വൃന്ദാവനം, സ്‌നേഹത്തിന് അതിര്‍ വരമ്പുകളില്ലാത്ത നിത്യപ്രണയത്തിന്റെ ദിവ്യ ഭൂമിക. അതൊരു ലക്ഷ്യസ്ഥാനമല്ല. ഹൃദയത്തെയും മനസിനെയും നിരന്തരം ശുദ്ധീകരിക്കുന്ന ആത്മീയ യാത്രയുടെ ഭാഗമായൊരിടം. അവിടെ അനന്തമായൊഴുകുന്ന ഭക്തി മനുഷ്യ മനസിനെ പവിത്രമാക്കുന്നു. മുന്നോട്ടുവയ്‌ക്കുന്ന ഓരോ ചുവടും ഭക്തന് ആത്മസാക്ഷാത്കാരത്തിനുള്ള ചവിട്ടുപടിയാവുന്നു. ചെലവഴിക്കുന്ന ഓരോ നിമിഷവും ആത്മീയ വളര്‍ച്ചയിലേക്കുള്ള പാതയാവുന്നൊരിടം. അവിടെയെത്തുമ്പോള്‍ ഭക്തമനസ് ബഹു വര്‍ണ്ണങ്ങളാല്‍ നിറയുന്നു. ഭക്തി വിവിധവര്‍ണ്ണങ്ങളാല്‍ ജീവിതചിത്രം വരയ്‌ക്കുന്നു. അവന് മുമ്പില്‍ പ്രപഞ്ച രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. ഭക്തനവിടെ തിരിച്ചറിയുന്നത് സൃഷ്ടികളിലെയെല്ലാം ഏകത്വമാണ്. ആ പുണ്യഭൂമികയുടെ ഓരോ കോണിലും ആ ദിവ്യപ്രേമത്തിന്റെ സ്മരണകള്‍ ഇന്നും നിറഞ്ഞൊഴുകുന്നതായി അനുഭവപ്പെടുന്നു. ഭാരതത്തിലെ നിത്യപ്രണയത്തിന്റെ പ്രതീകമായ വൃന്ദാവനം. രാധ കൃഷ്ണ പ്രണയ സ്മരണയില്‍ ഭക്തന്‍ അലിഞ്ഞു ചേരുന്ന പുണ്യഭൂമി.
അനശ്വരമായ രാധാ കൃഷ്ണ പ്രണയം
നീലക്കടമ്പുകള്‍ പൂക്കുന്ന യമുനയുടെ തീരത്ത് കണ്ണന്റെ മുരളിയില്‍ നിന്നൊഴുകുന്ന വേണു നാദത്തിന്റെ മാധുര്യത്തില്‍ രാധയും വൃന്ദാവനവും അവരറിയാതെ അലിഞ്ഞുചേര്‍ന്നിരുന്നു. വൃന്ദാവനത്തിന് അത് കേവലമൊരു വേണുനാദം മാത്രമായിരുന്നില്ല. ഭാഗവാനില്‍ നിന്നും ലഭിച്ചിരുന്ന പ്രസാദമായിരുന്നു. തിരികെ സ്‌നേഹമാകുന്ന ഗംഗാപ്രവാഹമായി രാധാറാണിയും കൃഷ്ണനിലേക്ക് ഒഴുകിയിരുന്നു. അങ്ങനെ പരസ്പര സ്‌നേഹമെന്ന മഹാസാഗരത്തില്‍ സ്വയം അലിഞ്ഞുചേരുന്നതായിരുന്നു അവരുടെ നിര്‍മ്മല ഭക്തി. ശ്രീകൃഷ്ണനോടുള്ള ഉപാധികളില്ലാത്ത സ്‌നേഹത്തിനും ഭക്തിക്കും പേരുകേട്ടവളായിരുന്നു രാധ. അതുകൊണ്ടല്ലേ വൃന്ദാവനം ഉപേക്ഷിച്ചു കണ്ണന്‍ മഥുരയിലേക്ക് പോകുമ്പോള്‍ ഗോപികമാരെല്ലാം ദുഃഖിതരായി കരഞ്ഞുകൊണ്ട് കണ്ണനെ അനുഗമിച്ചിട്ടും രാധ മാത്രം പോവാതിരുന്നത്. അവള്‍ക്ക് അറിയാമായിരുന്നു കണ്ണന്‍ മനസുകൊണ്ടെന്നും രാധയ്‌ക്കൊപ്പമുണ്ടെന്ന്. രാധയും ഭഗവാന്റെ ഹൃദയത്തില്‍ സദാ വസിക്കുന്നു. അവര്‍ പരസ്പര പൂരകങ്ങളാണ്. രാധയില്ലെങ്കില്‍ കൃഷ്ണനോ കൃഷ്ണനില്ലെങ്കില്‍ രാധയോയില്ല.
ഇരുവരുടെയും കണ്ടുമുട്ടലിനെ സംബന്ധിച്ച് നിരവധി കഥകളാണ് ഭാരതത്തിലുള്ളത്. വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്റെ പിതാവായ നന്ദഗോപര്‍ക്കൊപ്പം ഗോക്കളെ മേയ്‌ക്കുവാന്‍ വയലിലെത്തിയപ്പോഴാണ് ഭഗവാന്‍ ആദ്യമായി രാധയെ കണ്ടു മുട്ടുന്നതെന്നാണ് ഒരു വിശ്വാസം. തന്റെ ദിവ്യശക്തി കൊണ്ട് അദ്ദേഹം അവിടെ മഴ പെയ്യിച്ചു. മഴ കനത്തപ്പോള്‍ നിഷ്‌കളങ്കമായ മുഖഭാവത്തോടെ ഒന്നും അറിയാത്തതുപോലെ കുട്ടിയായ അദ്ദേഹം കരയുവാന്‍ തുടങ്ങി. തന്റെ കുട്ടിയെയും കന്നുകാലികളെയും ഒരുപോലെ പരിപാലിക്കേണ്ടതിനാല്‍ പിതാവ് നന്ദര്‍ വിഷമിതനായി. ഈ വേളയില്‍ അവരുടെ അരികിലേക്ക് ഒരു സുന്ദരിയായ സ്ത്രീ കടന്നു വന്നു. കൃഷ്ണനെ ആ സ്ത്രീയെ ഏല്‍പ്പിച്ച ആശ്വാസത്തില്‍ ആ പിതാവ് ഗോക്കളുടെ അടുത്തേക്ക് പോയി. ആ സ്ത്രീയും ശ്രീകൃഷ്ണനും തനിച്ചായിരുന്നവേളയില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് തലയില്‍ മയില്‍പ്പീലി ചൂടി കൈകളില്‍ പുല്ലാങ്കുഴലുമായി ഇരുണ്ട നീലനിറത്തോടെയുള്ള മേനിയോടെ ഒരു യുവാവിന്റെ രൂപത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഭൂമിയില്‍ അവതരിക്കുന്നതിന് മുന്‍പ് നമ്മള്‍ ദേവലോകത്തായിരുന്നത് ഓര്‍ക്കുന്നുണ്ടോയെന്ന് ഭഗവാന്‍ ചോദിച്ചു. അതെയെന്ന് അവള്‍ മറുപടി നല്‍കി. അങ്ങനെയാണ് മനുഷ്യരായി ഭൂമിയില്‍ അവതാരമെടുത്ത ശേഷം രാധയും കൃഷ്ണനും കണ്ടുമുട്ടിയത്. ജനിച്ചയുടന്‍ രാധ മിഴികള്‍ തുറന്നിരുന്നിരുന്നില്ലെന്ന് വിശ്വസിക്കുന്നു. ഭാഗവാനെയാണ് രാധ ആദ്യമായി ദര്‍ശിക്കുന്നത്. തന്റെ ഭഗവദ് ദര്‍ശനത്തിനായി അവള്‍ ക്ഷമയോടെ കാത്തിരുന്നു. കാളിയനെ വധിക്കാന്‍ ഭഗവാന്‍ പുറപ്പെട്ടപ്പോള്‍ വൃന്ദാവനത്തിലുള്ളവര്‍ അത്യന്തം ഭയഭീതരായി. അവര്‍ കണ്ണനു വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നാല്‍ രാധ മാത്രം മൗനം പാലിച്ചു. കാരണം അവള്‍ക്കു കൃഷ്ണനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. കൃഷ്ണനെ രക്ഷിക്കാന്‍ എന്തിനും തയ്യാറായി അവള്‍ നിന്നു.
ഇനിയും വൈദേശിക നിര്‍മ്മിതികളോ?
രാധാകൃഷ്ണ പ്രണയം തങ്ങളുടെ പ്രചോദനമായി കരുതുന്ന കോടിക്കണക്കിന് ദമ്പതിമാരുണ്ട് ഭാരതത്തിലും പുറത്തും. എന്നാല്‍ ഇത്രയും ഉന്നതമായ ജീവിത സന്ദേശങ്ങള്‍ നല്‍കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ കൃഷ്ണനും രാധയും പ്രണയത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുമ്പോള്‍ അധിനിവേശ കഥകളെ എന്നു മുതലാണ് നാം മസ്തിഷ്‌കത്തില്‍ ചുമക്കുവാന്‍ തുടങ്ങിയത്? അഖണ്ഡ ഭാരതത്തിലേക്ക് അധിനിവേശ ശക്തികള്‍ വരും മുന്‍പ് ഇന്ന് നാം കൊണ്ടാടുന്ന മറ്റ് പ്രണയ കഥകളെക്കുറിച്ച് ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഭാരത കുടുംബങ്ങള്‍ പിന്തുടര്‍ന്നിരുന്ന മാതൃകകള്‍ ശിവ പാര്‍വതിയും സീതാരാമനും വിഷ്ണു ലക്ഷ്മിമാരെയുമായിരുന്നു. അമൃതകാലത്തിലേക്ക് കടക്കുന്ന ഭാരതത്തിനാവശ്യം അധിനിവേശ വ്യാജ നിര്‍മ്മിതികളില്‍ വിശ്വസിച്ചുകൊണ്ട് ജീവിക്കുന്ന ഒരു സമാജത്തെയല്ല. പകരം ഭാരത സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന, ആത്മവിശ്വാസത്തോടെ മുന്നേറുന്ന സമാജത്തെയാണ്. ഇന്ന് ഭാരതീയര്‍ വ്യാപകമായി ആഘോഷിക്കുന്ന ഒരു ദിനമാണല്ലോ ഫെബ്രുവരി 14 ലെ വാലന്റയിന്‍സ് ദിനം. റോമന്‍ സാമ്രാജ്യ കാലഘട്ടം മുതല്‍ ആഘോഷിക്കപ്പെടുന്ന പ്രണയദിനമാണിത്. റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസ് രണ്ടാമനാല്‍ വധിക്കപ്പെട്ട ടെര്‍ണിയിലെ വിശുദ്ധ വാലന്റൈന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. റോമന്‍ സൈനികര്‍ക്കിടയില്‍ രഹസ്യമായി ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നടത്തുന്നതിനും, നിയമ വിരുദ്ധമായി ക്രിസ്തുമതം പ്രസംഗിക്കുന്നതിനും തടവിലാക്കപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു വാലന്റൈന്‍. തടവിലാക്കിയ ശേഷവും ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍, ജയിലറുടെ മകളുമായി അദ്ദേഹം പ്രണയത്തിലായി. തുടര്‍ന്ന് ജയിലറുടെ കുടുംബം മതം മാറി. ഈ വാര്‍ത്ത ചക്രവര്‍ത്തിയുടെ കാതിലെത്തി. ഫെബ്രുവരി 14-ന് വാലന്റൈനെ വധശിക്ഷയ്‌ക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കിയ ദിവസം അദ്ദേഹം ജയിലറുടെ മകള്‍ക്ക് ‘നിങ്ങളുടെ വാലന്റൈനില്‍ നിന്ന്’ എന്നു തുടങ്ങുന്ന ഒരു കത്തയച്ചിരുന്നു. ക്രിസ്ത്യന്‍ മത നേതൃത്വം അദ്ദേഹത്തിന്റെ വധശിക്ഷ ഓര്‍മ്മിക്കപ്പെടുവാന്‍ അതില്‍ പ്രണയത്തിന്റെ മേമ്പൊടി ചേര്‍ത്ത് ആഘോഷിക്കുവാന്‍ തുടങ്ങി.
യഥാര്‍ത്ഥത്തില്‍ പ്രണയത്തിന്റെ പേരിലല്ല പകരം നിയമ വിരുദ്ധമായ മതംമാറ്റത്തിന് പിടിക്കപ്പെട്ടതിനാലാണ് അദ്ദേഹം വധിക്കപ്പെട്ടത്. പ്രണയം ചേര്‍ത്തുള്ള കഥ പിന്നീട് കൊളോണിയല്‍ കാലഘട്ടത്തില്‍ ലോകമെമ്പാടും പ്രചരിച്ചു. കൊളോണിയല്‍ സംസ്‌കാരത്തിന്റെ പിടിയില്‍ നിന്ന് മോചിതരാവാത്തവര്‍ ഇന്നും ഇത് ആഘോഷമാക്കുന്നു. മറ്റൊന്ന് താജ്മഹലെന്ന പ്രണയത്തിന്റെ സ്മാരകമാണ്. തന്റെ പ്രിയപത്‌നി മുംതാസിനായി ഷാജഹാന്‍ നിര്‍മിച്ചതാണ് താജ്മഹലെന്നും, അത് ലോകാത്ഭുതമാണെന്നും ലോകം വിശ്വസിക്കുന്നു. താജ്മഹല്‍ പൂര്‍ണ്ണമായും ഷാജഹാന്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് പറയുവാന്‍ സാധിക്കില്ല. തല്‍സ്ഥാനത്തെ ക്ഷേത്രസങ്കേതത്തിന്റെ ഭാഗമായ നിര്‍മ്മിതി ഷാജഹാന്‍ പിടിച്ചെടുക്കുകയും അതില്‍ മാര്‍ബിള്‍ പൊതിഞ്ഞതാണെന്നുമുള്ള വാദങ്ങളുള്‍പ്പടെ നിരവധി സംശയങ്ങള്‍ക്ക് നടുവിലാണ് ആ നിര്‍മ്മിതിയുള്ളത്. പ്രണയത്തിന്റെ സ്മാരകമെന്ന് പറയുമ്പോള്‍ പോലും സ്വന്തം കൈകള്‍ നഷ്ടമായ ഒരു ശില്‍പിയുടെ ദുരന്ത ജീവിതത്തിന്റെ പ്രതീകം കൂടിയാണ് താജ്മഹല്‍.
തന്റെ ജീവിതത്തിലൂടെ എന്ത് സന്ദേശമാണ് ഷാജഹാന്‍ ലോകത്തിന് നല്‍കിയത്. ധര്‍മപാലനത്തിനായി അധികാരം ഉപേക്ഷിച്ചു വനവാസത്തിനായി പുറപ്പെട്ട ശ്രീരാമന്റെ ദേശത്താണ് സ്വന്തം പിതാവിനെ തടവിലാക്കി അധികാരത്തിലേറിയ മുഗളരെ ഒരു മാതൃകയായി അവതരിപ്പിക്കുന്നത്. ഷാജഹാന്റെ പ്രണയങ്ങള്‍ ശരീരികമായിരുന്നു. ഭൗതികമായിരുന്നു. മുംതാസിന്റെ മരണശേഷം അവരുടെ സഹോദരിയെ അദ്ദേഹം വിവാഹംകഴിച്ചു. മുംതാസിനെ കൂടാതെ നിരവധി ഭാര്യമാരും അല്ലാത്തവരുമായ സ്ത്രീകള്‍ ഷാജഹാനുണ്ടായിരുന്നു. അതുകൊണ്ടല്ലേ അമ്പതോളം പ്രത്യേക മുറികള്‍ താജ്മഹലില്‍ അദ്ദേഹം ഒരുക്കിയത്. ഇങ്ങനെ നിരവധി ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിയും ഒരു നിര്‍മ്മിതിയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു സംസ്‌കാരത്തിന്റെ ജ്വലിക്കുന്ന സ്മരണകളെ അപ്പാടെ വിഴുങ്ങുന്ന സ്ഥിതിയാണ് ഭാരതത്തിലുള്ളത്. ക്രൈസ്തവ-ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് വൈദേശിക ആശയങ്ങള്‍ ഭാരതത്തില്‍ നേടിയ സ്വാധീനത്തിന്റെ ഫലമല്ലേയിത്?
പരസ്പര പൂരകമായ മഥുരയും വൃന്ദാവനവും
കൃഷ്ണനും രാധയെയും പോലെ പരസ്പര പൂരകമാണ് മഥുരയും വൃന്ദാവനവും. എന്നാല്‍ ഭഗവാന്റെ ജന്മസ്ഥാനം ഇസ്ലാമിക അധിനിവേശത്തിന്റെ പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു. മാതാ ദേവകി ഭഗവാന് ജന്മം നല്‍കിയ കംസന്റെ തടവറ നിന്നിരുന്നയിടത്താണ് നിലവില്‍ ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത്. 1670-ലെ റംസാന്‍ മാസത്തില്‍ ജനുവരി 27 നാണ് മഥുരയിലെ കേശവ ക്ഷേത്രം പൊളിക്കാന്‍ മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഉത്തരവിട്ടത്. പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ഉത്തരവില്‍ ക്ഷേത്രം പൊളിച്ചു വിഗ്രഹങ്ങള്‍ ആഗ്രയിലെ ബീഗം സാഹിബ് മസ്ജിദിന്റെ പടിക്കെട്ടിനടിയില്‍ കുഴിച്ചിടാനാണ് ഔറംഗസേബ് കല്‍പ്പിച്ചത്. പൊളിച്ച ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചത്. 162 വര്‍ഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഷാഹി ഈദ്ഗാ മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ ഹിന്ദുക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1935-ലെ അലഹബാദ് ഹൈക്കോടതി വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നു. ഇന്നും മഥുരയിലെ റവന്യൂ രേഖകളില്‍ പള്ളി പണിതിരിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സ്ഥാനത്ത് ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ട്രസ്റ്റ് എന്നാണ് എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ റവന്യൂ വകുപ്പിന്റെ രേഖകളില്‍ ഷാഹി ഈദ്ഗാ മസ്ജിദിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ പേരില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അത് ഭഗവാന്റെ ജന്മസ്ഥാനമാണെന്നുള്ളതിന്റെ നിരവധി തെളിവുകളും ലഭ്യമാണ്. മഥുര അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിയാല്‍ മാത്രമേ വൃന്ദാവനത്തിന് അതിന്റെ ജീവനും ശോഭയും പൂര്‍ണമായി തിരികെ ലഭിക്കുകയുള്ളൂ.
ഒരിക്കല്‍ തീര്‍ത്ഥരാജന്‍ (പ്രയാഗ് രാജ്) ഭഗവാനോട് ചോദിച്ചു എല്ലാ പുണ്യസ്ഥലങ്ങളുടെയും രാജാവായി തന്നെ കണക്കാക്കുന്നുവെങ്കില്‍ എന്തുകൊണ്ട് വൃന്ദാവനം മാത്രം അതില്‍ നിന്നും വ്യത്യസ്തമാകുന്നു? അതുകേട്ട് ഭഗവാന്റെ കണ്ണുകള്‍ നിറഞ്ഞു. കണ്ണീരോടെ അദ്ദേഹം മറുപടി പറഞ്ഞു: ഞാന്‍ നിന്നെ എല്ലാ പുണ്യസ്ഥലങ്ങളുടെയും രാജാവാക്കിയത് സത്യമാണ്. പക്ഷേ എന്റെ ജന്മദേശം അതില്‍ ഉള്‍പ്പെടുന്നില്ല. പുണ്യ ഭൂമിയായ വൃന്ദാവനം എന്റെ ജന്മഗൃഹം മാത്രമല്ല എന്റെ പ്രിയപ്പെട്ട രാധയുടെ വിനോദങ്ങളുടെ പുണ്യസ്ഥലം കൂടിയാണ്. അവിടെ ഞങ്ങള്‍ ശാശ്വതമായി വസിക്കുന്നു. മഥുര വിട്ട് ദ്വാരകയിലേക്ക് പോയിട്ടും രാധയെന്ന വാക്ക് ഭഗവാനിലെപ്പോഴും അശ്രു പൊഴിച്ചിരുന്നു.ഇതായിരുന്നു രാധാകൃഷ്ണ പ്രേമത്തിന്റെ ആഴം. ഭാരതത്തിലെ പ്രണയത്തിന്റെ പ്രതീകങ്ങള്‍ ശ്രീകൃഷ്ണനും രാധയുമാണ്. അതിന്റ യഥാര്‍ത്ഥ പ്രതിനിധിയാണ് വൃന്ദാവനം. അവിടെ കാണാനാവുക സ്‌നേഹമാണ്. പാട്ടിന്റെ രൂപേണ, നൃത്തതിന്റെ രൂപേണ അങ്ങനെ വിവിധ രൂപങ്ങളില്‍ സ്‌നേഹം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. രാധായാകുന്ന ആനന്ദത്തെ നമ്മള്‍ അവിടെ ദര്‍ശിക്കുന്നു. രാധയിലൂടെ ശ്രീകൃഷ്ണനിലേക്കെത്തുന്നു. ജീവന്മാവില്‍ നിന്നും പരമാന്മാവിലേക്കുള്ള യാത്ര. ഇരുവരും നല്‍കുന്ന ജീവിത സന്ദേശത്തിന്റെ ആഴം മറ്റ് ഏത് കഥകള്‍ക്കും സംസ്‌കാരത്തിനും നല്‍കുവാന്‍ സാധിക്കും. ഈ സ്‌നേഹ ബന്ധത്തെയും ആനന്ദത്തെയും തേടി എത്രയോ ആളുകളെത്തുന്നു.
താനൊരു ഹിന്ദുവും ഭാരതീയനുമാണെന്ന് ആര്‍ക്കൊക്കെ ഉറച്ച ശബ്ദത്തില്‍ പറയാം അവര്‍ക്കൊക്കെ ശ്രീകൃഷ്ണനും രാധയുമൊക്കെ തങ്ങളുടെ പൂര്‍വികരാണ്. ഏത് മതം പിന്തുടരുന്നവരായാലും അതിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഹിന്ദു സംസ്‌കാരവും ഉന്നത മൂല്യങ്ങള്‍ ലോകത്തിന് ചൊരിയുന്ന അതിന്റെ പൂര്‍വികരും. അതുകൊണ്ടല്ലേ ‘ഞാനൊരു നരനാകുമെങ്കില്‍ ഗോകുല ഗ്രാമത്തിലെ ഒരു പശുപാലകനായി ജീവിക്കാനെന്നെ അനുവദിക്കണം, ഞാനൊരു മൃഗമാകുമെങ്കില്‍ നന്ദന്റെ പശുക്കള്‍ക്കിടയില്‍ ജീവിക്കാന്‍ എപ്പോഴുമെന്നെ അനുവദിക്കണം, ഞാനൊരു പാറയാകുമെങ്കില്‍ ഇന്ദ്രന്റെ കൊടുങ്കാറ്റിനെതിരെ കൃഷ്ണന്‍ ഉപയോഗിച്ച കുന്നിന്‍ മുകളിലെ പാറകളിലോന്നാവാന്‍ എന്നെ അനുവദിക്കണം, ഞാനൊരു പക്ഷിയാകുമെങ്കില്‍ യമുനാ നദിയുടെ തീരത്തെ കദംബ മരത്തിന്റെ ശാഖകളില്‍ ജീവിക്കാനെന്നെ അനുവദിക്കണ’മെന്ന് കൃഷ്ണ ഭക്തനും പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇസ്ലാമിക കവിയുമായ റാസാഖാന്‍ അഭിപ്രായപെട്ടത്.
(ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: