വര്‍ക്കല: പനയറ ത്രിപോരട്ടക്കാവ് ക്ഷേത്രത്തിനു സമീപത്തെ ഏലായുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പനയറ പാലം അപകട ഭീഷണിയില്‍. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. പാലത്തിന്റെ അടിഭാഗം ജീര്‍ണാവസ്ഥയിലായിട്ട് മാസങ്ങളായി. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇടിഞ്ഞു വീണും കമ്പികള്‍ ദ്രവിച്ചും അപകടവസ്ഥയിലായ പാലത്തിന് 65 വര്‍ഷത്തില്‍പ്പരം പഴക്കുമുണ്ട്.
പ്രദേശത്തെ ഒമ്പതോളം സ്കൂളുകളുടെ ബസ്സുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ഒമ്പതോളം പെര്‍മിറ്റ് ബസ്സുകള്‍ തച്ചോട് പനയറ പാലത്തിലൂടെ കടന്ന് കല്ലമ്പലം, പാരിപ്പള്ളി ഭാഗത്തേക്ക് ദിനവും 64 ഓളം ട്രിപ്പുകളാണ് നടത്തുന്നത്. പാലം അപകട ഭീഷണിയില്‍ ആയതോടെ ഏത് നിമിഷവും ഒരു ദുരന്തം ഉണ്ടായേക്കാം എന്നാണ് നാട്ടുകാരുടെ പ്രതികരണം.
പാലത്തിന്റെ ഇരുവശങ്ങളിലും കാട് മൂടി കിടക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ശുചീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. ചെമ്മരുതി പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ പനയറ തൃപ്പൊരിട്ട കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്. വാഹനങ്ങളുടെ തിക്കും തിരക്കും ഈ സമയങ്ങളില്‍ ഉണ്ടാകും. പാലത്തിന് സമീപത്തെ മാലിന്യ നിക്ഷേപത്തിനെതിരെയും അധികൃതര്‍ മുഖം തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി പാലം നവീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സാജു പി.എം
പ്രതികരിക്കാൻ ഇവിടെ എഴുതുക: