മോസ്‌കോ : റഷ്യയില്‍ പ്രസിഡന്റ് പുട്ടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവല്‍നി (47) ജയിലില്‍ മരിച്ചതില്‍ ദുരൂഹത ഏറുന്നു. മൃതദേഹം എത്രയും വേഗം കുടുംബത്തിനു വിട്ടുനല്‍കണമെന്ന് നവല്‍നിയുടെ അഴിമതിവിരുദ്ധ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയായാലേ മൃതദേഹം വിട്ടുനല്‍കൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവല്‍നിയോട് ആദരം പ്രകടിപ്പിച്ച് മോസ്‌കോ, സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ഉല്‍പ്പെടെ റഷ്യയിലെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. 212 പേരെ അറസ്റ്റ് ചെയ്തു.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ ജയിലില്‍ നവല്‍നിയെ വധിച്ചതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ആരോപിച്ചു. വടക്കുകിഴക്കന്‍ മോസ്‌കോയില്‍നിന്ന് 1900 കിലോമീറ്റര്‍ അകലെ യമോല നെനറ്റ്‌സ് പ്രവിശ്യയിലെ ഖര്‍പ് ജയിലില്‍ പ്രഭാത സവാരിക്കുശേഷം നവല്‍നി കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് അമ്മ ലുഡ്മില നവല്‍നയയ്‌ക്ക് അധികൃതര്‍ നല്‍കിയ അറിയിപ്പിലുള്ളത്.
ജയിലില്‍ എത്തിയ അമ്മയും അഭിഭാഷകനും രണ്ട് മണിക്കൂറോളം കാത്തുനിന്നെങ്കിലും മൃതദേഹം പരിശോധനയ്‌ക്കായി സമീപത്തെ പട്ടണത്തിലേക്കു കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് അവിടെയെത്തിയെങ്കിലും മോര്‍ച്ചറി അടച്ചിട്ട നിലയിലായിരുന്നു. ശാസ്ത്രീയപരിശോധനാ ഫലം വരാന്‍ ഒരാഴ്ചയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക