ന്യൂദല്‍ഹി: അയോദ്ധ്യാ കേസ് വിചാരണവേളയില്‍ സുപ്രീംകോടതി ജഡ്ജിമാരെ വിസ്മയിപ്പിച്ച പണ്ഡിതന്. ജന്മാന്ധകാരത്തെ ജ്ഞാനപ്രകാശത്തിലൂടെ മറികടന്ന ജഗദ്ഗുരു രാമഭദ്രാചാര്യ. അയോദ്ധ്യയിലാണ് ശ്രീരാമന് ജനിച്ചതെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും വേദങ്ങളിലെയും പൗരാണിക ഗ്രന്ഥങ്ങളിലെയും വിവരണങ്ങളിലൂടെ ആചാര്യന് അവതരിപ്പിച്ചപ്പോള്‍ ന്യായാധിപന്മാര് ആ ജ്ഞാനതപസ്വിയെ മനസാ നമിച്ചു.
സംസ്കൃതത്തിലും ഹിന്ദിയിലുമായി 240ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള രാമഭദ്രാചാര്യ 1950 ജനുവരി 14ന് മകര സംക്രാന്തി ദിവസം ഉത്തര്‍പ്രദേശിലെ ശാന്തിഖുര്‍ദ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പൂര്‍വ്വാശ്രമനാമം ഗിരിധര്‍ മിശ്ര. രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ അന്ധനായിത്തീര്‍ന്ന ഇദ്ദേഹം ബ്രെയിലി ലിപിയടക്കം ഒരു സഹായവും ഉപയോഗിച്ചിട്ടില്ല.
ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും ആചാര്യനുമാണ് രാമഭദ്രാചാര്യ. ജഗദ്ഗുരു രാമഭദ്രാചാര്യ ദിവ്യാംഗ യൂണിവേഴ്സിറ്റിയുടെ സ്ഥാപകന്‍, ആജീവനാന്ത ചാന്‍സലര്‍. 22 ഭാഷ സംസാരിക്കുന്ന അദ്ദേഹം നിമിഷകവിയുമാണ്. സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
തുളസീദാസ രാമചരിതമാനസം, ഹനുമാന് ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങള്‍, അഷ്ടാദ്ധ്യായിയുടെ സംസ്കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയിയുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും അദ്ദേഹം രചിച്ചു. രാമായണ – ഭാഗവത കഥകള്‍ പൊതുസദസുകളില്‍ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്. 2015ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: