യമങ്ങളില്‍ മൂന്നാമത്തേത് അസ്തേയം. നാലാമത്തേത് അപരിഗ്രഹവും. അന്യന്റെ യാതൊന്നും അപഹരിക്കുക മാത്രമല്ല, ആഗ്രഹിക്കുക പോലും ചെയ്യരുതെന്നാണ് അസ്തേയം അര്‍ത്ഥമാക്കുന്നത്. ‘തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യ സ്വിദ്ധനം’ എന്ന ഉപനിഷദ് ഘോഷണം തന്നെയാണ് അസ്തേയം. സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അന്യന്റെ മുതല്‍ ആഗ്രഹിക്കുക എന്നതില്‍ ആരംഭിക്കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണി സൃഷ്ടിച്ച എല്ലാം തന്നെ അന്യന്റെ മുതല്‍ ആഗ്രഹിച്ചു എന്നതില്‍ നിന്നാണല്ലോ ആരംഭിച്ചിട്ടുള്ളത്. രാമരാവണയുദ്ധം മുതല്‍, മഹാഭാരതയുദ്ധവും ലോകമഹായുദ്ധങ്ങളുമടക്കം ഇന്നത്തെ ഉക്രൈന്, ഗാസ യുദ്ധങ്ങളുടെയും കാരണം മറ്റൊന്നല്ല. അസ്തേയം സ്വീകരിച്ച സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാവില്ല എന്നത് ഉറപ്പല്ലേ?
അപരിഗ്രഹം
അങ്ങേയറ്റത്തെ വിഷമാവസ്ഥയില്‍ പോലും അന്യനില്‍ നിന്നും ഒന്നും സ്വീകരിക്കാതിരിക്കുക എന്നതാണ് അപരിഗ്രഹം. അതായത് അത്യാവശ്യമില്ലാത്തതെല്ലാം സമ്പാദിച്ചുകൂട്ടാനുള്ള വ്യഗ്രത ഉപേക്ഷിക്കുകയാണ് അപരിഗ്രഹം. ‘കുത്തുമ്പോള്‍ വെക്കില്ല, വെക്കുമ്പോള്‍ ഉണ്ണില്ല, ഉണ്ണുമ്പോള്‍ ഉറങ്ങില്ല’ എന്ന പാക്കനാരുടെ നിലപാട് ഇതില്‍ കാണാന്‍ സാധിക്കും. മഗധ സാമ്രാജ്യത്തിന്റെ നേടുംതൂണായിട്ടും കെട്ടുകണക്കിന് കമ്പിളിപ്പുതപ്പുകള്‍ കരുതിവെച്ചിട്ടുള്ള കൊട്ടാരത്തിന്റെ സുഖശീതളിമയില്‍ മയങ്ങിപ്പോകാതെ, നഗരത്തിനു പുറത്തെ കൊച്ചു കുടിലില്‍ വെറും നിലത്ത് പായവിരിച്ച് ഉറങ്ങി ശീലിച്ച ചാണക്യന്റെ നിഷ്ഠയാണ് അപരിഗ്രഹം. രാജ്യത്തിന്റെ സമ്പത്ത് തനിക്കായി ഉപയോഗിക്കതിരിക്കാനുള്ള നിഷ്ഠയാണ് അപരിഗ്രഹം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: