കോട്ടയം: തദ്ദേശ സ്ഥാപനങ്ങിലെ സ്ഥാനങ്ങളെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം എല്‍ഡിഎഫില്‍ പ്രതിസന്ധിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഭരണവിരുദ്ധ വികാരത്തോടൊപ്പം മുന്നണിയിലെ തര്‍ക്കവും കൂടിയാകുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണ്.
പാലാ മുനിസിപ്പാലിറ്റിയിലാണ് തര്‍ക്കം തുടങ്ങിയത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഭിന്നത രൂക്ഷമായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നു. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളും പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ആദ്യദിവസം മാറ്റിവച്ചു. അടുത്ത ദിവസം നടന്ന യോഗത്തിലും കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം റോസമ്മ തോമസായിരുന്നു വൈസ് പ്രസിഡന്റ്. മുന്നണി ധാരണ പ്രകാരമാണ് റോസമ്മ തോമസ് രാജിവച്ചത്. ധാരണ പ്രകാരം സിപിഎമ്മിനാണ് അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനം. പകരം കേരള കോണ്‍ഗ്രസ് (എം) രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടു.
വികസനകാര്യ സമിതി, ആരോഗ്യവിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യം മാത്രം നല്കാമെന്ന നിലപാടിലാണ് സിപിഎം. ഇതിനായി സിപിഎം വഹിച്ചിരുന്ന ആ സമിതിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു. എന്നാല്‍ സിപിഎമ്മിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ഉള്ളപ്പോള്‍ തങ്ങള്‍ക്ക് വികസനകാര്യം ഉള്‍പ്പെടെ രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് ഭിന്നത ശക്തമായത്.
കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എട്ടാം വാര്‍ഡംഗം സുമി ഇസ്മായില്‍ വൈസ് പ്രസിഡന്റായി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. നിലവില്‍ ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിലെ സിന്ധുമോള്‍ ജേക്കബാണ് വൈസ് പ്രസിഡന്റ്. മുന്നണിയിലെ ധാരണ പ്രകാരം മൂന്ന് മാസം മുമ്പ് രാജിവയ്‌ക്കേണ്ടതായിരുന്നു. ഇനി സിപിഎമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. രാജിവയ്‌ക്കണമെന്ന് സിപിഎം നേതൃത്വം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്‌ക്കാന്‍ തയാറായിട്ടില്ല.
ക്രൈസ്തവ സഭയ്‌ക്കെതിരായ മന്ത്രി സജിചെറിയാന്റെ പ്രസ്താവനയിലും തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയിലും നേതൃത്വത്തിന്റെ മൃദുസമീപനത്തിനെതിരെ കേരളകോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധം ശക്തമാണ്. മുമ്പ് കോട്ടയത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും ശക്തമായ വിമര്‍ശനം ഉണ്ടായി. മുന്നണി മര്യാദയുടെ ലംഘനമാണ് സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിലെ പൊതുവികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: