മേഘങ്ങളെ സ്പര്‍ശിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ പര്വതശിഖരങ്ങളിലെത്തിയാല് അവ വളരെ അടുത്താണുള്ളത്. കര്ത്തവ്യപരായണത്തിലൂടെയുള്ള ഉന്നതമായ പ്രയാണം നമ്മെ മേഘങ്ങളോളം ഉയരത്തിലെത്തിക്കും. എത്തിപ്പിടിക്കാന്‍ അസാദ്ധ്യമെന്നു കരുതിയിരുന്ന മേഘങ്ങള്‍ സ്വയം നമ്മുടെ പക്കലേയ്ക്കു വന്നു ചേരും. ഉയരാനുള്ള പ്രവണത നമ്മെ മേഘങ്ങളോടൊപ്പം എത്തിക്കുന്നു. അപ്പോള്‍ മേഘങ്ങളും നമ്മുടെ പക്കലേയ്ക്കു പറത്തെത്താന് ബാദ്ധ്യസ്ഥരാവുന്നു. മേഘങ്ങളെ തൊട്ടുനിന്നപ്പോള്‍ ഇമ്മാതിരി ഭാവന മനസ്സില്‍ പൊന്തിവന്നുകൊണ്ടിരുന്നു. പക്ഷേ ഭാവന തനിയെ എന്തുചെയ്യാനാണ്? ക്രിയാത്മകത്വത്തിന്റെ പരിവേഷമണിയിക്കാതിരുന്നാല് അത് മനോതരംഗം മാത്രമായിട്ടിരിക്കുകയേ ഉള്ളൂ.
കാട്ടിലെ ആപ്പിള്‍
ഇന്നു വഴിയില്‍ വേറെയും യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. വഴിയില്‍ ‘ബിന്നാ’ മരങ്ങളില്‍ സുന്ദരമായ പഴങ്ങള്‍ കണ്ടു. ഇതു എന്തു പഴങ്ങളാണെന്ന് സ്ത്രീകള്‍ അന്യോന്യം ചോദിക്കുന്നുണ്ടായിരുന്നു. ഇത് കാട്ടുജാതിയില്‍പ്പെട്ട ആപ്പിളാണെന്ന് അവരിലൊരാള്‍ അറിവു നല്കി. ഇത് കാട്ടിലെ ആപ്പിളാണെന്ന് അവര്‍ എവിടെ നിന്നാണ് മനസ്സിലാക്കിയിരുന്നതെന്ന് അറിയില്ല. തല്ക്കാലം ഇത് കാട്ടില്‍ ഉണ്ടാകുന്ന ആപ്പിളാണെന്ന് തന്നെ തീരുമാനിക്കപ്പെട്ടു. പഴങ്ങള്‍ ധാരാളമുണ്ടായിരുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന നിറമായിരുന്നു. കാണാന്‍ നല്ല ഭംഗിയുമായിരുന്നു. നല്ല വണ്ണം പഴുത്തതാണെന്നും തോന്നിയിരുന്നു.
ഒരു കൂട്ടര് തങ്ങിനിന്നു. ഒരു മുതിര്‍ന്ന പെണ്‍കുട്ടി മരത്തില്‍ കയറി. തന്റെ ഗ്രാമത്തില്‍ വെച്ച് മരങ്ങളില്‍ കയറാന്‍ പഠിച്ചിരുന്നിരിക്കണം. കുട്ടി അമ്പതോളം പഴങ്ങള്‍ താഴെയിട്ടു. താഴെനിന്ന സ്ത്രീകള്‍ അവ പെറുക്കിയെടുത്തു. ചിലര്‍ക്ക് കൂടുതല്‍ കിട്ടി, ചിലര്‍ക്ക് കുറവും. കുറച്ചു കിട്ടിയവര്് കൂടുതല്‍ പെറുക്കിയവരുമായി മല്ലടിച്ചു. നീ എന്റെ വഴി തടഞ്ഞു ചാടിക്കടന്നു പെറുക്കിയെടുത്ത് എന്നെക്കൊണ്ട് പെറുക്കാന്‍ സമ്മതിച്ചില്ല എന്ന് വഴക്കിനിടയില്‍ പറയുന്നുണ്ടായിരുന്നു. തങ്ങള്‍ ഓടിനടന്നു വേഗത്തില്‍ പെറുക്കിയതാണെന്നും, വേഗതയും ചുറുചുറുക്കുമുള്ളവര്‍ക്ക് കൂടുതല്‍ കിട്ടുന്നതില്‍ പരാതിപ്പെടേണ്ടതില്ലെന്നും കൂടുതല്‍ കിട്ടിയവര്‍ തിരിച്ചടിച്ചു. നിങ്ങളും ചുറുചുറുക്കോടെ പെറുക്കിയിരുന്നെങ്കില് നിങ്ങള്‍ക്കും കൂടുതല്‍ ശേഖരിക്കാമായിരുന്നല്ലോ എന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
അടുത്ത താവളത്തില്‍ ചെന്ന് ഊണിന്റെ കൂടെ ഈ പഴങ്ങള്‍ തിന്നാം. മനോഹരവും മധുരമുള്ളതുമാണിവ. റൊട്ടിയുടെകൂടെ നല്ല രസമായിരിക്കും എന്നിങ്ങനെ പറഞ്ഞുകൊണ്ട് പഴങ്ങള്‍ മുണ്ടിന്റെ മടിക്കുത്തിലാക്കി യാത്രതുടര്‍ന്നു. ഇത്ര നിഷ്പ്രയാസം ഇത്രയും നല്ല പഴങ്ങള്‍ കിട്ടിയതില്‍ സന്തോഷിച്ചു. എങ്കിലും എണ്ണത്തിലെ കൂടുതല്‍ കുറവിനെ ചൊല്ലി ഉള്ളില്‍ ദേഷ്യഭാവവും ഉണ്ടായിരുന്നു. തമ്മില്‍ തുറിച്ചുനോക്കുന്നുമുണ്ടായിരുന്നു.
താവളമെത്തി എല്ലാവരും ഇരുന്നു. ഊണും തയ്യാറായി. പഴങ്ങളും എടുത്തുവച്ചു.
രുചിച്ചവരെല്ലാം തുപ്പാനും തുടങ്ങി. പഴങ്ങള്‍ക്ക് കയ്പായിരുന്നു. ഇത്രയും പണിപ്പെട്ട് വഴക്കടിച്ച് കൊണ്ടുവന്ന അഴകുള്ള ആപ്പിളുകളുടെ സ്വാദ് കയ്പായിരുന്നു. ഇതില്‍ എല്ലാവര്‍്ക്കും നിരാശ ഉണ്ടായി. മുമ്പില്‍ നിന്ന പര്‍വത വാസിയായ ചുമട്ടുകാരന് ചിരിക്കുകയായിരുന്നു. ഇത് ‘ബിന്നി'(ഒരു തരം വൃക്ഷം)പ്പഴങ്ങളാണ്. ഇതാരും തിന്നുകയില്ല, എന്നയാള്‍ പറഞ്ഞു. ഇതിന്റെ അരിയെടുത്തുണക്കി ആട്ടി എണ്ണ എടുക്കും. അറിവില്ലാതെ പറിച്ചു പെറുക്കി വഴക്കടിച്ചു കൊണ്ടുവന്നതില്‍ സ്ത്രീകള്‍ക്കെല്ലാം കുണ്ഠിതം തോന്നി.
കൂടെ ഞാനുമുണ്ടായിരുന്നു. ഈ ദൃശ്യത്തിന് ആദ്യന്തം സാക്ഷിയായിരുന്നു. എല്ലാവരും പഴത്തിന്റെ പേരില്‍ ചിരിക്കാന്‍ തുടങ്ങി. എല്ലാവര്ക്കും ചിരിക്കാനൊരു കാരണം കിട്ടി. അന്യരുടെ ഭോഷത്വവും പരാജയവും കണ്ട് സാധാരണക്കാര്‍ ചിരിക്കാറുണ്ട്. മഞ്ഞനിറവും, ആകൃതിയും അഴകും കണ്ട് അവ പഴുത്തതും, സ്വാദുള്ളതും മധുരമുള്ളതുമാണെന്നു കരുതിയതു അവരുടെ തെറ്റായിരുന്നു. കാണാന്‍ ഭംഗിയുള്ളവയെല്ലാം മധുരിക്കുന്നതെങ്ങനെയാണ്? ഇത് അവര്‍ അറിയേണ്ടതായിരുന്നു. അറിവില്ലാത്തതുകൊണ്ട് നാണക്കേടുണ്ടായി; കഷ്ടപ്പെടുകയും ചെയ്തു. തമ്മില്‍ മല്ലടിച്ചതും വ്യര്‍ത്ഥം.
സ്ത്രീകളെ എല്ലാവരും കളിയാക്കുന്നു. എന്നാല്‍ അഴകിലും ആകൃതിയിലും ആകൃഷ്ടരായി, ഈയലുകളെപ്പോലെ എരിഞ്ഞു നശിക്കുന്ന സമുദായത്തെ, ആരും പരിഹസിക്കുന്നില്ല. രൂപലാവണ്യത്തിന്റെ ലോകത്തില്‍ സൗന്ദര്യദേവതയാണ് പൂജിക്കപ്പെടുന്നത്. ആര്‍ഭാടവും ആഡംബരവും മിന്നലും തിളക്കവും എല്ലാവരെയും ആകര്‍ഷിക്കുന്നു. ഈ പ്രലോഭനങ്ങളില്‍പെട്ട് ആള്ക്കാര് പ്രയോജനരഹിതമായ വസ്തുക്കളില്‍ വ്യാമോഹിതരാകുന്നു. സ്വന്തം മാര്‍ഗം വ്യര്‍ത്ഥമാക്കുന്നു. ഒടുവില്‍, അഴകുള്ള പഴങ്ങള്‍ ശേഖരിച്ച്, അവ ‘ബിന്നി’യുടെ കയ്ക്കുന്ന കായാണെന്ന്, ബോദ്ധ്യമായപ്പോള്‍ പാശ്ചാത്തപിക്കേണ്ടിവന്ന ഈ സ്ത്രീകളെപ്പോലെ, അര്‍ത്ഥശൂന്യത ബോദ്ധ്യപ്പെടുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരുന്നു. അഴകിനു പിന്നാലെ പോകുന്നവര്‍ക്ക് തെറ്റു മനസ്സിലാകണമെങ്കില്‍ ഗുണത്തിന്റെ മാറ്ററിയാന്‍ കഴിവുണ്ടായിരിക്കണം. അഴകില്‍ ഭ്രമിച്ച് വിവേകം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലേ ഇത് സാദ്ധ്യമാവൂ.
‘ബിന്നി’ യുടെ പഴങ്ങള്‍ ആരും തിന്നില്ല. അവ കളയേണ്ടിവന്നു. അവ തിന്നാന്‍ കൊള്ളുന്നതേ അല്ലായിരുന്നു. ധനവും സമ്പത്തും, സൗന്ദര്യവും യൗവനവും, അഴകും വര്‍ണ്ണവും, കാമവും വിഷയാസക്തിയും, ഉല്ലാസവും ഉന്മാദവും എന്നിങ്ങനെ മനസ്സിനെ ഇളക്കുന്ന അനവധി കാര്യങ്ങളുണ്ട്. ലോകത്തില്‍ കാണുന്ന മിന്നുന്ന സാധനങ്ങളില്‍ ഏറിയ പങ്കും, കൈക്കലാക്കിയശേഷം കളഞ്ഞു പശ്ചാത്തപിക്കേണ്ടിവന്ന ഇന്നത്തെ കാട്ടുപഴങ്ങളെപ്പോലുള്ളവയാണ്.
സൂക്ഷിച്ചു നടക്കുന്ന കോവര്‍കഴുതകള്‍
പര്‍വതപ്രദേശങ്ങളില്‍ ആടുകളെ കൂടാതെ കോവര്‍കഴുതകളെയും ചുമടുകള്‍ കൊണ്ടുപോകാനും ആളുകളെ കയറ്റിക്കൊണ്ടുപോകാനും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നഗരങ്ങളിലെ റോഡുകളില്‍ ബസ്സുകളും കുതിരവണ്ടികളും ഉന്തുവണ്ടികളും റിക്ഷാകളും ഓടുന്നതുപോലെ കയറ്റവും ഇറക്കവും ഉള്ള അപകടം നിറഞ്ഞ നടപ്പാതകളില്‍ കോവര്‍കഴുതകളാണ് പ്രയോജനകരമായിട്ടുള്ളത്.
കാലുതട്ടാതെയും, അപകടങ്ങള്‍ ഒഴിവാക്കിയും നമ്മള് ശ്രദ്ധിച്ചുനടക്കുന്ന സൂക്ഷ്മതയോടെയാണ് കോവര്‍കഴുതകളും നടക്കുന്നത്. കാലുവയ്ക്കാന്‍ പോകുന്ന സ്ഥാനം എങ്ങനെ ഉള്ളതാണെന്നു കണ്ട് അതനുസരിച്ച് നടക്കത്തവണ്ണമാണ് നമ്മുടെ തലയുടെ സ്ഥാനവും ശരീരഘടനയും. എന്നാല്‍ ഈ മൃഗങ്ങളുടെ കണ്ണിന്റെ സ്ഥാനവും കഴുത്തിന്റെ വളവും മുമ്പിലുള്ളത് ശരിക്ക് കാണത്തക്കവിധത്തിലാണെങ്കിലും കാലു വയ്ക്കുന്നസ്ഥാനം കാണാന്‍ വിഷമമാണ്. എന്നിട്ടും കോവര്‍കഴുതകള്‍ ഓരോ ചുവടും അതീവ സൂക്ഷ്മതയോടെയാണ് വയ്ക്കുന്നത്. അല്ലെങ്കില്‍ മറിഞ്ഞു താഴെവീണു തരിപ്പണമാകും. അല്പം അശ്രദ്ധമൂലം കാല് വഴുതി 80 അടി താഴെ വീണ് എല്ലു തരിപ്പണമായ ഒരു പശുക്കിടാവിനെ ഇന്നലെ ഗംഗോത്രിയിലെ വഴിയില്‍ ചത്തു കിടക്കുന്നത് കണ്ടിരുന്നു. ഇങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ട്. എന്നാല്‍ കോവര്കഴുതകളെപ്പറ്റി ഇങ്ങനെയുള്ള സംഭവം ഒരിക്കലും കേട്ടിട്ടില്ല. വഴിനടക്കുമ്പോള്‍ കോവര്‍കഴുതകള്‍ അതിസൂക്ഷ്മതയോടും ബുദ്ധിപൂര്വവുമായുമാണ് നടക്കുന്നതെന്ന് അവയുടെ പുറത്ത് ചുമടു കയറ്റിക്കൊണ്ടു പോകുന്നവരില്‍നിന്നും കേട്ടറിഞ്ഞു. വേഗത്തിലാണ് നടക്കുന്നതെങ്കിലും ഓരോ ചുവടും അളന്നാണ് വയ്ക്കുന്നത്. കാല് തട്ടുകയോ, അപകടമുണ്ടെന്നു കാണുകയോ ചെയ്താല്‍ പെട്ടെന്ന് തന്നത്താന്‍ നിയന്ത്രിക്കും. കാല് പിന്നോക്കമെടുത്ത് കാല് വയ്ക്കേണ്ട ശരിയായ സ്ഥാനം തപ്പിയെടുത്ത് അവിടെ വയ്ക്കും. നടക്കുമ്പോള്‍ അതിന്റെ ശ്രദ്ധ മുഴുവന്‍ കാലും നിലവും തമ്മിലുള്ള സമനില തെറ്റാതെ സൂക്ഷിക്കുന്നതിലാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഈ വിഷമം പിടിച്ച സ്ഥലത്ത് അത് പ്രയോജനപ്പെടുകയില്ലായിരുന്നു.
പ്രശംസനീയമായ ബുദ്ധിയാണ് കോവര്കഴുതകള്ക്കുള്ളത്. മനുഷ്യരാണെങ്കില്‍ മുമ്പും പിമ്പും നോക്കാതെ തെറ്റായ വഴിയെ നടക്കുകയും, വീഴ്ചകള്‍ സംഭവിച്ചാലും പാഠം പഠിക്കാതെ ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ കോവര്കഴുതകളെ നോക്കൂ, ഓരോ ചുവടുവെപ്പിലും സമനില വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. കുന്നും കുഴിയും അപകടവും നിറഞ്ഞ ജീവിതമാര്‍ഗത്തില്‍ ഈ കോവര്കഴുതകളെപ്പോലെ ഓരോ ചുവടും ശ്രദ്ധയോടെ വച്ചു നടക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി സ്തുത്യര്ഹമായേനെ.
.(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: