മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ബഹിഷ്കരിച്ച് ആറ് എംഎല്‍എമാര്‍. അശോക് ചവാന് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെ കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
27ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് ഇത് വെല്ലുവിളിയാകും.
41 വോട്ടാണ് രാജ്യസഭയിലേക്ക് വേണ്ടത്. 43 അംഗങ്ങളാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. അതിനിടെയാണ് ആറ് എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയാകുന്നത്. വിട്ടുനിന്നവരില്‍ ജിതേഷ് അന്തപൂര്ക്കര്, മോഹന്‍ ഹംബാര്‍ഡെ, മാധവ്റാവു പവാര്‍ ജവല്ഗോങ്കര് എന്നിവര്‍ അശോക് ചവാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.
അസ്ലം ഷെയ്ഖ്, സുലഭ ഖോഡ്കെ, സീഷന്‍ സിദ്ദിഖ് എന്നിവരാണ് മറ്റുള്ളവര്‍. എന്‍സിപിയില്‍ ചേര്‍ന്ന ബാബാ സിദ്ദിഖിന്റെ മകനാണ് സീഷന്‍ സിദ്ദിഖ്.
നേരത്തെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ചന്ദ്രകാന്ത് ഹന്ദോര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് വിളിച്ച യോഗത്തില്‍ നാല് അംഗങ്ങള്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ അവര്‍ മുന്‍കൂര്‍ അനുമതിയോടെയാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ആശങ്കയ്ക്കിടയില്ലെന്നും എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്യുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ അവകാശപ്പെടുന്നുണ്ടെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: