ഷാ അലം(മലേഷ്യ): ഭാരത വനിതാ ബാഡ്മിന്റണ്‍ ടീമിന്റെ ചരിത്ര നേട്ടത്തിന് പൊന്‍ കിരീടത്തിന്റെ തിളക്കം. ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ് സെമി പ്രവേശത്തോടെ ചരിത്രത്തിലെ ആദ്യ മെഡല്‍ ഉറപ്പിച്ച ടീം ഇന്നലെ ഫൈനലില്‍ കിരീടനേട്ടം കൊയ്തു. ആവേശകരമായ ഫൈനലില്‍ തായ്ലന്‍ഡിനെ 3-2ന് കീഴടക്കിയാണ് പി.വി. സിന്ധുവിന്റെ നേതൃത്വത്തിലുള്ള ടീം വിജയം കൈവരിച്ചത്.
ഫൈനലില്‍ നിര്‍ണായകമായ അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ അന്മോല് ഖര്‍ബ് ആണ് ഭരതത്തിന് അന്തിമ വിജയം സമ്മാനിച്ചത്. നേരിട്ടുള്ള ഗെയിമിനായിരുന്ന 17കാരി അന്‍മോലിന്റെ നേട്ടം. സിംഗിള്‍സ് പോരാട്ടത്തിലൂടെ പരിചയ സമ്പന്നയായ പി.വി. സിന്ധുവും ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും ഭാരതത്തിനായി ഫൈനലില്‍ വിജയം കൈവരിച്ചു.
സിന്ധുവാണ് ആദ്യ പോരാട്ടത്തിനായി ഇറങ്ങിയത്. ലോക റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തുള്ള സിന്ധുവിന് എതിരാളി 17-ാം റാങ്കിലുള്ള സുപാനിഡ കെയ്റ്റ്തോങ് ആയിരുന്നു. സമീപകാലത്തെ അപേക്ഷിച്ച് ഏറെ ആത്മവിശ്വാസത്തോടെയാണ് സിന്ധു ഫൈനലില്‍ പൊരുതിയത്. അതിന്റെ ഫലവും മത്സരത്തിനൊടുവില്‍ കണ്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 21-12, 21-12ന് രണ്ട് ഗെയിമുകളിലും ഗംഭീര വിജയമാണ് നേടയത്. വെറും 39 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സിന്ധുവിന് സാധിച്ചു. ഇന്നലത്തേത് ഇരുവരും തമ്മിലുള്ള ഏട്ടാമത്തെ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. സിന്ധു താരത്തിനെതിരെ നേടിയത് കരിയറിലെ അഞ്ചാമത്തെ വിജയമാണ്.
രണ്ടാം പോരാട്ടം ഡബിള്‍സിലായിരുന്നു. ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തുള്ള ട്രീസയും ഗായത്രിയും ചേര്‍ന്ന് ലോക റാങ്കിങ്ങില്‍ പത്താമതുള്ള ഡബിള്‍സ് വനിതകളെ അട്ടിമറിച്ചു. തായ്ലന്ഡുകാരികളായ ജോങ്കോല്‍ഫാന്‍ കിറ്റിതരകുല്-റാവിന്‍ഡ പ്രജോങ്ജായ് ആണ് ട്രീസ-ഗായത്രി സഖ്യത്തിന് മുന്നില്‍ കീഴടങ്ങിയത്. സ്കോര്‍: 21-16, 18-21, 21-16. ഇതോടെ ഭാരതം 2-0ന്റെ ലീഡിലായി. മലയാളി താരം ട്രീസ ജോളി കണ്ണൂര്‍ ചെറുപുഴ പുളിങ്ങോം സ്വദേശിയാണ്.
മൂന്നാം മത്സരത്തിനിറങ്ങിയ അഷ്മിത ചാലിഹയെ തായ്ലന്ഡ് സിംഗിള്‍സ് താരം ബുസനാന്‍ ഒങ്ബാംറുങ്ഫാന് തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റിനാണ് ചാലിഹയെ തകര്‍ത്തത്. സ്കോര്‍: 21-11, 21-14
പിന്നീട് നടന്ന ഡബിള്‍സ് പോരാട്ടവും ഭാരതത്തിന് തിരിച്ചടിയായി. പ്രയ കൊഞ്ചെങ്ബാം-ശ്രുതി മിശ്ര സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. ബെന്യാപാ അയിംസാര്ഡ്- നുന്തകാണ് അയിംസാര്ഡ് സഖ്യം മത്സരം വിജയിച്ചുകൊണ്ട് തായ്ലന്‍ഡിന് സമനില നേടിക്കൊടുത്തു.
തുടര്‍ന്നാണ് മത്സരത്തിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം അരങ്ങേറിയത്. സെമിക്ക് പിന്നാലെ ഒരിക്കല്‍ കൂടി അന്മോല് ഖര്‍ബിന്റെ പോരാട്ട വീര്യം പ്രകടമായി. ഏറെ സമ്മര്‍ദ്ദകരമായ അഞ്ചാം റൗണ്ടില്‍ ലോക റാങ്കില്‍ 45-ാം സ്ഥാനത്തുള്ള പൊണ്പിച ചോയ്കീവോങ്ങിനെ അന്മോല് തകര്‍ത്തു. ബിഡബ്ലിയുഎഫ് റാങ്കിങ് 472ലുള്ള അന്മോല് നേരിട്ടുള്ള ഗെയിമിന് സ്കോര്‍: 21-14, 21-9ന്റെ തകര്‍പ്പന്‍ വിജയത്തിലൂടെ ചരിത്രം സൃഷ്ടിച്ചു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം പുരുഷ ടീം 2016ലും 2020ലും നേടിയ വെങ്കല നേട്ടമായിരുന്നു. ഈ രണ്ട് വര്‍ഷങ്ങളിലും സെമിയിലെത്തിയ ടീം പരാജയപ്പെട്ടതാണ്. ഇത്തവണ ഭാരതത്തിന്റെ പുരുഷ ടീം ക്വാര്‍ട്ടറില്‍ പുറത്തായി. പാരിസ് ഒളിംപിക്സിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഭാരത വനിതാ ടെന്നിസ് ടീമിന്റെ ഈ വമ്പന്‍ നേട്ടമെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: