ഹൈദരാബാദ്: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അനധികൃതമായി ചാടിക്കടന്ന യുവാവിനെ ആൺ സിംഹം കടിച്ചുകീറി കൊന്നു. ഇന്നലെയാണ് ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ രാജസ്ഥാൻ സ്വദേശിയായ 38 കാരനെ എട്ട് വയസുള്ള ഏഷ്യൻ സിംഹം കടിച്ചുകീറി കൊന്നത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെ രാജസ്ഥാനിലെ അൽവാർ ജില്ലയിൽ നിന്നുള്ള പ്രഹ്ലാദ് ഗുജ്ജാർ സന്ദർശകനായിട്ടെത്തി നിരോധിത മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത പ്രദേശത്തേക്ക് കടക്കുന്നത് തങ്ങളുടെ മൃഗപാലകൻ ശ്രദ്ധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും, അയാൾ ആറടി ഉയരമുള്ള വേലി ചവിട്ടിക്കടന്ന് സിംഹങ്ങളുടെ ആവാസ സ്ഥലത്തേക്ക് ചാടുകയായിരുന്നുവെന് തിരുപ്പതി മൃഗശാല ക്യൂറേറ്റർ സി. സെൽവം പിടിഐയോട് പറഞ്ഞു.
ആ സമയത്ത് ചുറ്റുമതിലിൽ ഉണ്ടായിരുന്ന ആൺ സിംഹം ഇയാളെ കാണുകയും കടിച്ചുകീറി കൊല്ലുകയുമായിരുന്നു. മൃഗശാലയിലെ ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സെൽവം പറഞ്ഞു. അതേ സമയം സിംഹം ശരീരത്തിന്റെ ഒരു ഭാഗവും ഭക്ഷിച്ചിട്ടില്ലെന്നും കഴുത്തിൽ കടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ആക്രമണത്തെ തുടർന്ന് സിംഹത്തെ രാത്രി കൂട്ടിൽ പൂട്ടിയിട്ട് കൂടുതൽ അന്വേഷണത്തിനായി പോലീസ് എത്തിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും അടങ്ങിയ ഗുജ്ജാറിന്റെ പഴ്സ് മൃഗശാലയിലെ ജീവനക്കാർ കണ്ടെത്തിയെന്നും തുടർന്ന് മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും ക്യൂറേറ്റർ ചൂണ്ടിക്കാട്ടി.എന്നാൽ, ചുറ്റുമതിലിൽ നിന്ന് ഇതുവരെ മൊബൈൽ ഫോണുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജ്ജാർ സ്വയം കൂട്ടിലേക്ക് ചാടിയതിനാൽ കേസ് ഏറ്റെടുക്കാൻ മൃഗശാല അധികൃതർ പോലീസിനെ അറിയിച്ചതായി സെൽവം പറഞ്ഞു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: