വയനാട്: വന്യജീവി ആക്രമണത്തിനെതിരെ ജനരോഷം അണപൊട്ടിയ പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ ലാത്തിച്ചാർജ്. ഉച്ചയ്‌ക്ക് 12.50 ഓടെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പോലീസ് നേരിട്ടത്.
ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പോലീസ് വാഹനത്തിന് നേരെയും വനംവകുപ്പിന്റെ വാഹനത്തിന് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തിയിരുന്നു. സമരക്കാർക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം.
ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികൾക്ക് നേരെ പ്രതിഷേധക്കാർ കുപ്പി വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്.
വിവിധ റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് തുടങ്ങിയ കേന്ദ്രങ്ങളാണ് അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക