മാവേലിക്കര: വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി ഇന്ന്. പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. 13 കരകളും കെട്ടൊരുക്കുകളുടെ അവസാനവട്ടവും പൂര്‍ത്തിയാക്കി. കുത്തിയോട്ടക്കുട്ടികളെ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് പുലര്‍ച്ചെ ആരംഭിക്കും.
കെട്ടുകാഴ്ച വരവ് പൂര്‍ത്തിയായി ഭഗവതിയുടെ കാഴ്ചകണ്ടത്തിലേക്കുള്ള എഴുന്നള്ളത്തോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്. വൈകിട്ട് നാലോടെ കെട്ടുകാഴ്ചകള്‍ കരകളില്‍ നിന്ന് പുറപ്പെടും. കെട്ടുകാഴ്ചകള്‍ ക്രമമനുസരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് ദേവിയെ വണങ്ങി കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും. രാത്രി ദേവി കെട്ടുകാഴ്ചകള്‍ക്ക് മുന്നിലെത്തി അനുഗ്രഹം ചൊരിയുന്നതോടെ ഈ വര്‍ഷത്തെ കുംഭഭരണി മഹോത്സവത്തിന് സമാപനമാകും.
കഴിഞ്ഞ ദിനരാത്രങ്ങളില്‍ ഈ നാടും നാട്ടുകാരും കൈമെയ് മറന്ന് പ്രയത്നിച്ചാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ തയാറാക്കിയത്. ദേശക്കാരുടെ മെയ്ക്കരുത്തിന്റേയും കരവിരുതിന്റേയും കലാവൈഭവത്തിന്റേയും നേര്‍ക്കാഴ്ചകളാണ് ഓരോ കെട്ടുരുപ്പടികളും. ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ശ്രീദേവിവിലാസം ഹിന്ദുമത കണ്വന്ഷന് ഭാരവാഹികള്‍ അറിയിച്ചു. അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിയ ചെട്ടികുളങ്ങര കെട്ടുകാഴ്ചവരവ് കാണാന്‍ ആയിരങ്ങളാണ് ഓണാട്ടുകരയില്‍ എത്തുന്നത്.
വൈകിട്ട് നാലിന് കരകളില്‍ നിന്നും ആരംഭിച്ച് വയലുകളും വീഥികളും താണ്ടിയാണ് കെട്ടുകാഴ്ചകള്‍ ദേവീദര്‍ശനത്തിനു ശേഷം കാഴ്ച കണ്ടത്തില്‍ ഇറങ്ങുന്നത്. ആദ്യം ഈരേഴ തെക്ക് കരക്കാരാണ് ഇറങ്ങുന്നത്. പിന്നീട് കരകളുടെ ക്രമമനുസരിച്ച് ഈരേഴ വടക്ക്, കൈതതെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നീ കരകളുടെ കെട്ടുകാഴ്ചകള്‍ കാഴ്ച കണ്ടത്തില്‍ ഇറങ്ങും.
പുലര്‍ച്ചെ മൂന്നിന് മണിയോടെ കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ കണ്ട് അനുഗ്രഹിക്കുവാനായി ദേവി ജീവതയിലെഴുന്നള്ളും. ഓരോ കെട്ടുകാഴ്ചകളുടെ സമീപവുമെത്തി കെട്ടുകാഴ്ചകള്‍ കണ്ട് കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ദേവി ക്ഷേത്രത്തിലേക്കു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: