തിരുവനന്തപുരം: കിഫ്ബിയിലൂടെയുളള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയാണ് റിപ്പോര്‍ട്ട്. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ പരാമര്‍ശം.
കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്നും ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ ഒഴിഞ്ഞു മാറാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്ഷന് കമ്പനിയുടെ 11206.49 കോടി കുടിശിക സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു. റവന്യൂ വരുമാനം 19.49 ശതമാനം വര്‍ദ്ധിച്ചു.എന്നാല്‍ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാന്‍ വിനിയോഗിക്കുന്നുവെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്കി. വിപണി വില ഈടാക്കിയില്ല. പതിച്ചു നല്കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി കൂട്ടിയില്ല. ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടഞ്ഞില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകള്‍ക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി എജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: