ന്യൂദൽഹി: വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പോളിനെ ഒരു മെഡിക്കൽ കോളേജിൽ നിന്ന് മറ്റൊരു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് ചെയ്തത്. ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ബോർഡ് വെച്ചാൽ മാത്രം മെഡിക്കൽ കോളേജ് ആകില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദേശങ്ങൾ ഉണ്ട്. വനം മന്ത്രി എന്ത് ചെയ്യുന്നു എന്ന് മനസിലാകുന്നില്ല. അദ്ദേഹം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഇരുന്ന് ടി വി കാണുന്നു. വനം മന്ത്രി എന്താണ് കാണുന്നത് എന്ന് അറിയില്ല. സർവ്വകക്ഷി യോഗത്തിൽ പോകാൻ പോലും വനം മന്ത്രി തയ്യാറാകുന്നില്ല. വനം മന്ത്രിയെ പുറത്താക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖം പരിപാടി എന്ന് പറഞ്ഞ് കോഴിക്കോട് വരുന്നത് പി.ആർ വർക്കിനാണ്. പിണറായി വിജയന്റെ പരിപാടിയുടെ ചെലവ് 18 ലക്ഷം രൂപയാണ്. മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വയനാട് എം പി ഇപ്പോഴങ്കിലും മണ്ഡലത്തിൽ എത്തിയത് നന്നായി. മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ എംപിക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ. കേന്ദ്രം നൽകിയ പണം ഉപയോഗിക്കണം. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്. ടൂറിസ്റ്റ് മനോഭാവത്തിന് അപ്പുറം സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. വന്യജീവി പ്രശ്നങ്ങൾ ഉള്ളിടത്ത് കേന്ദ്ര നിർദ്ദേശം പാലിക്കാൻ എംപി സംസ്ഥാന സർക്കാരിൽ സമർദ്ദം ചെലുത്തണം.
ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കണ്ണ് തുറന്ന് കാണണം. കേരളത്തിൽ ബിജെപിയിൽ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഭരണ കക്ഷിക്കും ബിജെപിയിലേക്ക് സ്വാഗതമെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: