തൊടുപുഴ: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞതായും സംസ്ഥാനത്ത് പ്രതിപക്ഷം തുടരുന്നത് കുറ്റകരമായ നയമെന്നും എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്.
കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടും വാദം അംഗീകരിക്കപ്പെട്ടില്ല. കോടതിയെ സമീപിച്ചവര്‍ തന്നെ ഇപ്പോള്‍ സെറ്റില്‍മെന്റിന് നടക്കുകയാണ്. സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചുവെന്ന ആരോപണം പൂര്‍ണമായും തെറ്റാണ്. വായ്പാ പരിധിയുടെ കാര്യത്തില്‍ കേരളത്തോടും മറ്റ് സംസ്ഥാനങ്ങളോടുമുള്ള സമീപനത്തില്‍ രണ്ട് നീതിയെന്ന ആരോപണവും തെറ്റാണ്. ഇവയൊക്കെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ മാത്രമാണ്.
വേണ്ടത്ര ഹോംവര്‍ക്കില്ലാതെയാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. പണം മുടങ്ങിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരെ വച്ചിട്ട് കേന്ദ്രത്തിനുമേല്‍ കുറ്റം പറയരുത്. 57,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലന്റെ പൊടിപോലുമില്ല. മാസപ്പടി കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നിലുള്ളത്. കിഫ്ബിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നാട്ടില്‍ കുറഞ്ഞ പലിശക്ക് കിട്ടേണ്ട വായ്പ പുറത്ത് നിന്ന് വലിയ തോതിലാണ് എടുത്തിരിക്കുന്നത്. ഈ പണം ആര് തിരിച്ചടയ്ക്കും. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്തി ന്യൂദല്‍ഹിയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തിയത്, ഇതിന് മുടക്കിയത് ജനങ്ങളുടെ നികുതിപ്പണമാണ്. വിഷയത്തില്‍ തെറ്റ് തിരുത്തി ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി എറണാകുളം മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി. സന്തോഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍. സുരേഷ്, വി.എസ്. രതീഷ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.എ. വേലുക്കുട്ടന്, പി.പി സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: