തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിയെ കാപ്പ് കെട്ടി കുടിയിരുത്തി പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെ രാവിലെ എട്ടിനാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടന്നത്.
പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആടയാഭരണങ്ങള്‍ അണിഞ്ഞ ദേവിയെ പാട്ടിലൂടെ വര്‍ണിച്ച് പാടി കുടിയിരുത്തുന്ന ഭാഗം എത്തിയതോടെ ആചാരവെടികള്‍ മുഴങ്ങി. ഇതോടെ കാപ്പുകെട്ടല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. ഒന്നാം ദിവസത്തെ പാട്ടും പൂജയും നടത്തുന്ന നെടിയവിളാകം കുടുംബക്കാര് വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പു കെട്ടാനുള്ള പുറുത്തിനാരും ക്ഷേത്രത്തിലെത്തിച്ചിരുന്നു.
പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്റെ കൈയിലും കെട്ടി. ഉത്സവം കഴിയുന്നതു വരെ മേല്‍ശാന്തി പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തുടരും.
കുംഭ മാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമായ 25ന് പൊങ്കാല നടക്കും. പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേല്‍ശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം സമാപിക്കും. വൈകീട്ട് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനത്തില്‍ വച്ച് ആറ്റുകാല്‍ ട്രസ്റ്റ് നല്കുന്ന അംബാ പുരസ്കാരം ജോര്‍ജ് ഓണക്കൂറിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: