കൊച്ചി: മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആര്‍എല്ലിനെ സഹായിക്കാനായി പിണറായി വിജയന് ആസൂത്രണം ചെയ്തതാണെന്ന് കുഴല്നാടന് ആരോപിച്ചു. ഇതിനുള്ള പ്രതിഫലമായാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങള്‍ നല്‍കിയിരുന്നതെന്നും കുഴല്നാടന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പോലും പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര വിലമതിക്കുന്ന കരിമണല്‍ മുഖ്യമന്ത്രി സിഎംആര്‍എല്ലിന് നല്‍കിയത് മെട്രിക് ക്യൂബിന് കേവലം 464 രൂപയ്ക്കാണ്. ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയിലാണ് മുഖ്യമന്ത്രി സിഎംആര്‍എല്ലിനെ സഹായിക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയത്.
ഇല്‍മനൈറ്റ് ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടി2017ല്‍ മുഖ്യമന്ത്രിക്ക് സിഎംആര്‍എല്‍ നിവേദനം സമര്‍പ്പിച്ചതായി കുഴല്നാടന് പറഞ്ഞു.
ഇല്‍മനൈറ്റ് സംസ്ഥാനത്ത് തന്നെ ലഭിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം നല്‍കുകയായിരുന്നു. ഈ മെമ്മോറാണ്ടം സ്വീകരിച്ച് ആവശ്യമായ നടപടികള്‍ക്കായി മുഖ്യമന്ത്രി തന്നെ ഫയലില്‍ ഒപ്പുവച്ച് മുന്നോട്ടുള്ള നടപടികള്‍ ആരംഭിച്ചു.
2017ല്‍ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആര്‍എല്‍, മുഖ്യമന്ത്രിയുടെ ഇടപെടലില്‍ നാല് വര്‍ഷത്തിനിടെ 56 കോടിയുടെ ലാഭത്തില്‍ എത്തിയെന്നും കുഴല്നാടന് ആരോപിച്ചു.
2018 ഒക്ടോബര്‍ 27ന് ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിലാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് ഖനനം നടത്താന്‍ ഉത്തരവാകുന്നത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴല്നാടന് പറയുന്നു.
ഇതില്‍നിന്നും മുഖ്യമന്ത്രി സിഎംആര്‍എല്ലിന് നല്കിയ സേവനങ്ങള്‍ എത്രത്തോളം വലുതാണെന്ന് വ്യക്തമാണെന്നും കുഴല്നാടന് ചൂണ്ടികാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: