തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണാ വിജയന്റെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളിയതോടെ എസ് എഫ് ഐഒ ഉടന്‍ വീണയുടെ മൊഴി എടുത്തേക്കുമെന്നറിയുന്നു. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കുമെന്ന് എസ് എഫ് ഐഒയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
നേരത്തെ എസ് എഫ് ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആര്‍എല്ലിലും കെഎസ് ഐഡിസിയിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണയുടെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെ സിപിഎമ്മിനും വീണാ വിജയനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. വീണാ വിജയനെ ഈ ആഴ്ചയോ അടുത്തയാഴ്ചയോ എസ് എഫ് ഐ ഒ ചോദ്യം ചെയ്തേക്കുമെന്ന് സൂചന
2013ലെ കമ്പനീസ് ആക്ട് 210ാം വകുപ്പ് പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212ാം വകുപ്പ് പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്താന്‍ പാടില്ലെന്നായിരുന്നു വീണാ വിജയന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളി. സോഫ്റ്റ് വെയര്‍ സേവനക്കരാറിന്റെ പേരില്‍ 1.72 കോടി രൂപ വീണ വിജയന്റെ എക്സാലോജിക്കിന് നല്‍കിയെന്ന് എസ് എഫ് ഐഒ വാദിച്ചു.
ഈ കേസില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് അഭിഭാഷകനെ വെച്ചത്. ഇനി കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ വീണയ്ക്ക് സമീപിക്കാം. പക്ഷെ അതിന് നല്ലൊരു തുക ഇനിയും ചെലവഴിക്കേണ്ടിവരും. ഇപ്പോള്‍ തന്നെ കൊടിയേരിയുടെ മക്കള്‍ക്കില്ലാത്ത സംരക്ഷണം പിണറായി വിജയന്റെ മകള്‍ക്ക് സിപിഎം നല്കുന്നു എന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണ്ണാടക ഡിവിഷന് ബെഞ്ചിനെ ലക്ഷങ്ങള്‍ ചെലവാക്കി സമീപിച്ചാലും വിധി എതിരായാല്‍ വന്‍തിരിച്ചടിയാകും എന്നും പാര്‍ട്ടിക്കും പിണറായി വിജയനും ഭയമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയമായ വേട്ടയാടലാണ് വീണാ വിജയനെതിരായ അന്വേഷണമെന്നാണ് തുടക്കത്തില്‍ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഹൈക്കോടതികളില്‍ നിന്നും (കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും) തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതോടെ സിപിഎം ഇപ്പോള്‍ മൗനം പാലിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കേസന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിയാല്‍ മാത്രം രാഷ്ട്രീയമായി പാര്‍ട്ടി പ്രതിരോധിച്ചാല്‍ മതിയെന്നും കേസ് നടത്തിപ്പും അന്വേഷണം ഉള്‍പ്പെടെയുള്ള നൂലാമാലകളും വീണാവിജയനും എക്സാലോജിക്കും സ്വന്തം നിലയില്‍ നേരിടട്ടെ എന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.
എസ് എഫ് ഐഒ അന്വേഷണത്തിലേക്ക് എത്തിയത് രജിസ്ട്രാര്‍ ഓഫ് കമ്പനി (ആര്‍ഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ചില പൊരുത്തക്കേടുകളുണ്ടെന്ന് ആര്‍ഒസി നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് എസ് എഫ് ഐഒ രംഗത്തെത്തിയത്. ചെയ്യാത്ത സേവനത്തിന്റെ പേരിലാണ് കരിമണല്‍ ഖനനക്കമ്പനിയായ സിഎംആര്‍എല്‍ മാസം തോറും വീണ വിജയന് ലക്ഷങ്ങള്‍ നല്കിക്കൊണ്ടിരുന്നത്. ഇതിന് പ്രത്യുപകാരമെന്നോണം സിഎംആര്‍എല്ലിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: