തിരുവനന്തപുരം: തന്റെ വാഹനം തടയാനും കരിങ്കൊടികാണിക്കാനും എസ് എഫ് ഐക്കാരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായിക്കുന്നുവെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലം നിലമേലിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിൽ പിടിയിലായവരില്‍ ഏഴ് പേര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് തനിക്ക് വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. തന്നെ നിരോധിത സംഘടനയെ ഉപയോഗിച്ച് നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയായത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. താൻ ആരെയും അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ ചുമതലപ്പെടുത്തിയില്ല. മന്ത്രി പ്രോ വൈസ് ചാൻസിലർ സ്ഥാനത്തിരുന്നു നടത്തിയത് ചട്ടലംഘനമാണ്. മന്ത്രി നടത്തിയത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: