ബംഗളുരു: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്ക് കനത്ത തിരിച്ചടി നൽകിയ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നു. വീണയ്‌ക്കെതിരെയുള്ള എസ്എഫ്‌ഐഒ അന്വേഷണം പൂർണമായും നിയപരമാണെന്ന് 46 പേജുള്ള വിധിന്യായത്തിൽ പറയുന്നു. അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ലെന്നും വിധിയില്‍ വിശദീകരിക്കുന്നു. നിയമം പാലിച്ചു തന്നെയാണ് ഇപ്പോഴുള്ള അന്വേഷണം നടക്കുന്നതെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് യഥാർത്ഥ ഭീഷണിയാണ്. എസ് എഫ് ഐ ഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര തീരുമാനം ശരിയാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി വന്നത്. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും ഉൾപ്പടെയുള്ള വിധിയുടെ പൂര്‍ണ്ണരൂപം ഇന്നാണ് ഹൈക്കോടതി വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. വീണാ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതൽ പ്രതിരോധത്തിലായി. മടിയിൽ കനമില്ലാത്തത് കൊണ്ട് അന്വേഷണത്തെ ഭയമില്ലെന്ന പഴയ വാദം പാർട്ടിയെ ഇപ്പോൾ തിരിഞ്ഞു കൊത്തുകയാണ്.
ഭയപ്പെടാൻ ഒന്നും ഇല്ലെങ്കിൽ എന്തിന് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചു എന്ന ചോദ്യം പാർട്ടി നേതൃത്വത്തിൻെറ ഉത്തരം മുട്ടിക്കുന്നുണ്ട്. നിയമപരമായ തടസം നീങ്ങിയതോടെ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടി എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: