ഗുവാഹത്തി: 25,000 കോടി രൂപ മുതല്‍ മുടക്കില്‍ ആസാമില്‍ സെമികണ്ടക്ടര്‍ പാക്കേജിങ് പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
അസം സര്‍ക്കാരിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന പാക്കേജിങ് പ്ലാന്റിനുവേണ്ട പദ്ധതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുവാഹത്തി സര്‍വകലാശാലയില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ സ്കില്‍സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ദ്ധചാലകങ്ങളുടെ ശാസ്ത്ര, വ്യവസായ രംഗങ്ങളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ഇനി തങ്ങളുടെ സംസ്ഥാനം വിടുകയോ ഇതര നഗരങ്ങളിലേക്ക് പോകുകയോ ചെയ്യേണ്ടതില്ല. നിര്‍മിത ബുദ്ധി, സൈബര്‍ സുരക്ഷ, അര്‍ദ്ധചാലകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ശാക്തീകരിക്കുകയും സജ്ജരാകുകയുമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
യുവാക്കളുടെ ഡിജിറ്റല്‍ നൈപുണ്യത്തിനായി അസം സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഡോ. റനോജ് പെഗു പറഞ്ഞു. സംസ്ഥാനത്തെ 77 പോളിടെക്നിക്കുകളിലും വിവിധ ഐടിഐകളിലുമായി 1800 കോടി രൂപ മുടക്കി നിരവധി പരിശീലന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ഗുവാഹത്തിക്ക് സമീപം ഒരു അര്‍ദ്ധചാലക വ്യവസായ സമുച്ചയം സ്ഥാപിക്കുന്നതിന് 150 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മുഖേന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ സ്കില്‍സ് ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കുന്നതിന് ഇന്റല്‍, എഎംഡി, എച്ച്സിഎല്‍, വിപ്രോ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഗുവാഹത്തിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: