ന്യൂദല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാസീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മധ്യപ്രദേശ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥും മകന് നകുല്‍നാഥും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ഊഹം ശനിയാഴ്ച ശക്തമായി. ഇരുവരും ന്യൂദല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ എത്തിയിരിക്കുകയാണെന്ന് പറയപ്പെടുന്നു. മകന് നകുല്‍നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയില് നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച എംപിയാണ്. ഇപ്പോള്‍ ഇദ്ദേഹം എക്സിലെ തന്റെ സമൂഹമാധ്യമഅക്കൗണ്ടില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കമല്‍നാഥ് സോണിയാഗാന്ധിയെ കണ്ടിരുന്നു. പക്ഷെ രാജ്യസഭാസീറ്റ് നല്കാന് കഴിയില്ലെന്ന് സോണിയാഗാന്ധി തറപ്പിച്ച് പറയുകയായിരുന്നു. ഇതോടെയാണ് കമല്‍നാഥ് കോണ്‍ഗ്രസ് വിടാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരന്നത്. ശനിയാഴ്ച ദല്‍ഹിയില്‍ കമല്‍നാഥ് 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ഈ 12 എംഎല്‍എമാരും കമല്‍നാഥിന്റെ വിശ്വസ്തരാണ്.
ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള നേതാവാണ് കമല്‍നാഥ്. ഇതുപോലെ ഇന്ദിരാഗാന്ധിയുടെ കാലം മുതലേ കോണ്‍ഗ്രസുമായി ബന്ധമുള്ളയാളാണ് കോണ്‍ഗ്രസ് വിട്ടുപോയ ഗുലാം നബി ആസാദ്. ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി മധ്യപ്രദേശ് അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: