കാണുവാന്‍ കഴിഞ്ഞീല
ചങ്ങാതിമാരേ വിട-
വാങ്ങിടും മുന്‍പേയെന്റെ
മോഹങ്ങള്‍ കുറിക്കാനും.
ഇത്ര വേഗത്തില്‍ മൃത്യു-
വെത്തുമെന്നറിഞ്ഞീല
പത്രത്തില്‍ കണ്ടപ്പോഴാം
നിങ്ങളുമോര്ത്തൂ എന്നെ!
ജനിച്ച ദേശത്തിന്റെ
ഹരിതച്ചാര്ത്തില് നിന്നും
മരിക്കാന്‍ നേരത്തെന്തി-
നിങ്ങോട്ടു തിരിച്ചെന്നു
ചിന്തിക്കയാവാം നിങ്ങള്‍
ഉത്തരമില്ല നല്കാന്,
എന്തിനെന്നറിയില്ല-
യെനിക്കും കൂട്ടിക്കോളൂ.
പ്രാണനെ വെടിഞ്ഞുടല്
മാത്രമായവിടേക്കു
ത്രാണിയില്ലെത്താന്, മണി-
ച്ചേട്ടനു മാപ്പേകുക.
ഒറ്റയ്ക്കു മഴയത്തു
കുടയും നിവര്‍ത്തിക്കൊ-
ണ്ടൊറ്റ ശ്ലോകങ്ങള്‍ ചൊല്ലി
നടന്ന മണ്ണിന് മാറില്‍
കിടക്കാന്‍ മോഹിച്ചു ഞാന്‍,
നിങ്ങളും എന്നാലാരോ
അടക്കാന്‍ തിടുക്കത്തില്‍
അടുപ്പു കൂട്ടി ദൂരെ.
മടങ്ങാന്‍ കഴിഞ്ഞീല
അവസാനമായ് പണ്ടു
നടന്ന വഴിയിലൂ-
ടതു മാത്രമെന്‍ ദുഃഖം.
എങ്കിലുമുണ്ടാകും ഞാന്‍
ദേശത്തെയോരോ നാട്ടു –
മാവിലും മധുരിക്കും
ഓര്മയായെക്കാലവും.
മുടങ്ങാതെത്തും ശിവ-
രാത്രിക്കു മണപ്പുറ-
ത്തൊഴുകും പുരുഷാര-
പ്പുഴയിലെന് നാട്ടുകാര്‍
അര്‍പ്പിക്കും തിലോദക-
മേറ്റുവാങ്ങുവാ,നൊരു-
നോക്കു കാണുവാ,നൊന്നു
മുങ്ങി നിവരാന്‍ കൂടി.
കുറിപ്പ്: ആലുവ ദേശത്തു ജനിച്ച കവി എന്‍.കെ. ദേശം അവസാനത്തെ 3 വര്‍ഷം ചെലവഴിച്ചത് അങ്കമാലി കോതകുളങ്ങരയിലാണ്. സംസ്കരിച്ചതും അവിടെത്തന്നെ. മരണ ശേഷം ദേശത്തിന്റെ മണ്ണില്‍ വിലയം പ്രാപിക്കാന്‍ അദ്ദേഹത്തിലെ കവി മോഹിച്ചിരിക്കുമോ എന്ന ചിന്തയില്‍ നിന്ന് ഉണ്ടായതാണ് അന്ത്യാഭിലാഷം എന്ന കവിത. ഹരിതം എന്നാണ് ദേശം തലക്കൊള്ളിയിലുള്ള കവിയുടെ വീടിന്റെ പേര്. എന്‍. കുട്ടിക്കൃഷ്ണപിള്ള എന്ന എന്‍.കെ. ദേശത്തെ മണിച്ചേട്ടന് എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: