ബെംഗളൂരു: എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള 1.73 കോടി രൂപയുടെ ഇടപാട് മാത്രമല്ല എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്ളതെന്നും സിഎംആര്‍എല്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കൈമാറിയ 135 കോടി രൂപയും അന്വേഷണ പരിധിയിലുണ്ടെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. നിയമത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകന്റെ ശ്രമങ്ങളെ ദുര്‍ബലമായ വാദമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അന്വേഷണം റദ്ദാക്കാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തുതകള്‍ കണ്ടെത്താന്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ചുവെന്നും അത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുള്ള യഥാര്‍ത്ഥ ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് എസ്എഫ്ഐഒ പോലെ വിപുലമായ അധികാരങ്ങളുള്ള ഏജന്‍സി തന്നെ കേസ് അന്വേഷിക്കുന്നത് നല്ലതാണെന്ന് കോടതി വ്യക്തമാക്കിയത്.
ഇത്തരം കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാണ്. അതിസങ്കീര്‍ണമായ ധാരാളം പ്രക്രിയകള്‍ ഇത്തരം കേസുകളില്‍ വേണ്ടിവരും. സൂക്ഷ്മവും സങ്കീര്‍ണവുമായ വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാമര്‍ഥ്യമുള്ള എസ്എഫ്ഐഒ തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കും-അന്വേഷണത്തെ സാധൂകരിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന വിധിയില്‍ പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ വീണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്കു മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങി.
എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്.
വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയുമായി സമീപിച്ചത്. എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ അന്വേഷണം ആര്‍ക്കൊക്കെ തിരിച്ചടിയാകുമെന്നത് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: