അസമിലെ ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിയിലെ ഒരു കൊച്ചു തുരുത്തി (പീക്കോക്ക് ഐലന്റ്) ലാണ് പ്രസിദ്ധമായ ഉമാനന്ദ ക്ഷേത്രമുള്ളത്. ജനവാസമുള്ള, ലോകത്തിലെ ഏറ്റവും ചെറിയ നദീദ്വീപുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ദ്വീപും പരിസരവും പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ചരിത്രവും പ്രാധാന്യവും
ചെറിയൊരു കുന്നിനു മീതെ, ശിവന് പ്രധാനമൂര്‍ത്തിയായ ക്ഷേത്രം പതിനേഴാം നൂറ്റാണ്ടില്‍ അഹോം രാജവംശത്തിലെ ഗദാധര് സിംഹ രാജാവാണ് പണികഴിപ്പിച്ചത്. അസമിന്റെ സാംസ്കാരികവും മതപരവുമായ പ്രതീകങ്ങളിലൊന്നെന്ന പ്രത്യേകതയും ഉമാനന്ദ ക്ഷേത്രത്തിനുണ്ട്. ശിവന് വളരെക്കാലം ഈ കുന്നിനു മുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിശ്വാസം. ഒരിക്കല്‍ ഭഗവാന് ധ്യാനത്തിലിരിക്കെ കാമദേവന് അത് തടസ്സപ്പെടുത്താനെത്തി. കോപാന്ധനായ ശിവന് കാമദേവനെ ദഹിപ്പിച്ച് ഭസ്മമാക്കി. അതിനാല്‍, ഈ കുന്നിനെ ‘ഭസ്മാചലം’ അഥവാ ‘ഭസ്മമുക്ത’ എന്നും വിളിക്കുന്നു. മഹാദേവന്റെ അനുഗ്രഹം തേടാന്‍ രാജ്യമെമ്പാടുമുള്ള നിരവധി തീര്‍ഥാടകരാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രത്യേകിച്ചും മഹാശിവരാത്രി നാളില്‍.
വാസ്തുവിദ്യയും രൂപകല്‍പ്പനയും
ഗുവാഹത്തിയിലെ പ്രശസ്തമായ കചാരി ഘട്ടിന് എതിര്‍വശത്തുള്ള ഉമാനന്ദ ക്ഷേത്രം അതിമനോഹരമായ കൊത്തുപണികള്‍ക്കും ശില്പങ്ങള്ക്കും പേരുകേട്ട വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ദശാവതാര ശില്പങ്ങള് കൊത്തിയ, കുത്തനെയുള്ള പടിക്കെട്ടുകളിലൂടെയാണ് ക്ഷേത്രത്തിലെത്തുന്നത്. അതി മനോഹരമാണ് പ്രവേശന കവാടവും. ക്ഷേത്രമാകട്ടെ, ഹൈന്ദവ പുരാണങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലംകൃതമാണ്. തേളിന്റെ ചിഹ്നമുള്ള ശിവപാര്‍വതീ ശില്പങ്ങള് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
ക്ഷേത്രത്തിലെത്താന്‍ സന്ദര്‍ശകര്‍ക്ക് ദ്വീപിലേക്ക് ഫെറി സവാരി നടത്താം. ബ്രഹ്മപുത്രയാല് ചുറ്റപ്പെട്ട ഈ ദ്വീപ് നദിയുടെയും നഗരത്തിന്റെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. പ്രകൃതി സൗന്ദര്യത്തിനും വന്യജീവികള്‍ക്കും പേരുകേട്ടതാണ് ദ്വീപ്. കാമാഖ്യ ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, ഗുവാഹത്തി പ്ലാനറ്റോറിയം എന്നിവയും ഉമാനന്ദ ക്ഷേത്രത്തിനടുത്തുള്ള ആകര്‍ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: