ധര്‍മേന്ദ്ര പ്രധാന്
കേന്ദ്ര വിദ്യാഭ്യാസ- നൈപുണ്യവികസന മന്ത്രി
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷിബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ന്ന സമയത്താണ് ഇക്കഴിഞ്ഞ നാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചത്. തന്ത്രപരമായ ഇടപെടല്‍ ഊട്ടിയുറപ്പിച്ച്, പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് ഐഐടി ദല്‍ഹിയുടെ ക്യാമ്പസ് അബുദാബിയില്‍ വിഭാവനം ചെയ്തിരുന്നു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം യാഥാര്‍ഥ്യമാക്കിയത് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പൊതുവായ കാഴ്ചപ്പാടിന്റെയും മുന്‍ഗണനകളുടെയും തെളിവാണ്. നവഇന്ത്യയുടെ നൂതനാശയങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും മാതൃകയായ യുഎഇയിലെ ദല്‍ഹി ഐഐടിയുടെ ക്യാമ്പസ് വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ ദൃഷ്ടാന്തമാകും. വിദ്യാഭ്യാസമികവ്, നവീകരണം, വിജ്ഞാനവിനിമയം, മാനവമൂലധനത്തിലെ നിക്ഷേപം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. പരസ്പര അഭിവൃദ്ധിക്കും ആഗോളനന്മയ്ക്കുമായി അറിവിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് ഇതു പുതിയ മാതൃക സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
അന്താരാഷ്ട്ര ക്യാമ്പസുകള്‍
പുതിയ വിദ്യാഭ്യാസനയത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അന്തര്ദേശീയവല്ക്കരണത്തിന്റെ വികസിക്കുന്ന മാതൃകയാണു ദല്‍ഹി ഐഐടിയുടെ അന്താരാഷ്ട്ര ക്യാമ്പസ്. ഐഐടികളുടെ അന്താരാഷ്ട്ര ക്യാമ്പസുകള്‍ വിഭാവനം ചെയ്യുന്നതിനായി തുടക്കത്തില്‍ രൂപവല്‍ക്കരിച്ച രാധാകൃഷ്ണന് സമിതിയുടെ ശുപാര്‍ശകള്‍, പ്രശസ്തിയില്‍ മാത്രമല്ല സാന്നിധ്യത്തിലും ആഗോളതലത്തില്‍ നമ്മുടെ സാന്നിധ്യം അറിയിക്കുന്നതില്‍ ഐഐടി ദല്‍ഹി, ഐഐടി മദ്രാസ് (സാന്സിബാറില് ഒരു ക്യാമ്പസുണ്ട്) പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള പങ്കിലേക്കു വിരല്‍ ചൂണ്ടുന്നു.
ഉഭയകക്ഷി പ്രതിബദ്ധത സ്ഥാപിക്കുകയും വിശ്വാസയോഗ്യവും സമയോചിതവുമായ നടപടികളിലൂടെ അതു നിറവേറ്റുകയും ചെയ്യുന്നത്, സൗഹൃദരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിന്റെ മുഖമുദ്രയായി തുടരുന്നു. ഐഐടി ദല്‍ഹി-അബുദാബി ക്യാമ്പസ് റെക്കോര്‍ഡ് സമയത്തിലൂടെ പൂര്‍ത്തിയാക്കാനായതു ഇന്ത്യാഗവണ്മെന്റിന്റെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെയും (അഡെക്) പരിശ്രമത്തിന്റെ ഫലമായാണ്. 2022ന്റെ തുടക്കത്തില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള കരാറില്‍ തുടങ്ങി, 2023 ജൂലൈ 15നു ധാരണാപത്രം ഒപ്പിട്ടതുമുതല്‍ ക്യാമ്പസ് പൂര്‍ത്തിയാക്കി 2024 ജനുവരി 29ന് ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചതുവരെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ദൂരം സഞ്ചരിച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തില്‍ ശ്രദ്ധേയമായ സൗഹാര്‍ദത്തിന് ഉദാഹരണമാണ് ഐഐടി ദല്‍ഹി-അബുദാബി.
ചരിത്രപരമായി, ഇന്ത്യ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്ക്കരണത്തിനു തുടക്കമിട്ടതു ‘താമസിച്ചു പഠിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ സര്‍വകലാശാല’യായ നളന്ദ സര്‍വകലാശാലയിലൂടെയാണ്. നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത പണ്ഡിതര്‍ ഇന്ത്യയില്‍വന്ന് അവിടെ പഠിച്ചു. ഐഐടികള്‍ ഇന്നു തങ്ങളുടെ പെരുമ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്യുന്നു.
വിദ്യാഭ്യാസമികവും യഥാര്‍ഥ പ്രസക്തിയും
അക്കാദമിക മികവിനോടുള്ള ഐഐടി ദല്‍ഹിയുടെ പ്രതിബദ്ധത നിലകൊള്ളുന്നത് അബുദാബി ക്യാമ്പസിന്റെ സവിശേഷതകളിലാണ്. സ്ഥാപനത്തിന്റെ പാഠ്യപദ്ധതി പ്രദേശത്തിന്റെ സവിശേഷമായ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി സൂക്ഷ്മമായി യോജിപ്പിച്ചു ക്രമീകരിച്ചിരിക്കുന്നു. ബിരുദതലത്തിലും അതിനുമുമ്പുമുള്ള അധ്യാപനത്തിലും ഗവേഷണത്തിലും ഐഐടി ദല്‍ഹിയുടെ സമാനതകളില്ലാത്ത അനുഭവം പ്രയോജനപ്പെടുത്തി, ലോകോത്തര ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്കുന്നതിനു മാത്രമല്ല, അവ വൈവിധ്യവല്‍ക്കരിക്കാനും നൂതനവും പ്രാദേശികാധിഷ്ഠിതവുമായ പദ്ധതികളുടെ കേന്ദ്രമായി മാറാനും അബുദാബി ക്യാമ്പസ് ശ്രമിക്കുന്നു.
ഉദ്ഘാടന വിദ്യാഭ്യാസപരിപാടിയായ ‘ഊര്‍ജപരിവര്‍ത്തനത്തിലും സുസ്ഥിരതയിലുമുള്ള സാങ്കേതികശാസ്ത്ര ബിരുദാനന്തര ബിരുദം’, സ്ഥാപനത്തിന്റെ മുന്നോട്ടുള്ള ചിന്താരീതിയെ പ്രതിനിധാനം ചെയ്യുന്നു. കാലാവസ്ഥയെയും സുസ്ഥിരതാ വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതില്‍ സംശുദ്ധ ഊര്ജപരിവര്ത്തനങ്ങളുടെ നിര്‍ണായക പങ്കു തിരിച്ചറിഞ്ഞ്, ഈ പരിവര്‍ത്തനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ മുന്നിരയിലെത്താന് വിദ്യാര്‍ഥികളെ തയ്യാറാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിവര്ത്തനനേതൃത്വം, നൂതനാശയപ്രക്രിയകള്, ഊര്‍ജ-സുസ്ഥിരത പരസ്പരബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരണയുമായി സാങ്കേതികപരിജ്ഞാനം സമന്വയിപ്പിക്കുന്ന വിഷയവൈവിധ്യപരമായ സമീപനത്തിനു പാഠ്യപദ്ധതി ഊന്നല്‍ നല്കുന്നു. 2023 യുഎഇ സുസ്ഥിരതാവര്‍ഷമായി ആഘോഷിക്കുകയും ദുബായില്‍ ചരിത്രപരമായ സിഒപി 28 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ പരിപാടിയുടെ സമാരംഭം. പുനരുല്‍പ്പാദക ഊര്‍ജത്തിലേക്കും ഊര്ജപരിവര്ത്തനത്തിലേക്കും പുനഃക്രമീകരിക്കാന്‍ ശ്രമിക്കുന്ന അബുദാബിയിലെ പ്രധാന എണ്ണ-വാതക കമ്പനിയായ ‘അഡ്നോക്കാ’ണ് ഈ പരിപാടിയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളെയും പിന്തുണയ്ക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുമായുള്ള ഈ വ്യവസായസംഗമം ഈ പുതിയ സ്ഥാപനത്തിന്റെ ഭാവിക്കു ശുഭപ്രതീക്ഷയേകുന്നു.
ഐഐടി ദല്‍ഹി-അബുദാബിയിലെ ക്ലാസ് മുറികളിലേക്കു കാലെടുത്തുവയ്ക്കുന്ന ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ അത്യാധുനികവിജ്ഞാനത്തിന്റെ സ്വീകര്‍ത്താക്കളായി മാറും. നിര്‍മിതബുദ്ധി, ഡാറ്റ അനലിറ്റിക്സ്, ഊര്‍ജവും സുസ്ഥിരതയും, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐഐടി ദല്‍ഹി-അബുദാബി ക്യാമ്പസ് പദ്ധതിയിടുന്നു. അതിവേഗം ഉയര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആതിഥേയരാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഗവേഷണ കാര്യപരിപാടി ക്രമീകരിക്കും.
ഗുണനിലവാരം ഉറപ്പാക്കലും മാനദണ്ഡങ്ങളും
രാധാകൃഷ്ണന് സമിതി ഉയര്‍ത്തിക്കാട്ടിയ മറ്റൊരു അടിസ്ഥാന പ്രശ്നമായ ഗുണനിലവാരം ഉറപ്പാക്കല്‍ ഐഐടി ദല്‍ഹി-അബുദാബിയുടെ നയമാണ്. ഔദ്യോഗിക അംഗീകാരം, ആനുകാലിക പാഠ്യപദ്ധതി അവലോകനങ്ങള്‍, സ്ഥാപനപരമായ വിലയിരുത്തലുകള്‍ എന്നിവ സാധാരണ ഔദ്യോഗിക സമ്പ്രദായങ്ങളായി കണക്കാക്കില്ല; മറിച്ച്, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളായി കണക്കാക്കും. ഗുണനിലവാരനിര്‍ണയ പരീക്ഷകള്‍, വിദ്യാഭ്യാസപുരോഗതി, ഇന്റേണ്‍ഷിപ്പുകള്‍, ഉദ്യോഗനിയമനങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികളുടെ പ്രവേശന ഗുണനിലവാരം മാനദണ്ഡമാക്കുന്നതു മികവിന്റെ പ്രതീക്ഷകള്‍ നിറവേറ്റുക മാത്രമല്ല, മികച്ച അളവില്‍ അവ മറികടക്കുകയും ചെയ്യുന്ന ബിരുദധാരികളെ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്.
മാറുന്ന ലോകത്തിനായുള്ള പുതിയ പങ്കാളിത്തങ്ങള്‍
ഈ പുതിയ ക്യാമ്പസിനായുളള ഇടമെന്നതിനും അപ്പുറമാണ് യുഎഇയുടെ ഊര്‍ജസ്വലമായ തലസ്ഥാനമായ അബുദാബി. വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും ഈ ധീരമായ സംരംഭത്തില്‍ ഇതു പൂര്ണസഹകാരിയും പങ്കാളിയുമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ, തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ലക്ഷ്യത്തിനും സമീപനത്തിനും അനുസൃതമാണു തടസ്സരഹിതവും ഉല്‍പ്പാദനക്ഷമവുമായ ഇത്തരമൊരു സംയുക്തശ്രമം.
ഈ ക്യാമ്പസില്‍ പ്രതീക്ഷിക്കുന്ന സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൂടിച്ചേരല്‍ നമ്മുടെ രണ്ടു ജനതകള്‍ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിനു കരുത്തുപകരുന്നതില്‍ നിര്‍ണായകമാകും. ഉദാഹരണത്തിന്, ബിരുദ പരിപാടികളില്‍ എമിറേറ്റ്സില്നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉണ്ടായിരിക്കുമെന്നു വിഭാവനം ചെയ്യുന്നു. അതുപോലെ, അബുദാബി ക്യാമ്പസില്‍ ലോകോത്തര അധ്യാപന-ഗവേഷണ പരിപാടികള്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ദല്‍ഹി ക്യാമ്പസില്‍ നിന്നുള്ള ഫാക്കല്‍റ്റികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന, യുഎഇയില്‍നിന്നും അന്താരാഷ്ട്രതലത്തില്നിന്നുമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുമെന്നും ഐഐടി ദല്‍ഹി പ്രതീക്ഷിക്കുന്നു.
മുന്നോട്ടു നോക്കുമ്പോള്‍
അബുദാബിയില്‍ ഐഐടി ദല്‍ഹി ക്യാമ്പസ് സ്ഥാപിക്കുന്നതില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തം വാഗ്ദാനങ്ങളും സാധ്യതകളും നിറഞ്ഞതാണ്. ഇരുരാജ്യങ്ങളും രണ്ടു ജനതയും തമ്മിലുള്ള വലിയ പങ്കാളിത്തത്തിന്റെ കോട്ടയാകും ഇത്. ലോകത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര അക്കാദമിക സംയുക്തസംരംഭങ്ങള്ക്കായി വിദ്യാര്‍ഥികളെയും ഗവേഷകരെയും പരിശീലിപ്പിക്കുന്നതിലൂടെ ഇത് ഇരുരാജ്യങ്ങള്ക്കുമപ്പുറത്തേക്കു മൂല്യം വര്‍ധിപ്പിക്കും. ഐഐടി-ദല്‍ഹി ആഗോളതലത്തിലുള്ള സാന്നിധ്യം മെച്ചപ്പെടുത്തുന്നതു തുടരുമ്പോള്‍, അതിന്റെ ലക്ഷ്യസ്ഥാനം വിശാലമാണ്. ആഗോളതലത്തിലെ കൂട്ടായ അഭിവൃദ്ധിക്കായുള്ള അറിവിന്റെ പങ്കുവയ്ക്കപ്പെടുന്ന കാഴ്ചപ്പാടാണ്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങള്‍ വളര്‍ന്നിരിക്കുന്നു; ‘വസുധൈവ കുടുംബകം’ എന്ന തത്വചിന്തയ്ക്ക് അനുസൃതമായി ‘വിശ്വമിത്രം’ എന്ന ഇന്ത്യയുടെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിലാണ് അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: