ന്യൂദല്‍ഹി: രാഷ്ട്രത്തിന്റെ പ്രതിരോധ സേനയുടെ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 500 കിലോമീറ്റര്‍ ദൂരപരിധിയില്‍, അന്തര്‍വാഹിനിയില്‍ നിന്നുള്ള ക്രൂയിസ് മിസൈല്‍ (എസ്എല്‍സിഎം- സബ്മറൈന് ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍) പരീക്ഷണം മാര്‍ച്ച് ആദ്യം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് രണ്ടാം തവണയാണ് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തുന്നത്. ആദ്യത്തേത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ഈ മിസൈല്‍ നിര്‍ഭയ് ക്രൂയിസ് മിസൈലിന് സമാനമാണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ ഭീഷണികളെ നേരിടാനുള്ള സൈന്യത്തിന്റെ റോക്കറ്റ് സംവിധാനത്തിന്റെ ഭാഗമാണിതും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് മിസൈല്‍ പരീക്ഷണം നടത്തുക.
പ്രൊജക്ട് 75 ഇന്ത്യ പ്രകാരം നാവികസേന നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അന്തര്‍വാഹിനികളുടെ നിര്‍ണായക ആയുധങ്ങളില്‍ ഒന്നാണ് സബ്മറൈന് ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകള്‍. അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ഇവ പ്രധാനമായും രണ്ട് വിധമാണുള്ളത്. ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകളും (എല്‍എസിഎം) ആന്റി- ഷിപ് ക്രൂയിസ് മിസൈലുകളും (എഎസ്സിഎം).
ഇതിന് പുറമെ 800 കിലോമീറ്റര്‍ ദൂരപരിധിയില്‍ ലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകള്‍ വാങ്ങുന്നതിലുള്ള തീരുമാനം ഈ ആഴ്ചയുണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: