോയികീവോങ്ങിനെ. ആ പോരാട്ടം അവസാനിച്ചത് ഭാരതത്തിന്റെ കന്നി കിരീട നേട്ടത്തില്‍. വഴി തെളിച്ചത് അന്മോല് ഖര്‍ബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: